ക്രി.പി. 347 മുതല്‍ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു ജെറോം. കിഴക്കന്‍ യൂറോപ്പിലെ സ്ട്രിഡോയിലാണ്  അദ്ദേഹം ജനിച്ചതെന്നു കരുതുന്നു. അപാരമായ പാണ്ഡ്യിത്യവും ഭാഷാജ്ഞാനവും  അദ്ദേഹത്തെ ശ്രദ്ധേയനാക്കി.  ജെറോമിന്റെ മുഖ്യ സംഭാവനയെന്ന് കരുതുന്നത്  ബൈബിളിന്റെ 'വുള്‍ഗാത്ത' എന്ന പേരില്‍ പ്രസിദ്ധമായ ലത്തീന്‍ പരിഭാഷയാണ്. കത്തോലിക്ക സഭ ജെറോമിനെ വിശുദ്ധപദവിയില്‍ വണങ്ങുകയും വേദപാരംഗതന്മാരുടെ പട്ടികയില്‍പെടുത്തി ബഹുമാനിക്കുകയും ചെയ്യുന്നു.  വള്‍ഗെയ്റ്റ് ബൈബിള്‍ പരിഭാഷക്ക് ഇന്നും കത്തോലിക്കസഭ  പ്രാമാണികത കല്‍പിക്കുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയും ജെറോമിനെ വിശുദ്ധനായി അംഗീകരിക്കുന്നു. സ്ട്രിഡോണിയത്തിലെ ജെറോം, അനുഗ്രഹീതനായ ജെറോം എന്നീ പേരുകളിലാണ് ആ സഭയില്‍ അദ്ദേഹം  അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുസ്മരണദിനം സെപ്തംബര്‍ 30 ആണ്. റോമാസാമ്രാജ്യത്തിലെ പ്രവിശ്യകളായിരുന്ന പന്നോനിയ , ഡാല്‍മേഷ എന്നിവയുടേയും ഇറ്റലിയുടേയും ഇടയില്‍ അക്വലെയ്ക്ക് സമീപമുള്ള സ്ട്രിഡോണ്‍ എന്ന സ്ഥലത്താണ് ജെറോം ജനിച്ചത്. ഇലിറിയന്‍ ക്രിസ്ത്യാനികളായിരുന്നു മാതാപിതാക്കളെങ്കിലും ശൈശവത്തിനുശേഷമാണ് ജെറോം ജ്ഞാനസ്‌നാനപ്പെട്ടത്.

റോം , ഗോള്‍
ക്രി.വ 360-ലോ 366-ലോ സുഹൃത്ത് ബൊണോസസിനൊപ്പം പ്രസംഗകലയും തത്ത്വശാസ്ത്രവും പഠിക്കാന്‍ അദ്ദേഹം റോമിലേക്ക് പോയി. അവിടെ, വൈയാകരണന്‍ ഡൊണാറ്റസിന് ശിഷ്യപ്പെട്ട  ജെറോം, ഗ്രീക്ക്, ലത്തീന്‍ ഭാഷകളില്‍ അവഗാഹം നേടി. റോമില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും നാളുകളിലൂടെ ജെറോം കടന്നുപോയി. മന: സാക്ഷിയെ  സമാധാനിപ്പിക്കാന്‍ ഞായറാഴ്ചകളില്‍ കാറ്റകോമ്പുകളില്‍ രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍  സന്ദര്‍ശിക്കുന്നത് അദ്ദേഹം പതിവാക്കി.

റോമില്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം ജെറോം സുഹൃത്ത് ബൊണാസസിനൊപ്പം ഗോളിലേക്ക് പോയി ഇന്ന് തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പെടുന്ന ട്രീയര്‍ എന്ന സ്ഥലത്ത് താമസമാക്കി. മതവിഷങ്ങളുടെ ഗൗരവപൂര്‍വ്വമുള്ള പഠനം അദ്ദഹം തുടങ്ങിയത് അക്കാലത്താണ്. റൂഫിനസ് എന്ന സുഹൃത്തിനുവേണ്ടി പോയ്‌ട്യേയിലെ ഹിലരിയുടെ ( ഒശഹമൃ്യ ീള ജീശശേലൃ)െ സങ്കീര്‍ത്തന വ്യാഖ്യാനം  അദ്ദേഹം പകര്‍ത്തിയെഴുതി. തുടര്‍ന്ന് റൂഫിനസിനൊപ്പം ഏതാനും വര്‍ഷങ്ങള്‍ ജെറോം അക്വെലയില്‍ താമസമാക്കി. അവിടെ ക്രിസ്ത്യാനികളുടെ ഒരു സുഹൃദ്‌വലയം അദ്ദേഹത്തെ കേന്ദ്രമാക്കി രൂപം കൊണ്ടു.

ദേശാടനം, രോഗം , ദര്‍ശനം
373 ാം ആണ്ടില്‍ ത്രേസ്, ഏഷ്യാമൈനര്‍ എന്നിവിടങ്ങള്‍ വഴി ചില സുഹൃത്തുക്കള്‍ക്കൊപ്പം ജെറോം വടക്കന്‍ സിറിയയിലെത്തി. ഏറെക്കാലം അദ്ദേഹം താമസിച്ചത് അന്തിയോക്കിയയിലാണ്. അവിടെവച്ച് അദ്ദേഹത്തിന്റെ  സുഹൃത്തുക്കളില്‍ ചിലര്‍. കാലാവസ്ഥയുടെ കാഠിന്യം സഹിക്കാഞ്ഞ്  മരിച്ചു. ജെറോം  തന്നെ ഒന്നിലേറെ വട്ടം ഗുരുതരമായ രോഗാവസ്ഥയിലായി. അത്തരം  അവസ്ഥകളിലൊന്നില്‍ അദ്ദേഹത്തിന്, സിസറോയുടേയും  വിര്‍ജിലിന്റേയും രചനകള്‍  പോലുള്ള മതേതര സാഹിത്യം ആസ്വദിക്കുന്നത് നിര്‍ത്തി ദൈവികവിഷയങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍  പ്രേരിപ്പിക്കുന്ന ഒരു ദര്‍ശനമുണ്ടായി. മരണാനന്തരം  നിത്യവിധിയാളന്റെ മുന്‍പില്‍ താന്‍ നില്‍ക്കുന്നതായാണ് ജെറേം കണ്ടത്. സ്വന്തം ജീവിതത്തെ ന്യായീകരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ ക്രിസ്ത്യാനിയാണെന്ന് അദ്ദഹം ബോധിപ്പിച്ചു. നീ നുണപറയുന്നു. 'നീ ക്രിസ്ത്യാനിയല്ല, സിസറോണിയനാണ്' എന്ന ശകാരവും തുടര്‍ന്ന് ബോധം കൊടുത്തും വിധമുള്ള ചാട്ടവാറടിയുമാണ് ഇതിനു പ്രതികരണമായി ന്യായാസനത്തില്‍ നിന്ന് കിട്ടിയത്. ഇതേതുടര്‍ന്ന് വര്‍ഷങ്ങളോളം ജെറോം ക്ലാസിക്കുകള്‍ വായിക്കുന്നത് നിര്‍ത്തി ബൈബിളിന്റെ തീവ്രപഠനത്തില്‍ മുഴുകി.  ഇക്കാലത്ത്, താപസര്‍ക്കു യോജിച്ച പ്രായശ്ചിത്ത ജീവിതം ലക്ഷ്യമാക്കി ജെറോം അന്തിയോക്കിയക്ക് തെക്കുപടിഞ്ഞാറുള്ള കാല്‍സിസ് മരുഭൂമിയില്‍ കുറേക്കാലം താമസിച്ചു. വേറെയും ധാരാളം താപസന്‍മാര്‍  അവിടെയുണ്ടായിരുന്നു. അവിടേയും അദ്ദേഹം എഴുത്തും വായനയും തുടര്‍ന്നു  പരിവര്‍ത്തിതനായ ഒരു യഹൂദന്റെ  സഹായത്തോടെ അദ്ദേഹം എബ്രായ ഭാഷ പഠിക്കാന്‍ തുടങ്ങിയത് അവിടെവച്ചാണ്. അന്ത്യോക്കിയയിലെ  യഹൂദവംശജരായ ക്രിസ്ത്യാനികളുമായി ജെറോം എഴുത്തുകുത്തുകള്‍ നടത്തുകയും പുതിയ നിയമത്തിന്റെ അംഗീകൃത സംഹിതയിലുള്‍പ്പെട്ട മത്തായിയുടെ സുവിശേഷത്തിന്റെ സ്രോതസ്സായി അവര്‍ കണക്കാക്കിയിരുന്ന എബ്രായരുടെ സുവിശേഷം എന്ന അകാനോനിക രചനയില്‍ താത്പര്യം കാട്ടുകയും ചെയ്തു.
 

വിശുദ്ധ  ജെറോം, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…