ക്രൈസ്തവര്‍ തങ്ങളുടെ സുഖസൗകര്യങ്ങളുടെ സുരക്ഷിതവലയത്തിനുളളില്‍ ഒളിക്കാതെ, പുറത്തിറങ്ങി വേദനിക്കുന്നവര്‍ക്ക് സഹായം എത്തിക്കണമെന്ന് വെളളിയാഴ്ച സ്വവസതിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പണ വേളയില്‍ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
    സഭയുടെ നിലപാടുകള്‍ മൃദുലമാകുമ്പോള്‍ സ്വന്തം സുരക്ഷിതവലയത്തില്‍ കയറി വാതിലുകള്‍ അടയ്ക്കുമ്പോള്‍ അവിടെ സേവനം അവസാനിക്കുന്നു. കാര്യലാഭത്തിന് വേണ്ടി മറ്റുളളവരെ ഉപയോഗിക്കാന്‍ തുടങ്ങുന്നു.
    നീതിരഹിതനായ കാര്യസ്ഥന്റെ ഉപമ (ഹൗസല 16:110) ഉദാഹരിച്ചുകൊണ്ടാണ് അന്ന് പിതാവ് സംസാരിച്ചത്. വത്തിക്കാനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കുന്ന രണ്ട് പുസ്തകങ്ങള്‍ തലേ ദിവസം പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രതികരണമായിരുന്നു പാപ്പ നടത്തിയത്.
    കൗശലക്കാരനായ കാര്യസ്ഥന്‍ തന്റെ യജമാനന്റെ സ്വത്ത് സ്വന്തം കാര്യലാഭത്തിനുവേണ്ടി ധൂര്‍ത്തടിക്കുന്നു. സഭയ്ക്കുളളില്‍ പോലും ഇങ്ങനെയുളളവരുണ്ട്. സേവനത്തില്‍ അടിസ്ഥാനമിട്ട് മുന്നോട്ടുപോകുന്നതിനു പകരം ചിലര്‍ സഭയെ പണമുണ്ടാക്കാനുളള ഉപകരണമാക്കി മാറ്റുകയാണ്. സഭയുടെ നേതൃത്വത്തിലോ മറ്റ് ഏത് തലങ്ങളിലോ ആയാലും ഈ വിധത്തില്‍ മനോഭാവമുളളവര്‍ ഉണ്ടാകുന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ് എന്ന് പിതാവ് സൂചിപ്പിച്ചു.
    യേശുവും സുവിശേഷവും നമ്മളോടാവശ്യപ്പെടുന്നത് സേവനനിരതമായ, സമര്‍പ്പിതമായ ഒരു ജീവിതം നയിക്കാനാണ്. സ്ഥാനമാനങ്ങളിലും അത് നേടിത്തരുന്ന സുഖസൗകര്യങ്ങളിലും മുഴുകി തന്റെ ജീവിതദൗത്യം വിസ്മരിച്ച് ജീവിക്കുന്നവര്‍ ഫരിസേയരെപോലെയാണ്. മറ്റുളളവരുടെ ശ്രദ്ധ നേടാനായി അവര്‍ പൊതുസ്ഥലങ്ങളിലെത്തി നന്മ ചെയ്യുന്നതായി ഭാവിക്കുന്നു.
    യേശുവിന്റെ അനുയായികള്‍ എങ്ങിനെയായിരിക്കണം എന്ന് സെന്റ് പോള്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. അവര്‍ യേശുവിന്റെ ദൂതരാണ്. പരിശുദ്ധാത്മാവിനാല്‍ പവിത്രമാക്കപ്പെട്ട പൗരോഹിത്യധര്‍മ്മത്തിലൂടെ അവര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നു. സെന്റ് പോള്‍ ആ വിധത്തിലുളള ഒരു അനുയായി ആയിരുന്നു.
    പുരോഹിതരും കന്യാസ്ത്രീകളും തങ്ങളുടെ അതിദീര്‍ഘങ്ങളായ സേവനദൗത്യങ്ങളെ പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് അത്യധികം സന്തോഷം തോന്നാറുണ്ടെന്ന് പിതാവ് പറഞ്ഞു. അവരില്‍ ചിലര്‍ ആമസോണില്‍ മിഷിനറിമാരായിരുന്നു. മറ്റു ചിലര്‍ ആഫ്രിക്കയില്‍ ആരോഗ്യപ്രവര്‍ത്തകരായിരുന്നു. അങ്ങനെ അനവധി അവരുടെ ജോലികളിലെ സംതൃപ്തി അവരുടെ പുഞ്ചിരിയില്‍ തെളിഞ്ഞു കാണാം. അതാണ് സേവനം. സ്വയം സമര്‍പ്പണത്തിന്റെ മാര്‍ഗ്ഗം. അതാണ് തിരുസഭയുടെ ആഹ്‌ളാദം!
    സെന്റ് പോളിന് ലഭിച്ച ദൈവകൃപ ധാരാളമായി ലഭിക്കാനായി പുരോഹിതരും കന്യാസ്ത്രീകളും പ്രാര്‍ത്ഥിക്കണം എന്ന് പിതാവ് ഉപദേശിച്ചു. സുഖ സൗകര്യങ്ങളും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് യേശുവിന്റെ സേവനത്തിനിറങ്ങിയ സെന്റ് പോള്‍ സന്യാസജീവിതത്തിന്റെ ഏറ്റവും പ്രകാശമേറിയ ഉദാഹരണമാണ്.
    പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പിതാവ് പറഞ്ഞു. 'ദൈവം നമ്മെ പ്രലോഭനങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ. 'ഇരട്ട ജീവിതം' എന്ന തിന്മയില്‍ നിന്നും അകന്നുനില്‍ക്കാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.'