01 - കാനായിലെ വിവാഹ വിരുന്നില്‍ വെള്ളം വീഞ്ഞാക്കി മാറ്റുന്നു.
     (യോഹന്നാന്‍ 2:1-11)

1 മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.2 യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.3 അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.4 യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല.5 അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.6 യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.7 ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.8 ഇനി പകര്‍ന്നു9 കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു.10 അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.11 യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു.

02 - രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു.
     (യോഹന്നാന്‍ 4:43-54)

43 രണ്ടു ദിവസം കഴിഞ്ഞ് അവന്‍ അവിടെനിന്നു ഗലീലിയിലേക്കു പോയി.44  പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.45 അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്തു. എന്തെന്നാല്‍, തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.46 അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്റെ മകന്‍ രോഗബാധിതനായിരുന്നു.47 യേശു യൂദയായില്‍ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്റെ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു.48 അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ.49 അപ്പോള്‍, ആ രാജസേവകന്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, എന്റെ മകന്‍ മരിക്കുംമുമ്പ് വരണമേ! യേശു പറഞ്ഞു:പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും.50 യേശു പറഞ്ഞവചനം വിശ്വസിച്ച് അവന്‍ പോയി.51 പോകുംവഴി മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്‍മാര്‍ എതിരേ വന്നു.52 ഏതു സമയത്താണ് അവന്റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന് അവര്‍ പറഞ്ഞു.53 നിന്റെ മകന്‍ ജീവിക്കും എന്ന് യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു.54 ഇത്‌ യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.

03 - അശുദ്ധാത്മാവ് ബാധിച്ച ഒരുവനെ സുഖപ്പെടുത്തുന്നു.
     (മാര്‍ക്കോസ് 1:21-28, ലൂക്കാ 4:31-37)

21 അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു.22 അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.23 അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു.24 അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍.25 യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.26 അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.27 എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.28 അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.

04 -പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു.
    (മത്തായി 8:14-15, മര്‍ക്കോസ് 1:29-31, ലൂക്കാ 4:38-39)

14 യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.15 അവന്‍ അവളുടെ കൈയില്‍ സ്പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു.
                 
05 - അനേകം പിശാചു ബാധിതരെയും, രോഗികളെയും സുഖപ്പെടുത്തുന്നു.
     (മത്തായി 8:16-17, മ ര്‍ക്കോസ് 1:32-34, ലൂക്കാ 4:40-41)

16 സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്ധാത്മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.17 അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി.

06 - വള്ളങ്ങള്‍ മുങ്ങാറാകുവോളം വലനിറയെ മീന്‍ പിടിക്കുന്നു.
     (ലൂക്കാ 5:1-11)

1 ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു.2 രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍ പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.3 ശിമയോന്റെതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു.4 സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക.5 ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം.6 വലയിറക്കിയപ്പോള്‍ വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി.7 അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.8 ശിമയോന്‍പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു.9 എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അത്ഭുതപ്പെട്ടു.10 അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാര്‍ - യാക്കോബും യോഹന്നാനും വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും.11 വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു.

07 - കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.
     (മത്തായി 8:1-4, മര്‍ക്കോസ് 1:40-45, ലൂക്കാ 5:12-14)

1 യേശു മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.2 അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.3 യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു.4 യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്ച ജനത്തിന്റെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.

08 - ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു. (മത്തായി 8:5-13, ലൂക്കാ 7:1-10)

5 യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌ യാചിച്ചു:6 കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു.7 യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം.8 അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും.9 ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു.10 യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല.11  വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.12  രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.13 യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു.

09 - തളര്‍വാത രോഗിയെ സുഖപ്പെടുത്തുന്നു
     (മത്തായി 9:1-8, മര്‍ക്കോസ് 2:1-12, ലൂക്കാ 5: 17-26)

1 യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി.2 അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.3 അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.4 അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്?5 ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?6 ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക.7 അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി.8 ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി..

10 - കൈ ശോഷിച്ച ഒരുവനെ സുഖപ്പെടുത്തുന്നു.
     (മത്തായി 12:9-14, മര്‍ക്കോസ് 3;1-6, ലൂക്കാ 6:6-11)

9 യേശു അവിടെനിന്നു യാത്രതിരിച്ച് അവരുടെ സിനഗോഗിലെത്തി.10 അവിടെ കൈശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ അവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമാണോ?11 അവന്‍ പറഞ്ഞു: നിങ്ങളിലാരാണ്, തന്റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്?12 ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, സാബത്തില്‍ നന്‍മചെയ്യുക അനുവദനീയമാണ്.13 അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖം പ്രാപിച്ച് മറ്റേ കൈപോലെയായി.14 ഫരിസേയര്‍ അവിടെനിന്നു പോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന നടത്തി.

11 - വിധവയുടെ ഏകപുത്രനെ പുനര്‍ജീവിപ്പിക്കുന്നു.
     (ലൂക്കാ 7:11-17)

11 അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു.12 അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍ . പട്ടണത്തില്‍നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു.13 അവളെക്കണ്ട് മനസലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ.14 അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.15 മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു16 എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.17 അവനെപ്പറ്റിയുള്ള ഈ വാര്‍ത്തയൂദയാമുഴുവനിലും പരിസരങ്ങളിലും പരന്നു.

12 - കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു.
     (മത്തായി 8:23-27, മര്‍ക്കോസ് 4:35-41, ലൂക്കാ 8:22-25)

23 യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു.24 കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു.25 ശിഷ്യന്‍മാര്‍ അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്ഷിച്ചു: കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു.26 അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുണ്ടായി.27 അവര്‍ ആശ്ചര്യപ്പെട്ടുപറഞ്ഞു:ഇവന്‍ ആര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നുവല്ലോ!

13 - പിശാചുബാധിതരെ  സുഖപ്പെടുത്തുന്നു
     (മത്താ 8: 28-33), മര്‍ക്കോസ്  5:1-20, ലൂക്കാ 8:26-39)

28 യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു.29 അവര്‍ അട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?30 അവരില്‍ നിന്ന് അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു.31 പിശാചുക്കള്‍ അവനോട് അപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ!32 അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു.33 പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നിമേയ്ക്കുന്നവര്‍ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, പിശാചുബാധിതര്‍ക്കു സംഭവിച്ചതും അറിയിച്ചു.34 അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

14 - രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്നു.
    (മത്തായി 9:20-22, മര്‍ക്കോസ് 5:25-34, ലൂക്കാ 8:42-48)

20 പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു.21 അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു.22 യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.

15 - ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കുന്നു.
     (മത്തായി 9:18-19, 23-26, മര്‍ക്കോസ് 5:21-24, 35-43, ലൂക്കാ 8:40-42,49-56)

18 അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും.19 യേശുവും ശിഷ്യന്‍മാരും അവനോടൊപ്പം പോയി..23 യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു:24 നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു.25 ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ച് ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു.26 ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.

16 - അന്ധര്‍ക്കു കാഴ്ച നല്‍കുന്നു
     (മത്തായി 9:27-31)

27 യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു.28 അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്‍മാര്‍ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു.29 നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു.30 അവരുടെ കണ്ണുകള്‍ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു.31 എന്നാല്‍, അവര്‍ പോയി അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി.

17 - ഊമനെ സുഖമാക്കുന്നു.
     (മത്തായി 9:32-34)

32 അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമനെ ജനങ്ങള്‍ അവന്റെയടുക്കല്‍ കൊണ്ടുവന്നു.33 അവന്‍ പിശാചിനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.34 എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്.

18 - 38 വര്‍ഷമായി ബേത്സഥായിലെ കുളക്കരയില്‍ കിടന്ന ഒരുവനെ
     സുഖപ്പെടുത്തുന്നു. (യോഹ.1
 5:1-5)

1 ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി.2  ജറുസലെമില്‍ രാജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്‌സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചുമണ്‍ഡപങ്ങളും.4 അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു.5 മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു.6 അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ?7 അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.8 യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.9 അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത് ആയിരുന്നു.10  അതിനാല്‍, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്.11 അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു.12 അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്?13 അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ അവന്‍ ആരാണെന്നു സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല.14 പിന്നീട് യേശു ദേവാലയത്തില്‍വച്ച് അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്.15 അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന് യഹൂദരെ അറിയിച്ചു.

19 - അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേര്‍ ഭക്ഷിച്ചു തൃപ്തരാകുന്നു.
     (യോഹന്നാന്‍. 6:1-14, മത്തായി. 14:13-21, മര്‍ക്കോസ്. 6:30-44,ലൂക്ക 9:10-17)

1 യേശു തിബേരിയാസ് എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി.2 വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു.3 യേശു മലയിലേക്കു കയറി ശിഷ്യന്‍മാരോടുകൂടെ അവിടെയിരുന്നു.4 യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു.5 യേശു കണ്ണുകളുയര്‍ത്തി ഒരു വലിയ ജനതതി തന്റെ അടുത്തേക്കു വരുന്നതു കണ്ടു. അവന്‍ പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും?6 അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസ്‌സില്‍ കരുതിയിരുന്നു.7 പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്‍പം വീതം കൊടുക്കുവാന്‍ ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല.8 ശിഷ്യന്‍മാരിലൊരുവനും ശിമയോന്‍ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു:9 അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും പേര്‍ക്ക് അതെന്തുണ്ട്?10 യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു പുല്ലു തഴച്ചുവളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷന്‍മാര്‍ അവിടെ ഇരുന്നു.11 അനന്തരം യേശു അപ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു വിതരണം ചെയ്തു; അതുപോലെതന്നെ മീനും വേണ്ടത്രനല്‍കി.12 അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍.13 അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നു ജനങ്ങള്‍ ഭക്ഷിച്ചതിനുശേഷം മിച്ചം വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു:14 ലോ കത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്.

20 - യേശു വെള്ളത്തിനു മീതെ നടക്കുന്നു.
     (യോഹന്നാന്‍ 6:16-22, മത്തായി 14:22-33, മര്‍ക്കോസ് 6:4552)

16 വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ കടല്‍ക്കരയിലേക്കു പോയി.17 അവര്‍ ഒരു വള്ളത്തില്‍ കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.18  ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടല്‍ ക്‌ഷോഭിച്ചു.19 ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്ന് വളളത്തെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപ്പെട്ടു.20 അവന്‍ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ.21 അവനെ വള്ളത്തില്‍ കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു.22 അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്‍മാരോടുകൂടി യേശു അതില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്‍മാര്‍ തനിയേ ആണു പോയതെന്നും കടലിന്റെ മറുകരെ നിന്ന ആളുകള്‍ പിറ്റെദിവസം മനസ്‌സിലാക്കി.

21 - ഗനേസറത്തില്‍ അനേകം രോഗികള്‍ സുഖം പ്രാപിക്കുന്നു.
    (മത്തായി 14:34-36, മര്‍ക്കോസ് 6:53-56)


34 അവര്‍ കടല്‍ കടന്ന് ഗനേസറത്തിലെത്തി.35 അവിടത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു.36 അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയുംചെയ്തു.

22 - കാനാന്‍കാരിയുടെ മകളെ പിശാച് ബാധയില്‍ നിന്ന് സുഖപ്പെടുത്തുന്നു.
    (മത്തായി 15:21-28, മര്‍ക്കോസ് 7:24-30)

21 യേശു അവിടെ നിന്നു പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി.22 അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു.23 എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്‍മാര്‍ അവനോട് അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ.24 അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്.25 എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു.26 അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.27 അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കളും യജമാനന്‍മാരുടെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.28 യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

23 - ബധിരനെ സുഖപ്പെടുത്തുന്നു.
     (മര്‍ക്കോസ് 7:31-37)

31 അവന്‍ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കുപോയി.32 ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്റെ മേല്‍ കൈകള്‍വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു.33 യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു.34 സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നര്‍ഥം.35 ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു.36 ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു.37 അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാര ശക്തിയും നല്‍കുന്നു.

24 - ഏഴ് അപ്പം കൊണ്ട് നാലായിരം പേര്‍ ഭക്ഷിച്ചു തൃപ്തരാകുന്നു.
     (മത്തായി 15:32-39, മര്‍ക്കോസ് 8:1-13)  

32 യേശു ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാന്‍യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല.33 ശിഷ്യന്‍മാര്‍ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും?34 യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്‌സ്യവും ഉണ്ട്.35 ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ട്,36 അവന്‍ ഏഴപ്പവും മത്‌സ്യവും എടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചു തൃപ്തരായി.37 ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.38 ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്‍മാരായിരുന്നു.39 ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവന്‍ വഞ്ചിയില്‍ കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.    

25 - അന്ധനു കാഴ്ച നല്‍കുന്നു.
     (മര്‍ക്കോസ് 8:22-26)

22 പിന്നീട് അവന്‍ ബേത്‌സയ്ദായിലെത്തി. കുറെപ്പേര്‍ ഒരു അന്ധനെ അവന്റെ യടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു.23 അവന്‍ അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെ മേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ?24 നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു.25 വീണ്ടും യേശു അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയുംചെയ്തു. അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു.26 ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുത് എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചു.

26 - ജന്മനാ അന്ധനായ ഒരുവനു കാഴ്ച നല്‍കുന്നു.
     (യോഹന്നാന്‍ 9:1-12)

1 അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു.2 ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ?3 യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.4  എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു.5  ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.6 ഇതു പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ പൂശിയിട്ട്,7 അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്ക്കപ്പെട്ടവന്‍ എന്നര്‍ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.8 അയല്‍ക്കാരും അവനെ മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നവന്‍?9 ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ.10 അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടത്?11 അവന്‍ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്കു കാഴ്ച ലഭിച്ചു.12 എന്നിട്ട് അവനെവിടെ എന്ന് അവര്‍ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന് അവന്‍ മറുപടി പറഞ്ഞു.

27 - അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നു.
     (മത്തായി. 17:14-21, മര്‍ക്കോസ് 9:14-29, ലൂക്കാ. 9:37-43)

14 അവര്‍ ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ പ്രണമിച്ചുകൊണ്ടു പറഞ്ഞു:15 കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു.16 ഞാന്‍ അവനെ നിന്റെ ശിഷ്യന്‍മാരുടെ അടുത്തുകൊണ്ടുവന്നു. പക്‌ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.17 യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക.18 യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു.19 അനന്തരം ശിഷ്യന്‍മാര്‍ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്?20 യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും.21  നിങ്ങള്‍ക്ക്‌യാതൊന്നും അസാധ്യമായിരിക്കുകയില്ല.

28 - മത്സ്യത്തിന്റെ വായില്‍ നിന്നും നാണയം എടുത്ത് നികുതി കൊടുക്കുന്നു.
     (മത്തായി 17:24-27)

24 അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ?25 അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്‍മാര്‍ ആരില്‍ നിന്നാണ് നികുതിയോചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്‍മാരില്‍ നിന്നോ, അന്യരില്‍ നിന്നോ?26 അന്യരില്‍ നിന്ന്  പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ;27 എങ്കിലുംഅവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക.

29 - അന്ധനും, ഊമനുമായ ഒരു പിശാചു ബാധിതനെ സുഖപ്പെടുത്തുന്നു.
     (മത്തായി 12:22-23, ലൂക്കാ 11:14-23)

22 അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്തു.23 ജനക്കൂട്ടം മുഴുവന്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്‍?

30 - കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു.
    (ലൂക്കാ 13:10-17)

10 ഒരു സാബത്തില്‍ അവന്‍ ഒരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.11 പതിനെട്ടു വര്‍ഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു.12 യേശു അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു.13 അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്ക്ഷണം അവള്‍ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.14 യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങള്‍ ഉണ്ട്. ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല.15 അപ്പോള്‍ കര്‍ത്താവു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ കാളയെയോ കഴുതയെയോ തൊഴുത്തില്‍ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ?16 പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?17 ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍ അവന്‍ ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.

31 - മഹോദരരോഗിയെ സുഖപ്പെടുത്തുന്നു.
    (ലൂക്ക 14:1-6)

1 ഒരു സാബത്തില്‍ അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷ ണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.2 അവിടെ ഒരു മഹോദര രോഗി ഉണ്ടായിരുന്നു.3 യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമോ അല്ലയോ?4 അവര്‍ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു.5 അനന്തരം അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചു കയറ്റാത്ത വനായി നിങ്ങളില്‍ ആരുണ്ട്?6 മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

32 -പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു.
    (ലൂക്കാ 17:11-19)

11 ജറൂസലെമിലേക്കുള്ളയാത്രയില്‍ അവന്‍ സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു.12 അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടു.13 അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന് അപേക്ഷിച്ചു.14 അവരെക്ക ണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്‍മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍. പോകുംവഴി അവര്‍ സുഖം പ്രാപിച്ചു.15 അവരില്‍ ഒരുവന്‍ , താന്‍ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു.16 അവന്‍ യേശുവിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു.17 യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര്‍ എവിടെ?18 ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?19 അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

33 - ലാസറിനെ ഉയിര്‍പ്പിക്കുന്നു.
    (യോഹന്നാന്‍ 11:38-44)

38  യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിന്‍മേല്‍ ഒരു കല്ലും വച്ചിരുന്നു.39 യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്.40 യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?41 അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു.42 അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്.43 ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക.44 അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.

34 - ബര്‍തിമേയൂസിനു കാഴ്ച നല്‍കുന്നു.
    (മര്‍ക്കോസ് 10:46-52, മത്തായി 20:29-34, ലൂക്കാ 18:35-43)

46  അവര്‍ ജറീക്കൊയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു.47 നസറായനായ യേശുവാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!48 നിശ്ശബ്ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ!49 യേശു പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; യേശു നിന്നെ വിളിക്കുന്നു.50 അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേശുവിന്റെ അടുത്തെത്തി.51 യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.52 യേശു പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ യേശുവിനെ അനുഗമിച്ചു.

35 - അത്തിവൃക്ഷത്തെ ശപിക്കുന്നു. (മത്തായി 21:18-22, മര്‍ക്കോസ് 11:12-14)

18 പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.19 വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.20 ഇതുകണ്ട് ശിഷ്യന്‍മാര്‍ അത്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.21  യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.22 വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

36 - പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി വലത്തുചെവി ഛേദിച്ചത് യേശു തൊട്ട് സുഖപ്പെടുത്തി. (ലൂക്കാ 22:50-51)

50 അവരിലൊരുവന്‍ പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചു.51 അതുകണ്ട് യേശു പറഞ്ഞു: നിര്‍ത്തൂ! അനന്തരം, യേശു അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി.


37 - യേശു ഉയര്‍പ്പിക്കപ്പെട്ട ശേഷം ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെട്ട് കല്‍പ്പിച്ചതനുസരിച്ച് ശിഷ്യന്മാര്‍ വള്ളത്തിന്റെ വലതുവശത്ത് വല ഇട്ടപ്പോള്‍ വലനിറയെ മത്സ്യം കിട്ടി. (യോഹന്നാന്‍ 21:4-14)
4  ഉഷസ്‌സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്‍മാര്‍ അറിഞ്ഞില്ല.5  യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു.6  അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.7 യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്‌നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.8 എന്നാല്‍, മറ്റു ശിഷ്യന്‍മാര്‍ മീന്‍ നിറഞ്ഞവലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.9 കരയ്ക്കിറങ്ങിയപ്പോള്‍ തീകൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു.10 യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.11 ഉടനെ ശിമയോന്‍പത്രോസ് വള്ളത്തില്‍ കയറി വലിയ മത്‌സ്യങ്ങള്‍കൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയ മ്പത്തിമൂന്നു മത്‌സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12 യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്‍മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു.13 യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്‌സ്യവും. 14 യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.