ക്രൈസ്തവ സഭയിലെ 'തീ പാറുന്ന പ്രശ്‌നങ്ങളായി' കരുതപ്പെട്ടിരുന്ന 'പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം,' 'സ്വവര്‍ഗ്ഗരതി' എന്നീ പ്രശ്‌നങ്ങളില്‍ തിരുസഭയുടെ അനുശാസനകള്‍, 200-ല്‍ പരം മെത്രാന്മാര്‍ പൂര്‍ണ്ണമായും പിന്‍താങ്ങിക്കൊണ്ട് (മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ) സിനഡ് രേഖ തയ്യാറായി.
ഒക്‌ടോബര്‍ 4-ാം തിയതി ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത സിനഡ്, ഒക്‌ടോബര്‍ 25-നാണ് അവസാനിച്ചത്. ''തിരുസഭയിലും ആധുനിക കാലഘട്ടത്തിലും കുടുംബത്തിന്റെ പങ്ക് ''എന്നതായിരുന്നു ഈ സിനഡിന്റെ മുഖ്യ ചര്‍ച്ചാ വിഷയം. 2014-ല്‍ അസാധാരണ സിനഡില്‍ ചര്‍ച്ച ചെയ്ത വിഷയത്തിന്റെ തുടര്‍ച്ചയായാണ്, ഈ സിനഡ് കുടുംബത്തെ പറ്റിയുള്ള ചര്‍ച്ച ഏറ്റെടുത്തത്.
സിനഡിലെ പ്രധാന ചിന്താവിഷയങ്ങള്‍ എന്ന് പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു കാണിച്ച, 'പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം' 'സ്വവര്‍ഗ്ഗരതി' എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും കുടുംബസംബന്ധിയായ മറ്റനവധി വിഷയങ്ങള്‍ സിനഡില്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടു.
'കുടുംബത്തിനുള്ളിലെ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍, വ്യഭിചാരം, അശ്ലീല സാഹിത്യം, വിവാഹത്തിനുവേണ്ട ഒരുക്കം' ഇങ്ങനെ പലവിധ വിഷയങ്ങള്‍ സിനഡ് മെത്രാന്മാര്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു.
ഒക്‌ടോബര്‍ 24-ലെ ന്യൂസ് കോണ്‍ഫറന്‍സ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള മെത്രാന്മാരുടെ 'ക്രൈസ്തവ ദര്‍ശനത്തിന്റെ ഏകാന്തത' വ്യക്തമാക്കി. സിനഡ് രേഖയിലെ 94 ഖണ്ഡികകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിഭിന്നമായ വോട്ടിംഗ് പെരുമാറ്റം ദൃശ്യമായത്. അതാകട്ടെ, 'പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം' എന്ന വിഷയത്തിലായിരുന്നു.
ഒരു ചെറിയ വിഭാഗം ഈ വിഷയത്തില്‍ സഭയുടെ അനുശാസനങ്ങള്‍ മാറ്റിയാല്‍ കൊള്ളാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും സിനഡ് പൊതുവേ, തിരുസഭയുടെ ഇപ്പോഴത്തെ നിയമങ്ങള്‍ തുടരണമെന്നു തന്നെ നിര്‍ദ്ദേശിച്ചു.
ഇതില്‍ ബന്ധപ്പെട്ട വ്യക്തികളെ, തിരുസഭയുടെ ഇക്കാര്യത്തിലുള്ള അനുശാസനകളെ പറ്റി ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്വം, പുരോഹിതര്‍ നിറവേറ്റണം എന്ന് 85-ാം ഖണ്ഡികയില്‍ പറയുന്നു.
പക്ഷേ, അവരും മാമ്മോദിസ സ്വീകരിച്ച വ്യക്തികളാണെന്നതിനാല്‍, അവരെ ക്രിസ്തീയ സമൂഹത്തിലേക്ക് സ്വീകരിക്കുന്നതില്‍ വൈമനസ്യം അരുത് എന്നും, രേഖ ഓര്‍മ്മിപ്പിക്കുന്നു.
ദിവ്യകാരുണ്യ സ്വീകരണം ഒഴിച്ച്, മതപരമായ ഏതെല്ലാം കാര്യങ്ങളില്‍ അവരെ പങ്കാളികളാക്കാമെന്ന് ചിന്തിക്കണമെന്ന്, 84-ാം ഖണ്ഡികയില്‍ പറയുന്നു. ചില രാജ്യങ്ങളില്‍, (സിവില്‍ നിയമം അനുസരിച്ച് വിവാഹം കഴിച്ച) പുനര്‍വിവാഹിതരെ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നു മാത്രമല്ല, വേദോപദേശം പഠിപ്പിക്കുന്നതില്‍ നിന്നും, കുഞ്ഞുങ്ങളെ തലതൊടുന്നതില്‍ (ഏീറുമൃലിെേവശു) നിന്നുമെല്ലാം വിലക്കിയിരിക്കുന്നതായി സിനഡ് രേഖ സൂചിപ്പിച്ചു.
ഇങ്ങനെയുള്ള കാര്യങ്ങളില്‍ സഭാപരമായ ഒരു സമന്വയം ആവശ്യമാണ് എന്ന് സിനഡ് പുരോഹിതര്‍ രേഖയില്‍ അഭിപ്രായപ്പെടുന്നു.
സഭയുടെ അനുശാസനകള്‍ക്ക് കടകവിരുദ്ധമായ 'സ്വവര്‍ഗ്ഗരതി' എന്ന വിഷയം റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു എന്നു പറയാം. പക്ഷേ, സ്വവര്‍ഗ്ഗരതിക്കാര്‍ അംഗങ്ങളായുള്ള ക്രിസ്തീയ കുടുംബങ്ങളിലെ മറ്റ് അംഗങ്ങള്‍ക്ക്, സഭയുടെ സാന്ത്വനം ലഭ്യമാക്കേണ്ടതുണ്ട് എന്ന് 76-ാം ഖണ്ഡികയില്‍ പറയുന്നു. വിവാഹവു കുടുംബവും ദൈവത്തിന്റെ പദ്ധതിയാണ്. സ്വവര്‍ഗ്ഗ പ്രേമികളുടെ കൂട്ടുകെട്ടിനെ ഒരു വിധത്തിലും ക്രൈസ്തവ ജീവിതവുമായി താരതമ്യം ചെയ്യാനാവില്ല എന്ന് സിനഡ് ഏകകണ്ഠമായി പ്രഖ്യാപിച്ചു.
'സ്വവര്‍ഗ്ഗ കൂട്ടുകെട്ട്' വിവാഹമാണ് എന്ന വാദവുമായി വരുന്ന മതവിരുദ്ധ സംഘങ്ങള്‍, പ്രാദേശിക സഭാനേതൃത്വങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സിനഡ് പുരോഹിതര്‍ അഭിപ്രായപ്പെടുന്നു.
ജീവിതവിഷയങ്ങളായ 'ഗര്‍ഭച്ഛിദ്രം,' 'ഗര്‍ഭനിരോധം' തുടങ്ങിയ വിഷയങ്ങളില്‍, സിനഡിന്റെ അന്തിമ രേഖ, തിരുസഭയുടെ അനുശാസനങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
മനുഷ്യ ജീവന്റെ മഹത്വത്തെ പറ്റി ''മനുഷ്യജീവന്‍ വിശുദ്ധമാണ്, കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ്.'' എന്ന് 33-ാം ഖണ്ഡികയില്‍ പറയുന്നു. അത് തുടരുന്നത് ഇങ്ങനെയാണ്: ജൈവശാസ്ത്രത്തിലെ വിപ്ലവകരമായ പുരോഗതി, സന്താനോല്‍പ്പാദന മാര്‍ഗ്ഗത്തെ തന്നെ മാറ്റിമറിക്കാന്‍ ശ്രമമിടുന്നവയാണ്. ഇതിലെ ഗവേഷണങ്ങള്‍, സ്ത്രീപുരുഷ ബന്ധം ഇല്ലാതെ, കൃത്രിമമായി സന്താനോല്‍പ്പാദനം സാധ്യമാക്കുന്ന തരത്തിലുള്ളതാണ്. ഇത്, വിവാഹ ജീവിതത്തിനും കുടുംബത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാതൃ-പിതൃസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാനും, ജീവന്റെ വിശുദ്ധിയെ തന്നെ നശിപ്പിക്കാനും അത് ഇടയാക്കും എന്ന്, സിനഡ് രേഖ സൂചിപ്പിക്കുന്നു.
വിവാഹത്തിന്റെയും, കുടുംബത്തിന്റെയും, പവിത്രതയും മനോഹാരിതയും, അതിന്റെ അഭേദ്യതയും, രേഖയിലുടനീളം എടുത്തു പറയുന്നു.
ഈ വിഷയത്തെ പറ്റി സിനഡിന്റെ ഉദ്ഘാടന വേളയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ സുവിശേഷ ഭാഗങ്ങള്‍ ഉദ്ധരിച്ചു നടത്തിയ പ്രസംഗ ഭാഗങ്ങള്‍, അന്തിമരേഖയിലെ ഒന്നാം ഖണ്ഡികയില്‍ അടങ്ങിയിരിക്കുന്നു. ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു......അവന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും... അവര്‍ ഒന്നായി ചേരും.
''അവരുടെ ബന്ധം അഭേദ്യമാണ്. അവര്‍ മരണം വരെ, ഒരുമിച്ചു ജീവിക്കാന്‍ മാത്രമല്ല, സ്‌നേഹിച്ചു ജീവിക്കാന്‍, ഉടമ്പടിയായിരിക്കുന്നു.''
സെപ്റ്റംബര്‍ 26-ാം തിയതി പിതാവ് ഫിലഡെല്‍ഫിയയിലെ 'ലോക കുടുംബ സംഗമ'ത്തില്‍ ചെയ്ത പ്രസംഗത്തിന്റെ പ്രസക്തഭാവങ്ങള്‍ സിനഡ് രേഖയുടെ രണ്ടാം ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
''ദൈവത്തിന്റെ സ്‌നേഹം അപാരമാണ്.....ദൈവം തന്റെ മകനെ തന്നെ മനുഷ്യരാശിയുടെ രക്ഷയ്ക്കായി അയക്കുന്നു.....തന്റെ മകനെ ദൈവം അയച്ചത് ഒരു കൊട്ടാരത്തിലേക്കല്ല, ഒരു നഗരത്തിലേക്കല്ല,'' ''....അയച്ചത് ഒരു കുടുംബത്തിലേക്കാണ്. ദൈവപുത്രന്‍ ലോകത്തിലെത്തിയത് ഒരു കുടുംബത്തിലൂടെയാണ്. അതാണ് കുടുംബത്തിന്റെ മാഹാത്മ്യം.' കുടുംബമെന്നത് സ്‌നേഹത്തിന്റയും, വെച്ചുമാറാനാവാത്ത ജീവ പ്രക്രിയയുടെയും ആധാരമാണെന്ന് 4-ാം ഖണ്ഡികയില്‍ പറയുന്നു.
പിതാവിന് സിനഡിന്റെ അന്തിമ രേഖ വലിയ ആഹ്‌ളാദമുളവാക്കിയെന്ന് വത്തിക്കാന്റെ ഒരു വക്താവ് കര്‍ഡിനാള്‍ ജോര്‍ജ് പെല്‍ അറിയിച്ചു.
''പുതിയ അനുശാസനങ്ങള്‍ ആവശ്യപ്പെടുന്നില്ല, അത്ഭുതങ്ങളില്ല, വ്യത്യാസങ്ങളൊന്നുമില്ല. പകരം, കുടുംബജീവിതത്തിന്റെ മഹത്വത്തെ പറ്റിയുള്ള, അതിന്റെ മനോഹാരിതയെ പറ്റിയുള്ള, നല്ലൊരു രേഖ സുവിശേഷ പ്രചാരണത്തില്‍, മനോഹരമായ കുടുംബമാതൃകകള്‍ നല്‍കുന്ന സന്ദേശത്തിന്റെ ഒരു റിപ്പോര്‍ട്ട്. അതാണ് സിനഡ് രേഖ''