നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും. കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.  വിളിക്കുംമുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും (ഏശയ്യാ 54:7).

അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു (സങ്കീര്‍ത്തനങ്ങള്‍ 50:15).

ദൈവത്തില്‍ നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍. എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ഥങ്ങള്‍ വരുത്തിയവന്‍ തന്നെ നിങ്ങള്‍ക്കു രക്ഷയും നിത്യാനന്ദവും നല്‍കും (ബാറൂക്ക് 4:28-29)
.
ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (1 പത്രോസ് 5:6).

തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും (1 പത്രോസ് 5:10).

പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു (സഖറിയാ 9:12).