കുടുംബ ബന്ധങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഭക്ഷണ സമയത്ത് നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്മയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ് എന്നും പിതാവ് ആശങ്കപ്പെട്ടു.
''ഭക്ഷണം കഴിക്കാന്‍പോലും ഒരുമിച്ചു കൂടാത്ത ഒരു പറ്റം ആളുകളെ കുടുംബം എന്ന് വിളിക്കാനാവില്ല. ഭക്ഷണമേശയ്ക്ക് ചുറ്റുമിരുന്ന് പരസ്പരം നോക്കുകയും സംസാരിക്കുകയും ചെയ്യാതെ, ടി.വിയോ സ്മാര്‍ട്ട് ഫോണോ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ കൂട്ടത്തെ കുടുംബമാണെന്ന് വിളിക്കാനാവില്ല.'' ബുധനാഴ്ചയിലെ മാര്‍പാപ്പയുടെ പ്രഭാഷണം. ശ്രവിക്കുന്നതിനായി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ ആയിരകണക്കിന് ഭക്തരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ശരത്ക്കാലാന്ത്യം മുതല്‍, പിതാവ് തന്റെ പ്രതിവാര പ്രഭാഷണ പരമ്പരകളില്‍, പരമ പ്രാധാന്യം നല്‍കി വരുന്ന വിഷയമാണ് കുടുംബം. ഒക്‌ടോബര്‍ 4 മുതല്‍ 25 വരെ നടന്ന സിനഡിന്റെയും പ്രധാനവിഷയം കുടുംബം തന്നെയായിരുന്നു.
സിനഡ് അവസാനിച്ചെങ്കിലും, ഇന്നത്തെ സമൂഹത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പ്രാധാന്യം മനസിലാക്കി, പിതാവ് കുടുംബ സംബന്ധിയായ പ്രസംഗ പരമ്പര തുടരുകയാണ്. കഴിഞ്ഞയാഴ്ചയിലെ പ്രഭാഷണത്തില്‍ കുടുംബ ബന്ധങ്ങളില്‍ ക്ഷമയുടെ പ്രാധാന്യത്തെപറ്റി വിശദീകരിച്ച പിതാവ്, ഈ ആഴ്ചയില്‍ കുടുംബത്തിലെ കൂട്ടായ്മയുടെ പ്രാധാന്യത്തെ പറ്റിയാണ് സംസാരിച്ചു തുടങ്ങിയത്.
''നമ്മള്‍ വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തിലെ കൂട്ടായ്മയുടെ പാഠങ്ങള്‍ പഠിക്കുന്നു.''
''ജീവിതത്തിന്റെ സൗന്ദര്യവും സന്തോഷവും പരസ്പരം പങ്കുവെയ്ക്കുന്ന അരങ്ങാണ് കുടുംബം.''
''ഈ കൂട്ടായ്മയുടെയും പങ്കുവെയ്ക്കലിന്റെയും ഉദാത്തമായ ഉദാഹരണം നമുക്ക് കാണാനാവുന്നത്, നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ ഭക്ഷണമേശയ്ക്ക് ചുറ്റുമാണ്.''
    ''മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട്, അന്നത്തെ സന്തോഷവും സങ്കടവും നിറഞ്ഞ അനുഭവങ്ങള്‍ തമ്മില്‍ തമ്മില്‍ പങ്കുവെയ്ക്കുമ്പോള്‍, അവിടെ കുടുംബ ജീവിതത്തിലെ കൂട്ടായ്മയാണ് നാം ദര്‍ശിക്കുന്നത്.''
''ഭക്ഷണമേശയില്‍ പങ്കുവെയ്ക്കപ്പെടുന്നത് ഭക്ഷണം മാത്രമല്ല. മനസ്സുകള്‍ കൂടിയാണ്.''
''കുടുംബ ബന്ധങ്ങളുടെ സ്വഭാവം പെട്ടന്ന് പ്രതിഫലിക്കുന്ന ഒരു കണ്ണാടിയാണ് ഭക്ഷണമേശ. ബന്ധങ്ങളിലുണ്ടാകുന്ന മുറിവുകള്‍ നമുക്ക് ഭക്ഷണമേശയില്‍ കാണാന്‍ കഴിയും. മറ്റാരും അറിയാതെ, ഒരംഗം സ്വയം അനുഭവിക്കുന്ന വൃഥകള്‍ പോലും, തീന്‍മേശയില്‍ മാനസിക തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. എന്തോ ശരിയല്ലെന്ന് പെട്ടന്ന് എല്ലാവര്‍ക്കും ഒരു തോന്നലുണ്ടാകുന്നു. എല്ലാവരും ചേര്‍ന്നുള്ള ഒരു പരിഹാരത്തിന് അത് വഴിയൊഴുക്കുന്നു. കുടുംബത്തിലെ കൂട്ടായ്മയുടെ പ്രയോജനമാണത്.''
വിശുദ്ധ ഗ്രന്ഥത്തിലെ പല പ്രധാന സന്ദര്‍ഭങ്ങളും യേശു തന്റെ ശിഷ്യരോ ടൊത്ത് ഭക്ഷണമേശയിലിരിക്കുന്ന സന്ദര്‍ഭത്തില്‍ സംഭവിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനം നടക്കുന്നതു തന്നെ ഒരു ഭക്ഷണ സമയത്താണ്.
വിശുദ്ധ കുര്‍ബ്ബാന തന്നെ ഒരു ഭക്ഷണമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാന എന്ന ആത്മീയ ഭക്ഷണത്തിന്റെ സമയത്ത് നാം സാര്‍വ്വത്രികമായ ആഗോള കൂട്ടായ്മയില്‍ എത്തിച്ചേരുന്നു. ഈ ആഗോള കൂട്ടായ്മയും നമ്മുടെ തീന്‍മേശയിലുള്ള കുടുംബ കൂട്ടായ്മയും ഒരേ സ്ഥലത്തേയ്ക്ക് തന്നെയാണ് നമ്മെ നയിക്കുന്നത്-ദൈവസ്‌നേഹം!
ഈ കൂട്ടായ്മ നമ്മുടെ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതില്‍ പിതാവ് ഖേദം പ്രകടിപ്പിച്ചു.
ഭക്ഷണം പങ്കുവെയ്ക്കപ്പെടണം എന്ന സന്ദേശവും വിശുദ്ധ കുര്‍ബ്ബാന നമുക്ക് നല്‍കുന്നു.''ഭക്ഷണവും സ്‌നേഹവും നിഷേധിക്കപ്പെട്ടു കഴിയുന്ന, വലിയൊരു വിഭാഗം ജനങ്ങളുണ്ട്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ അവര്‍ കൂടി ഉണ്ടായിരിക്കണം.'' പിതാവ് പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.