ക്രിസ്തുവിന്റെ അനുയായികള്‍ എന്ന നിലയില്‍ നമ്മള്‍ യേശുഹൃദയത്തെ അനുകരിക്കണമെന്നും, പ്രസംഗങ്ങളില്ലാതെ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവരെ അദ്ദേഹത്തിലേക്ക് നയിക്കണമെന്നും, ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു. കുടുംബ സംബന്ധിയായ മെത്രാന്‍ സിനഡിന്റെ സമാപന ദിനമായ ഒക്‌ടോബര്‍ 25-ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ദിവ്യബലിയര്‍പ്പണവേളയിലാണ്, പിതാവ് അജപാലനത്തെ പറ്റിയുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
ക്രൈസ്തവ കുടുംബങ്ങള്‍ ലോകമാസകലം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പറ്റി മൂന്നാഴ്ചയായി നടന്നു വരുന്ന തീവ്രമായ ചര്‍ച്ചകളുടെ മംഗളകരമായ സമാപനമായിരുന്നു ആ ദിവ്യബലി.
ജറീക്കോയിലെ അന്ധയാചകന്‍ ബര്‍ത്തിമേയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം (മര്‍ക്കോസ് 10:46) പരാമര്‍ശിച്ചുകൊണ്ട്, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് മാത്രം യേശു തൃപ്തനാകുന്നില്ല എന്ന്, പിതാവ് ചൂണ്ടിക്കാട്ടി. ''യേശു നമ്മോട് നേരിട്ട് ഇടപെടാന്‍'' ആഗ്രഹിക്കുന്നു.
അന്ധയാചകനോട് 'നിനക്കെന്താണ് വേണ്ടത്' എന്ന യേശുവിന്റെ ചോദ്യം നിരര്‍ത്ഥകമായി നമുക്ക് തോന്നാം. പക്ഷേ യേശു നമ്മുടെ ആവശ്യങ്ങള്‍ നേരിട്ട് അറിയാന്‍ ആഗ്രഹിക്കുന്നു എന്നാണ് അതിന്റെ ''നമ്മുടെ ജീവിത പ്രശ്‌നങ്ങളും ദുഃഖങ്ങളും നമ്മുടെ നാവില്‍ നിന്നു തന്നെ അറിയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.''
യേശു ശിഷ്യന്മാര്‍ ബര്‍ത്തിമേവൂസിനോട് രണ്ടു വാക്കുകളാണ് പറയുന്നത്. ''ധൈര്യമായിരിക്കുക,'' ''എഴുന്നേല്‍ക്കുക.''
അവര്‍ അവനോട് പ്രഭാഷണം നടത്തിയില്ല. പകരം യേശു പറഞ്ഞത് അവര്‍ ബര്‍ത്തിമേവൂസിനെ അറിയിച്ചു. അതിനുശേഷം അവര്‍ അവനെ യേശുവിന്റെ അടുത്തേക്ക് നയിച്ചു.
''ഇന്നും യേശു തന്റെ അനുയായികളോട് ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്.'' ജനങ്ങളെ തന്റെ കാരുണ്യസ്പര്‍ശത്തിലേക്ക്, അതു വഴി മോചനത്തിലേക്ക് നയിക്കാന്‍ യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
സഹനത്തിന്റെയും സംഘട്ടനത്തിന്റെയും നിമിഷങ്ങളില്‍, പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നമ്മള്‍ യേശുവിന്റെ വാക്കുകള്‍ സ്വീകരിച്ചാല്‍ യേശുവിന്റെ ഹൃദയത്തെ അനുകരിച്ചാല്‍, മാത്രം മതിയാകും എന്ന് പിതാവ് ജനക്കുട്ടത്തെ ഓര്‍മ്മിപ്പിച്ചു.''ഇത് കരുണയുടെ സമയമാണ്.''
കഷ്ടപ്പെടുന്നവരെ കാണുമ്പോള്‍ നമ്മള്‍ രണ്ടു പ്രലോഭനങ്ങളില്‍ വീണുപോകാന്‍ ഇടയുണ്ടെന്ന് പിതാവ് മുന്നറിയിപ്പു നല്‍കി. ഒന്നാമത്തേത്, ബര്‍ത്തിമേവൂസിന്റെ സഹനം കണ്ടില്ലെന്ന് സ്വയം വിശ്വസിപ്പിച്ച് മുന്നോട്ടു പോകുക. തങ്ങളുടെ ആത്മീയതയില്‍ അങ്ങനെയുള്ളതെന്നും ഉള്‍പ്പെടുന്നില്ല എന്ന് സ്വയം ധരിപ്പിക്കുന്ന ഒരു ആത്മീയ വിഭ്രമമാണ് അത്.
ബര്‍ത്തിമേവൂസ് അന്ധനാണെങ്കില്‍ ഇങ്ങനെയുള്ളവര്‍ ബധിരരാണ്. പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി പ്രശ്‌നങ്ങളുടെ വിലാപം കേള്‍ക്കാതിരിക്കുന്നതാണ് എന്ന് അവര്‍ കരുതുന്നു. പ്രശ്‌നങ്ങള്‍ നിങ്ങള്‍ അലസോരപ്പെടുത്തുന്നുവെങ്കില്‍, പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുക എന്നതാണ് അവരുടെ നയം.
ദൈവം കാണിച്ചുതരുന്ന കാഴ്ചകള്‍ കാണാതെ വികലമായ മറ്റൊരു ലോക വീക്ഷണം അവര്‍ വികസിപ്പിച്ചെടുക്കുന്നു.
''ജീവിതത്തില്‍ വേരുറപ്പിക്കാത്ത വിശ്വാസം ആത്മീയതയുടെ നനവില്ലാത്ത വരണ്ടഭൂമികളും മരുഭൂമികളും ഉണ്ടാക്കുന്നു'' അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ പ്രലോഭനം നമ്മുടെ സൗകര്യത്തിനനുസരിച്ച് 'സമയബന്ധിതമായ ഒരു വിശ്വാസം' രൂപപ്പെടുത്തുന്നതാണ്. അങ്ങനെയുള്ളവരുടെ ജീവിതത്തിലേക്ക് പ്രശ്‌നങ്ങള്‍ കടന്നു കയറുന്നത് അവര്‍ക്കിഷ്ടപ്പെടുന്നില്ല. ബര്‍ത്തിമേവൂസ് എന്ന യാചകന്‍ കരഞ്ഞപ്പോള്‍ അവനെ ശകാരിച്ചത് അവരാണ്. ബര്‍ത്തിമേവൂസ് തങ്ങളില്‍ പെട്ടവനല്ലെന്ന് അവര്‍ വിശ്വസിക്കുന്നു.
''യേശു എല്ലാവരെയും ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍.'' അവരുടെ വിലാപങ്ങള്‍ യേശു കേള്‍ക്കുന്നു. നാം അത് കേള്‍ക്കാതിരിക്കരുത് പിതാവ് പറഞ്ഞു.
പാപത്തിന്റെയും നിരാശാവാദത്തിന്റെയും കരീനിഴല്‍ നമ്മുടെ മേല്‍ വീഴാതിരിക്കട്ടെ. പകരം ദൈവത്തിന്റെ കരുണയുടെ പ്രകാശം എല്ലാവര്‍ക്കും വഴി കാണിച്ചു തരട്ടെ. പിതാവ് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.