ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (ഫിസിക്‌സില്‍ നോബല്‍ സമ്മാനജേതാവ്)
ശാസ്ത്രീയ ഗവേഷണങ്ങളില്‍ വളരെ ഗൗരവമായി ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെല്ലാം ഒരു കാര്യം ബോധ്യമാകും. മനുഷ്യനേക്കാള്‍ അപാരമാംവിധം ബുദ്ധിശക്തിയില്‍ മുന്നിലുളള ഒരു ആത്മാവ്, ഒരു ശക്തി ഉണ്ടെന്ന്. അതിന്റെ മുന്നില്‍ നാം വിനയാന്വിതരാകും.

വാര്‍ണര്‍ കാള്‍ ഹെയ്‌സന്‍ബെര്‍ഗ് (ഫിസിക്‌സില്‍ നോബല്‍ സമ്മാനജേതാവ്)
പ്രകൃതിശാസ്ത്രത്തിന്റെ സ്ഫടികപാത്രത്തില്‍ നിന്ന് ആദ്യം രുചിക്കുമ്പോള്‍ നിങ്ങള്‍ ഒരു നിരീശ്വരവാദിയാകും. എന്നാല്‍ ആ സ്ഫടികപാത്രത്തിന്റെ അടിത്തട്ടില്‍ ദൈവം നിങ്ങളെ കാത്തിരി ക്കുന്നു.

ആര്‍തര്‍ ഹോളി കാംപ്ടണ്‍ (ഫിസിക്‌സില്‍ നോബല്‍ സമ്മാനജേതാവ്)    
ലോകത്തെകുറിച്ച് കൂടുതല്‍ അറിയുന്തോറും ഇത് ആകസ്മികമായുണ്ടായി എന്ന ധാരണ പതിയെ മാഞ്ഞുമാഞ്ഞുപോകും. അതിനാലാവണം, ഇന്നത്തെ ശാസ്ത്രജ്ഞന്‍മാരില്‍ നിരീശ്വരവാദ ത്തെ പിന്തുണക്കുന്നവര്‍ വളരെ കുറവാണ്.
    
ആര്‍തര്‍ ഷോലോ (ഫിസിക്‌സില്‍ നോബല്‍ സമ്മാനജേതാവ്)
ജീവിതത്തിലെയും പ്രപഞ്ചത്തിലെയും മഹാത്ഭുതങ്ങളുമായി മുഖാമുഖം നില്‍ക്കുമ്പോള്‍ നാം സ്വയം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ട് എന്നാണ് എങ്ങനെ എന്നല്ല. അതിനു ലഭിക്കുന്ന ഉത്തരം മതപരമായതാണ്. ഈ പ്രപഞ്ചത്തിലും എന്റെ ജീവിതത്തിലും ഒരു ദൈവം ആവശ്യമാണെന്ന് ഞാന്‍ അറിയുന്നു.

റോബര്‍ട്ട് ഔമാര്‍ (മാത്തമാറ്റിഷ്യന്‍  സാമ്പത്തികശാസ്ത്രത്തില്‍ നോബല്‍ സമ്മാനജേതാവ്) 
ശാസ്ത്രവും വിശ്വാസവും ഈ ലോകത്തെ കാണാനുളള രണ്ടു വ്യത്യസ്തരീതികളാണ്. രണ്ടും നമ്മുടെ തലയിലുണ്ട്. ലോകത്തെ കാണാന്‍ നമുക്കോരോരുത്തര്‍ക്കും അവരവരുടേതായ രീതിയുണ്ട്. അത് ടിസിയാനോയുടെയോ പിക്കാസോയുടെയോ മാറ്റിസേയുടെയോ പെയിന്റിംഗുകള്‍ നമ്മുടെ വീടുകളില്‍ വയ്ക്കാന്‍ നമുക്കു സ്വാതന്ത്ര്യമുളളതുപോലെയാണ്. ജനങ്ങളെ വ്യത്യസ്ത രീതിയില്‍ ചിത്രീകരിക്കുന്നവയാണവ. അവ പരസ്പരവിരുദ്ധമല്ല. വ്യത്യസ്ഥമാണെന്നും മാത്രം. ഒരു കാര്യം ഓര്‍മ്മിക്കണം. ഈ ലോകത്തെകുറിച്ചുളള ശാസ്ത്രീയ വിശദീകരണം മോഡലുകളെ അടിസ്ഥാനമാക്കി യുളളതാണ്. ലോകമാകട്ടെ ഒരു മോഡലല്ല.

കാര്‍ലോ റുബ്ബിയ (ഫിസിക്‌സില്‍ നോബല്‍ സമ്മാനജേതാവ്) 
നാം ഈ പ്രപഞ്ചത്തിലെ താരാപഥങ്ങളെല്ലാം എണ്ണുകയോ അതിസൂക്ഷ്മാണുക്കളുടെ അസ്തിത്വത്തെ അനലോഗ് രീതിയില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ദൈവത്തിന്റെ അസ്തിത്വത്തെകുറിച്ച് നമുക്ക് യാതൊരു തെളിവും ലഭിച്ചു എന്നു വരില്ല. എന്നാല്‍ ഒരു ഗവേഷകനെന്ന നിലയില്‍, ഈ പ്രപഞ്ച ത്തിലും വസ്തുക്കളുടെ ഉളളിലും കാണുന്ന മനോഹാരിതയും ക്രമവും എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു പ്രപഞ്ച നിരീക്ഷകനെന്ന നിലയില്‍ ഇവയെല്ലാം കണ്ട് ഒരു മഹാശക്തിയെകുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല. ഇതെല്ലാം കേവലം ആകസ്മികമായുണ്ടായതാണെന്ന വാദം എനിക്ക് തീരെ അംഗീകരിക്കാനാവില്ല.

പീറ്റര്‍ ഗ്രൂണ്‍ബര്‍ഗ് (ഫിസിക്‌സില്‍ നോബല്‍ സമ്മാനജേതാവ്)
നാം കാണുന്നതിലും കേള്‍ക്കുന്നതിലും ഉപകരണങ്ങള്‍ കൊണ്ട് രേഖപ്പെടുത്താവുന്നതിലും അപ്പുറം എന്തോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് അനേകം വിശദാംശങ്ങള്‍ നിറഞ്ഞ എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ടതാണ്. അതിനാല്‍ അത് വിശദീകരിക്കുക അസാധ്യമാണ്.