ഇറ്റലിയുടെ ഒരു പ്രവിശ്യയാണ് ഉംബ്രിയ. വി. ബനഡിക്റ്റും വി. ഫ്രാന്‍സിസ് അസീസ്സിയുമൊക്കെ ജനിച്ചത് ഈ പുണ്യസ്ഥലത്താണ്. ഉംബ്രിയയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനപട്ടണമാണ് കാസിയാ. കാസിയായില്‍നിന്ന് 3 മൈല്‍ സഞ്ചരിച്ചാല്‍ റൊക്കാപോറേനാ എന്ന താഴ്‌വരയില്‍ എത്താം. ഈ ഗ്രാമത്തിലെ ഒരു കുലീന കര്‍ഷക കുടുംബം, അന്തോണിയോ മന്‍സീനിയും അമാത്താഫെറിയും. ആ ഗ്രാമത്തിലെ ഒരു നല്ല ക്രൈസ്തവസാക്ഷ്യമായിരുന്നു ഇവരുടേത്. അവര്‍ തങ്ങളുടെ ജീവിതവും ഉപദേശവുംവഴി അനേകരെ യേശുവിലേക്ക് അടുപ്പിച്ചു. തകര്‍ന്ന അനേകം കുടുംബങ്ങളെ ഒരുമിച്ച് ചേര്‍ക്കുവാന്‍ ഇവരുടെ ഇടപെടല്‍ സഹായകമായി. യേശുവിന്റെ സമാധാനദൂതന്മാര്‍ എന്നാണ് അവരെ നാട്ടുകാര്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ ഒരു സന്തോഷംമാത്രം ഇവരുടെ കുടുംബത്തെ വിട്ടുനിന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. ഒരു രാത്രി ദൈവദൂതന്‍ അമാത്തായ്ക്ക് പ്രത്യക്ഷപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ നിന്ന് സന്ദേശം അറിയിച്ചു. ദൂതന്‍ പറഞ്ഞു 'ദൈവത്തിന്റെ ഹിതമാണിത്. നിനക്ക് ഒരു മകള്‍ പിറക്കും. ജനനം മുതല്‍ അവളില്‍ വിശുദ്ധിയുടെ മുദ്രപതിഞ്ഞിരിക്കും. അവളില്‍ എല്ലാ പുണ്യങ്ങളും നിറഞ്ഞിരിക്കും. ഈ കുഞ്ഞ് ഭാവിയില്‍ അശരണര്‍ക്ക് സഹായിയും ക്ലേശിതര്‍ക്ക് മധ്യസ്ഥയുമായിരിക്കും. സഭയുടെ വിതാനത്തില്‍ അവള്‍ ഒരു പ്രകാശഗോളമായിരിക്കും'. അമാത്ത ഓടി മന്‍സീനിയെ ഇക്കാര്യം അറിയിച്ചു. അവര്‍ ഇരുവരും മുട്ടിന്മേല്‍ നിന്ന് ദൈവത്തിന് നന്ദിപറഞ്ഞു. നീണ്ട കാത്തിരിപ്പിനുശേഷം കാലം കാത്തിരുന്ന ആ പുണ്യദിനം വന്നു. 1381 മെയ് 22, അമാത്തയ്ക്കും അന്തോണിയോയ്ക്കും ദൈവം ദാനമായി ഒരു പെണ്‍കുഞ്ഞിനെ നല്‍കി. കുഞ്ഞിന് എന്ത് പേരിടണമെന്ന് ചിന്തിച്ച അവസരത്തില്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് അമാത്തായോട് പറഞ്ഞു റീത്താ എന്ന് പേരിടുക. അങ്ങനെ ജനിച്ച് നാല് ദിവസമായപ്പോള്‍ കാസിയാ പള്ളിയില്‍ വെച്ച് കുഞ്ഞിന് ജ്ഞാനസ്‌നാനം നല്‍കി റീത്താ എന്ന് പേരിട്ടു.

കുഞ്ഞുനാള്‍ മുതല്‍ റീത്തായില്‍ നിഷ്‌കളങ്കതയും ഹൃദയനൈമര്‍മ്മല്യവും നിറഞ്ഞുനിന്നു. അവളുടെ ഓരോ പ്രവൃത്തിയും ദൈവികസാന്നിധ്യം നിറഞ്ഞതായിരുന്നു. ആത്മീയതയില്‍ പ്രായത്തിനെക്കാള്‍ വളര്‍ച്ച ദൃശ്യമായിരുന്നു. ദൈവത്തിന് ഇഷ്ടപ്പെടാത്ത ഒരു കാര്യവും കുഞ്ഞുനാളില്‍പോലും ഈ കുഞ്ഞ് ചെയ്തില്ല. എല്ലാ കുട്ടികളും കളിക്കോപ്പുകളുമായി ഉല്ലസിക്കുമ്പോള്‍ റീത്താക്കുഞ്ഞ് മാത്രം മാറിയിരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. ഈശോയുടെ പീഢാനുഭവമായിരുന്നു. പലപ്പോഴും അവളുടെ ധ്യാനവിഷയം. പള്ളിയില്‍ പോകാന്‍ അവള്‍ക്ക് വലിയ താല്‍പര്യമായിരുന്നു. ദേവാലയത്തില്‍ ചെന്ന് മുട്ടിന്മേല്‍നിന്ന് കുരിശുവരച്ച് കര്‍ത്താവിന്റെ മാലാഖചൊല്ലി യേശുവിന്റെ പീഡാനുഭത്തെപ്പറ്റി ധ്യാനിച്ചു പ്രാര്‍ത്ഥിക്കും. ആ കാലഘട്ടത്തിലെ രീതിയനുസരിച്ച് പെണ്‍കുട്ടികള്‍ പന്ത്രണ്ടാം വയസ്സില്‍ ഭാവി തീരുമാനം എടുക്കണം. വൃദ്ധരായ മാതാപിതാക്കള്‍ മക്കള്‍ക്ക് വിവാഹാലോചനകള്‍ ആരംഭിച്ചു. എന്നാല്‍ റീത്തായാകട്ടെ തന്റെ കന്യാത്വം ദൈവത്തിന് സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചു. ഒരു ദിവസം അവള്‍ തന്റെ ആഗ്രഹം മാതാപിതാക്കളോട് തുറന്നുപറഞ്ഞു. അവര്‍ ഞെട്ടിപ്പോയി. വൃദ്ധരായ തങ്ങളെ ശുശ്രൂഷിക്കുവാനുള്ളവള്‍ മഠത്തിലേക്ക് പോകുന്നുവോ.! അവരുടെ നെറ്റി ചുളിഞ്ഞു. മുഖത്ത് അതൃപ്തി പ്രകടമായി. തുടര്‍ന്ന്‌വന്ന ദിവസങ്ങളിലെല്ലാം റീത്തായും മാതാപിതാക്കളും തമ്മില്‍ ഒരു വടംവലിതന്നെ നടന്നു.

അവസാനം തന്റെ ആഗ്രഹം ഉപേക്ഷിച്ച് മാതാപിതാക്കളെ അനുസരിക്കുവാന്‍ അവള്‍ തീരുമാനമെടുത്തു. എങ്കിലും ഒരു സിസ്റ്ററാകണമെന്നുള്ള തന്റെ ആഗ്രഹം ഉപേക്ഷിക്കാതെ ഹൃദയത്തിനുള്ളില്‍ സൂക്ഷിച്ചു. റീത്തായ്ക്ക് വിവാഹാലോചനകള്‍ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു. തന്റെ ഭാവി വരനെപ്പറ്റിയുള്ള തീരുമാനം അവള്‍ മാതാപിതാക്കള്‍ക്ക് വിട്ടു. അവര്‍ ഫെര്‍ഡിനാന്‍ദോ എന്ന യുവാവിനെ തങ്ങളുടെ മകളുടെ ഭര്‍ത്താവായി തിരഞ്ഞെടുത്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ വിവാഹിതരായി. വിവാഹത്തിന്റെ ആദ്യദിനങ്ങള്‍ വളരെ സന്തോഷകരമായിരുന്നു. അവര്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു. കൊട്ടാരസദൃശ്യമായ ഭര്‍തൃഭവനത്തിലെ റീത്തായുടെ ജീവിതം ഒരു ഉത്തമഭാര്യയുടേതായിരുന്നു. എങ്കിലും സമ്പന്നകുടുംബത്തിന്റെ ബാഹ്യമായ ആഘോഷങ്ങളിലൊന്നും അവള്‍ പങ്കെടുത്തില്ല. ദിവസങ്ങള്‍ കടന്നുപോയി ഫെര്‍ഡിനാന്‍ദോ തന്റെ തനിനിറം പുറത്തെടുത്തു. അദ്ദേഹം റീത്തായെ മര്‍ദ്ദിക്കുകയും പരുഷമായി പെരുമാറുകയും ചെയ്തു. നിസ്സാരകാര്യങ്ങള്‍ക്കുപോലും ദേഷ്യപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്യുക അവന്റെ പതിവായി. കൂട്ടുകാരുമൊത്ത് ആനന്ദിക്കുന്നതില്‍ അവന്‍ സമയം ചെലവഴിച്ചു. അവരുമൊത്ത് ചൂതുകളിയില്‍ ഏര്‍പ്പെട്ടു. കുടുംബത്തിലെ പണം ചോര്‍ന്നു പോകാന്‍ ഇത് ഇടയാക്കി.

റീത്താ ഒറ്റപ്പെട്ടവളും തഴയപ്പെട്ടവളുമായി. എങ്കിലും അവള്‍ ഭര്‍ത്താവിന്റെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍പ്പോലും മറ്റുള്ളവരുടെ മുന്‍പില്‍ ഭര്‍ത്താവിനെ മോശക്കാരനോ ദുര്‍മാര്‍ഗ്ഗിയോ ആയി ചിത്രീകരിച്ചില്ല. എല്ലാം ക്ഷമയോടെ സഹിച്ചു. കുഞ്ഞുനാളിലെ പീഢാനുഭവധ്യാനം ജീവിതപ്രശ്‌നങ്ങളുടെ നടുവില്‍ പിടിച്ചു നില്‍ക്കാന്‍ സഹായകമായി. റീത്താ കര്‍ത്താവിന്റെ മുന്‍പില്‍ കണ്ണുനീരോടെ പ്രാര്‍ത്ഥനയാരംഭിച്ചു. ഉപവാസവും പ്രായശ്ചിത്ത പ്രവൃത്തികളും ചെയ്തു. ഒരിക്കല്‍പ്പോലും അവള്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബഹുമാനിച്ചും അനുസരിച്ചു ജീവിച്ചു. ആ നാട്ടിലെ ആദര്‍ശഭാര്യയായി അവള്‍ മാറി. അനേകം കുടുംബിനികള്‍ക്ക് റീത്താ മാതൃകയായി. ഭര്‍ത്താവ് മദ്യപിച്ച് തന്റെ നേരെ ചെയ്ത അതിക്രമങ്ങള്‍ എന്തെല്ലാമാണെന്നും അതുവഴി കുടുംബത്തുണ്ടായ നഷ്ടം എത്രമാത്രമാണെന്നും ഫെര്‍ഡിനാന്‍ദോയ്ക്ക് സുബോധം വരുമ്പോള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അവള്‍ ശ്രമിച്ചു. റീത്തായുടെ വിധേയത്വവും പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഫെര്‍ഡിനാന്‍ദോയുടെ മനമിളക്കി. അവന് താന്‍ ചെയ്ത കാര്യങ്ങളെയോര്‍ത്ത് കുറ്റബോധം തോന്നുകയും ആ ചിന്ത മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്റെ കോപം ശമിച്ചു. റീത്തായോടുള്ള പീഡനം അവസാനിപ്പിച്ചു. മദ്യപാനവും മോശമായ കൂട്ടുകെട്ടും ഉപേക്ഷിച്ചു. അനുതാപവും ലജ്ജയും അവനെ മഥിച്ചു. ഒരു നല്ല ഭാര്യയെ തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു.

റീത്തായുടെ പെരുമാറ്റം ഫെര്‍ഡിനാന്‍ദോയെ ഒരു നല്ല ക്രിസ്ത്യാനിയാക്കി മാറ്റി. അവന്‍ നന്മയുടെ പടവുകള്‍ വേഗത്തില്‍ ചവിട്ടികയറി. ഫെര്‍ഡിനാന്‍ദോയുടെ മാനസാന്തരത്തിനുശേഷം അവരുടെ കുടുംബജീവിതത്തില്‍ അനുഗ്രഹമഴ പെയ്യാന്‍ തുടങ്ങി. ഈ ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ രണ്ട് കുസുമങ്ങള്‍ വിരിഞ്ഞു. ആദ്യ കുഞ്ഞിന് ജിയോവാനിയെന്നും രണ്ടാമത്തെ കുഞ്ഞിന് പാവലോയെന്നും പേരിട്ടു. മക്കളെ അവര്‍ അതീവ ശ്രദ്ധയോടെ ക്രിസ്തീയവിശ്വാസത്തില്‍ വളര്‍ത്തി. ബൈബിള്‍കഥകളും ക്രിസ്തീയ മൂല്യങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുത്തു. പിതാവായ ഫെര്‍ഡിനാന്‍ദോ അവര്‍ക്ക് നല്ല  മാതൃകയായി. ഈ സമയത്താണ് റീത്തായുടെ ഹൃദയത്തെ ഭേദിച്ച ആ സംഭവം ഉണ്ടായത്. മാനസാന്തരത്തിനുശേഷം ജീവിതം വളരെ ശാന്തമായി മുന്നേറുന്ന അവസരത്തിലാണ് ആ ദാരുണമായ സംഭവം നടന്നത്. ഫെര്‍ഡിനാന്‍ദോ മാനസാന്തരപ്പെട്ടെങ്കിലും പണ്ട് അവന്‍ പീഡിപ്പിച്ച അനേകര്‍ അവനോട് പകവീട്ടാന്‍ കാത്തിരുന്നു. ഒരു ദിവസം റോക്കോപ്പോറേനായിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍കാലശത്രുക്കള്‍ അവനെതിരെ ചീറിയടുത്തു. അവര്‍ കരുതി വച്ചിരുന്ന കഠാര ഫെര്‍ഡിനാന്‍ദോയുടെ ശരീരത്തില്‍ കുത്തിയിറക്കി. ഫെര്‍ഡിനാന്‍ദോ മരിച്ചു എന്ന് മനസ്സിലാക്കിയ അവര്‍ മൃതശരീരം പെരുവഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

റീത്താ വീണ്ടും ഒറ്റപ്പെട്ടു. ഭര്‍ത്താവിന്റെ മരണം അവളെ ദുഃഖത്തിലാഴ്ത്തി. ഭര്‍ത്താവ് അന്ത്യകൂദാശ സ്വീകരിക്കാതെയാണ് മരിച്ചതെന്നുള്ള ചിന്ത അവളുടെ ദുഃഖം വര്‍ധിപ്പിച്ചു. ഉത്തമഭാര്യയെന്ന നിലയില്‍ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥകളും ബലികളും ദൈവസന്നിധിയില്‍ അര്‍പ്പിച്ചു. ഒരു ദിവസം കണ്ണുനീരോടെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ദൂതന്‍ റീത്തായ്ക്ക് പ്രത്യക്ഷപ്പെട്ടു. ദൈവദൂതന്‍ പറഞ്ഞു 'റീത്താ നിന്റെ പ്രാര്‍ത്ഥനകളും പ്രായ്ശ്ചിത്ത പ്രവൃത്തികളും ദൈവം കണ്ടിരിക്കുന്നു. നിന്റെ ഭര്‍ത്താവിന്റെ ആത്മാവിനെ ദൈവം സ്വീകരിച്ചിരിക്കുന്നു.' അവള്‍ ദൈവത്തെ സ്തുതിച്ചു. അതോടെ അവളുടെ ഏങ്ങലടി നിലച്ചു. അവള്‍ എല്ലാ സാഹചര്യങ്ങളും ഉള്‍ക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഭര്‍ത്താവിന്റെ മരണശേഷം റീത്താ തന്റെ ഭക്താഭ്യാസങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ശരീരത്തെ സ്വയം പീഡിപ്പിക്കുകയും, ചമ്മട്ടി കൊണ്ട് അടിക്കുകയും ചെയ്ത് യേശുവിന്റെ സഹനത്തില്‍ പങ്കു ചേര്‍ന്നു. സഭയിലെ നോമ്പ് ദിനങ്ങളില്‍ അവള്‍ കഠിനമായി ഉപവസിച്ചിരുന്നു. ഇതുകൂടാതെ ഇടയ്ക്കിടയ്ക്ക് ഉപവാസമിരിക്കുന്ന രീതിയും അവള്‍ക്കുണ്ടായിരുന്നു. മാതാവിന്റെ തിരുന്നാള്‍ ദിവസങ്ങള്‍ പ്രത്യേകം ആഘോഷിച്ചിരുന്നു. അതിന് ഒരുക്കമായി തലേദിവസം നന്നായി ഉപവസിച്ച് പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ചെയ്തിരുന്നു. അത്ഭുതരോഗശാന്തിവരം ഇക്കാലത്തുതന്നെ റീത്താപുണ്യവതിക്കുണ്ടായിരുന്നു. അവള്‍ ഒരു 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലിയാല്‍ രോഗികള്‍ സുഖപ്പെടുമായിരുന്നു. റീത്ത മക്കളെ ദൈവഭക്തിയിലും സുകൃതത്തിലും വളര്‍ത്തി. എന്നാല്‍ കൗമാരം പിന്നിട്ടതോടെ അവരുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ആരംഭിച്ചു.

തങ്ങളുടെ പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യണമെന്നുള്ള ചിന്ത അവരെ ഗ്രസിച്ചു. പിതാവിന്റെ ഘാതകരെപ്പറ്റി കുട്ടികള്‍ ഇടയ്ക്കിടയ്ക്ക് സംസാരിക്കുന്നത് റീത്താ കേട്ടു. ഒരു ദിവസം ഈ കുട്ടികള്‍ ഒരു ഉറച്ച തീരുമാനത്തിലെത്തി , പിതാവിന്റെ ഘാതകരെ കൊല്ലുകതന്നെ. അവരുടെ സംസാരം കേട്ട് റീത്താ ഞെട്ടിപ്പോയി. അവള്‍ മക്കളെ അടുത്തുവിളിച്ച് ക്ഷമിക്കുന്ന സ്‌നേഹത്തെപ്പറ്റിയും, ക്രൂശിതന്റെ ക്ഷമയെപ്പറ്റിയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. എന്നാല്‍ കുഞ്ഞുമനസ്സില്‍ ഘാതകരോടുള്ള വൈരാഗ്യം കൂടിവന്നതേയുള്ളൂ. കുട്ടികളുടെ ദുരവസ്ഥ മനസ്സിലാക്കിയ റീത്താ ക്രൂശിതന്റെ അടുക്കലേക്കോടി. നാഥന്റെ മുന്‍പില്‍ ഹൃദയവികാരങ്ങള്‍ ഇറക്കിവെച്ച് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. അവള്‍ മനംനൊന്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. 'ഓ ദിവ്യനാഥാ ഒന്നുകില്‍ എന്റെ മക്കളുടെ മനസ്സ് മാറ്റിതത്തരുക അല്ലെങ്കില്‍ അവരുടെ ജീവന്‍ അങ്ങ് എടുത്തുകൊള്ളുക. അവരുടെ ആത്മാവ് നിത്യനരകത്തിന് അര്‍ഹരാകുന്നതിനേക്കാള്‍ ഭേദം മരിച്ച് സ്വര്‍ഗ്ഗം പൂകുന്നതാണല്ലോ.' അവള്‍ മക്കളോടുപറഞ്ഞു 'പ്രതികാരം നിങ്ങള്‍ക്കുള്ളതല്ല. ആരോടും പ്രതികാരം ചെയ്യരുത്.

അടക്കാനാവാത്ത കോപം ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ക്രൂശിതരൂപത്തെ നോക്കി ഏറെസമയം ധ്യാനിക്കണം. അപ്പോള്‍ നിങ്ങളുടെ കോപം ഇല്ലാതാകും.' റീത്തായുടെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗം സ്വീകരിച്ചു. തന്റെ മക്കളുടെ നിത്യനാശം ആഗ്രഹിക്കാത്ത സ്വര്‍ഗ്ഗസ്ഥനായ പിതാവ് ആ കുട്ടികളെ രണ്ടു പേരെയും തന്റെ പക്കലേക്ക് തിരികെ വിളിച്ചു. ആ വര്‍ഷം തന്നെ റീത്തായുടെ രണ്ടു മക്കളും മരണമടഞ്ഞു. റീത്താ ഈ ലോകത്തില്‍ തനിച്ചായി. ഭര്‍ത്താവും മക്കളും അവളെ വിട്ടുപിരിഞ്ഞു. തുടര്‍ന്നുള്ള കുറേനാളുകള്‍ അവള്‍ ഏകാന്തജീവിതം നയിച്ചു. പള്ളിയുടെ ഒരു കോണില്‍ പോയിരുന്ന് ഏറെനേരം പ്രാര്‍ത്ഥിക്കും. ഉപവാസവും പ്രായ്ശ്ചിത്ത പ്രവൃത്തികളും അവള്‍ വര്‍ദ്ധിപ്പിച്ചു. ലളിത ജീവിതമാണ് അവള്‍ നയിച്ചത്. അത്യാവശ്യം മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂ. ഒരു രോമക്കുപ്പായം മാത്രമേ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. വി. അഗസ്തീനോസ് ഹിപ്പോയിലെ മെത്രാനായിരിക്കുമ്പോള്‍ സ്ഥാപിച്ച രണ്ട് മഠങ്ങള്‍ കാസിയായിലുണ്ടായിരുന്നു. റീത്താ ഈ അഗസ്തീനിയന്‍ മഠത്തിലേക്ക് യാത്രയായി. യാത്രയുടെ അവസാനം വി. മേരി മഗ്ദലനാ മഠത്തിലെത്തി. അവിടുത്തെ ചാപ്പലിലിരുന്ന് കുറേനേരം പ്രാര്‍ത്ഥിച്ചു. തന്റെ ഇംഗിതം നാഥനെ അറിയിച്ചിട്ട് തിരികെ ഭവനത്തിലേക്ക് പോന്നു.

വീട്ടിലെത്തിയ അവള്‍ തന്റെ മുറിയിലെ ക്രൂശിതരൂപത്തിന്റെ മുന്‍പിലിരുന്ന് പ്രാര്‍ത്ഥനയാരംഭിച്ചു. പെട്ടെന്ന് ആ ക്രൂശിതരൂപത്തില്‍ നിന്ന് ഒരു പ്രകാശകിരണം റീത്തായുടെ ഹൃദയത്തില്‍ പതിച്ചു. ഒരു ഉള്‍വിളി കിട്ടിയവളെപ്പോലെ വീണ്ടും റീത്താ, മേരി മഗ്ദലനാ മഠത്തിലെത്തി വാതില്‍ക്കല്‍ മുട്ടി. തന്റെ ആഗമനോദ്ദ്യേശം കന്യാസ്ത്രീകളെ അറിയിച്ചപ്പോള്‍ അവര്‍ അവളെ മഠത്തിനുള്ളിലേക്ക് ക്ഷണിച്ചു. മദര്‍, റീത്തായുടെ ജീവിതകഥ മുഴുവനും ശ്രദ്ധിച്ചുകേട്ടു. സംഭാഷണത്തിന്റെ അവസാനം വി. അഗസ്തീനോസിന്റെ ആത്മീയ പുത്രിയാകുവാനുള്ള തന്റെ ആഗ്രഹം മദറിനോട് തുറന്നുപറഞ്ഞു. മഠം സ്ഥാപിച്ച നാള്‍ മുതല്‍ ഇതുവരെ ഒരു വിധവയെ ഇവിടെ കന്യാസ്ത്രീയാക്കിയിട്ടില്ല എന്നതായിരുന്നു മറുപടി. മനം ഇടിഞ്ഞ അവള്‍ മഠത്തില്‍നിന്നിറങ്ങി. വീട്ടിലേക്ക് പോകുന്നതിനു പകരം അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. അവിടെയിരുന്ന് പ്രാര്‍ത്ഥിച്ചൊരുങ്ങിയതിനുശേഷം വീണ്ടും കന്യാസ്ത്രീ ആകുവാനുള്ള ആഗ്രഹവുമായി മഠത്തില്‍ വന്ന് മദറിനെ കണ്ടു. അന്നും മഠത്തിന്റെ വാതില്‍ അവളുടെ മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെട്ടു. സങ്കടത്തോടെ റീത്താ വീട്ടിലേക്ക് യാത്രയായി. വീട്ടിലെത്തിയ അവള്‍ നാഥന്റെ മുന്‍പില്‍ നിരന്തരം യാചിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം രാത്രിയില്‍ പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ ദൈവം റീത്തായോട് സംസാരിച്ചു: 'റീത്താ... റീത്താ... നിന്റെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നു. മഗ്ദലനാ മഠത്തിന്റെ വാതില്‍ നിനക്കായി തുറക്കാന്‍ സമയമായിരിക്കുന്നു.' ഗാംഭീര്യമുള്ള പുരുഷ ശബ്ദം കേട്ട് അവള്‍ വാതില്‍ തുറന്നു. ഒട്ടകരോമം ധരിച്ചൊരാള്‍ അതാ വാതില്‍ക്കല്‍ നില്‍ക്കന്നു. അരയില്‍ തോല്‍വാറുമുണ്ട്. അത് തനിക്കൊത്തിരി ഇഷ്ടപ്പെട്ട വി. സ്‌നാപകയോഹന്നാനാണ് എന്ന് അവള്‍ക്ക് മനസ്സിലായി. തന്നെ അനുഗമിക്കുവാന്‍ അദ്ദേഹം അവളെ ക്ഷണിച്ചു. റീത്താ സന്തോഷത്തോടെ വിശുദ്ധനെ അനുഗമിച്ചു. വഴിയില്‍വച്ച് വി. അഗസ്തീനോസും വി. നിക്കോളോസും പുണ്യവതിക്ക് പ്രത്യക്ഷപ്പെട്ടു. അവരുടെ അകമ്പടിയോടെ അവള്‍ മഠത്തിലേക്ക് ആ രാത്രി യാത്രയായി. ജനലുകളും വാതിലുകളും അടയ്ക്കപ്പെട്ട മഠത്തിന്റെ ആവൃതിക്കുള്ളിലേക്ക് വിശുദ്ധര്‍ റീത്തായെ നയിച്ചു. ആവൃതിക്കുള്ളില്‍ അവളെ എത്തിച്ചശേഷം ഈ വിശുദ്ധര്‍ അപ്രത്യക്ഷരായി. പ്രഭാതത്തിലുണര്‍ന്ന സിസ്റ്റേഴ്‌സ് ആവൃതിക്കുള്ളില്‍ നില്‍ക്കുന്ന റീത്തായെ കണ്ടു ഞെട്ടി. വാതിലും ജനലും ഭദ്രമായി അടച്ചിരുന്ന മഠത്തിനുള്ളില്‍ ഈ അല്‍മായ സ്ത്രീ എങ്ങനെയെത്തി? ആ മഠത്തിലെ മദറിനു മാത്രമേ അവളെ മുന്‍പരിചയം ഉണ്ടായിരുന്നുള്ളൂ. മദര്‍ അവളോട് സംസാരിച്ചു. കഴിഞ്ഞ രാത്രിയില്‍ വിശുദ്ധരുടെ അകമ്പടിയോടെ മഠത്തിനുള്ളിലെത്തിയ സംഭവം എളിമയോടെ റീത്താ പങ്കുവച്ചു. റീത്തായുടെ ജീവിതത്തിലെ ദൈവിക ഇടപെടല്‍ കേട്ട സഹോദരിമാര്‍ ഒന്നടങ്കം വിളിച്ചുപറഞ്ഞു ' നിന്നെ ഞങ്ങളില്‍ ഒരുവളായി സ്വീകരിക്കുന്നു'. മഠത്തിലെ ഒരംഗമായി സ്വീകരിക്കാം എന്നുള്ള വാര്‍ത്ത അവളെ ആനന്ദിപ്പിച്ചു. കുഞ്ഞുനാള്‍ മുതല്‍ ഉള്ളില്‍ കൊണ്ടു നടന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള സമയമായി. ഉറച്ച തീരുമാനത്തോടെ മഠത്തിലേക്ക് കാലെടുത്തുവെച്ചു.

മഗ്ദലനാ മഠത്തില്‍വെച്ച് അഗസ്തീനിയന്‍ സന്യാസിനികളുടെ സഭാവസ്ത്രം സ്വീകരിച്ചു. നവസന്യാസത്തിന്റെ ആരംഭം മുതല്‍തന്നെ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിച്ചു. മഠത്തിലിരുന്ന് നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി. അത്ഭുതകരമായി മഠത്തിലെത്തിയ ദിവസത്തിന്റെ വാര്‍ഷികം ഓരോ വര്‍ഷവും പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ചു. അങ്ങനെ നവസന്യാസകാലഘട്ടം പൂര്‍ത്തീകരിച്ചു. ദാരിദ്ര്യം, കന്യാത്വം, അനുസരണം എന്നീ വ്രതങ്ങള്‍ പാലിച്ചുകൊണ്ട് സമര്‍പ്പണജീവിതം നയിക്കുവാന്‍ തീരുമാനമെടുത്തു. വ്രതവാഗ്ദാന ദിവസം മറ്റു സഹോദരിമാരോടൊപ്പം റീത്തായും വ്രതവാഗാദനം നടത്തി യേശുവിന്റെ മണവാട്ടിയായി. അന്നു രാത്രി തന്റെ മുറിയിലുള്ള ക്രൂശിതരൂപത്തിന്റെ മുന്‍പിലിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്കൊരു സ്വര്‍ഗ്ഗീയ ദര്‍ശനമുണ്ടായി. സ്വര്‍ഗ്ഗം മുട്ടുവോളം ഒരു ഗോവണി. ഈ ഗോവണിയിലൂടെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഈ ദര്‍ശനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ ആവാതെ വിഷമിച്ച അവസരത്തില്‍ ഒരു സ്വരമുണ്ടായി. ''റീത്താ, സ്വര്‍ഗ്ഗസ്ഥനായ ദൈവത്തോട് ഐക്യപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നീ ഈ ഗോവണി കയറേണ്ടിയിരിക്കുന്നു'' ദര്‍ശനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയ റീത്താ സഹനത്തിന്റെ വഴിയിലൂടെ സ്വര്‍ഗ്ഗം പുല്‍കുവാന്‍ തീരുമാനിച്ചു. തന്റെ ചിന്തയില്‍ പോലും ഒരു പാപം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ റീത്താകന്യാസ്ത്രീ പുണ്യത്തില്‍ വളരാന്‍ തുടങ്ങി. റീത്താ ഉറച്ച ബോധ്യത്തോടെ സന്യാസത്തില്‍ മുന്നേറി. ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു. അതിന് ദാരിദ്ര്യം, അനുസരണം, കന്യാത്വം എന്നീ വ്രതങ്ങള്‍ ആവശ്യമാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യമായി. മഠത്തില്‍ ലളിത ജീവിതമാണ് അവള്‍ നയിച്ചത്.

സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ലഭിച്ച ഒരു ഉടുപ്പ് മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ആ വസ്ത്രമാകട്ടെ കീറിയഭാഗം തുണിക്കഷണങ്ങള്‍ വച്ച് കേടുപോക്കിയ രീതിയിലും! മരിച്ചപ്പോഴും ആ ഉടുപ്പ് ധരിപ്പിച്ചാണ് പുണ്യവതിയെ അടക്കിയത്. എന്തു കൊണ്ട് ഇത്ര ദാരിദ്ര്യം എടുക്കുന്നുവെന്ന് മറ്റുള്ളവര്‍ ചോദിച്ചാല്‍ റീത്തായുടെ ഉത്തരം ഇതായിരുന്നു 'ക്രിസ്തുവിന്റെ ദാരിദ്ര്യത്തില്‍ ഞാനും പങ്കു ചേരുകയാണ്. ഇടുങ്ങിയ ഒരു മുറിയാണ് മഠത്തില്‍ അവള്‍ക്കു ലഭിച്ചത്. കഷ്ടിച്ച് ഒരാള്‍ക്ക് മുട്ടുകുത്തുവാനുള്ള സ്ഥലമേ അതിനുണ്ടായിരുന്നുള്ളൂ. എങ്കിലും റീത്താ അതീവ തൃപ്തയായിരുന്നു. മുറിയിലെ ഭിത്തിയില്‍ ഒരു ക്രൂശിതരൂപം വെച്ചിരുന്നു. ഒഴിവുസമയങ്ങളിലെല്ലാം ഈ രൂപത്തിന്റെ മുന്‍പിലിരുന്ന് പ്രാര്‍ത്ഥിക്കും. അനുസരണത്തിന്റെ കാര്യത്തില്‍ മറ്റു സന്യാസിനികളേക്കാള്‍ അവള്‍ ഏറെ മുന്‍പന്തിയിലായിരുന്നു. അധികാരികളുടെ ഒരു വാക്ക് ധിക്കരിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണ് നല്ലതെന്ന് അവള്‍ കരുതി. ചെറുപ്പം മുതല്‍ തന്റെ കന്യാത്വം ദൈവത്തിനായി സമര്‍പ്പിക്കാനാഗ്രഹിച്ച റീത്തായ്ക്ക് മാതാപിതാക്കളുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി വിവാഹം കഴിക്കേ ണ്ടി വന്നു. ഭാര്യയും അമ്മയുമായി ജീവിക്കേണ്ടി വന്നപ്പോഴും സദാസമയവും ആ ജീവിതാന്തസ്സിടുത്ത പരിപൂര്‍ണ്ണ വിശുദ്ധി അവള്‍ പാലിച്ചു.

ഭര്‍ത്താവിന്റെയും മക്കളുടെയും മരണശേഷം അത്ഭുതകരമായി മഠത്തില്‍ പ്രവേശിക്കുകയും മഠത്തിലെ ആവൃതിക്കുള്ളില്‍ ബ്രഹ്മചര്യവ്രതാനുഷ്ഠാനത്തില്‍ മുന്നേറുകയും ചെയ്തു. ശരീരത്തിലും ഹൃദയത്തിലും ചിന്തയിലും പൂര്‍ണ്ണവിശുദ്ധി പാലിച്ചു. വളരെ കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. അതും അളന്നും തൂക്കിയും മാത്രം. സഭയിലെ എല്ലാ പ്രധാനതിരുനാളുകളും അവള്‍ പ്രത്യേകം ആഘോഷിച്ചു. പ്രത്യേക വിശുദ്ധരുടെയും മാതാവിന്റെയും തിരുനാളിന് തലേദിവസം തന്നെ നന്നായി ഉപവസിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. ഉപവാസ ദിവസങ്ങളിലും തന്റെ ജോലികള്‍ക്കൊന്നും കുറവു വരുത്തിയിട്ടില്ല. ഉല്‍സാഹപൂര്‍വ്വം തനിക്കേല്‍പ്പിക്കപ്പെട്ട എല്ലാ ജോലികളും അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്തു. അത്യധികം ക്ഷീണിക്കുമ്പോള്‍ തറയില്‍ അല്‍പസമയം ചാരിയിരിക്കും. അതിനുശേഷം വീണ്ടും ജോലി തുടങ്ങും. രാത്രിയില്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് ഉറക്കം. ബാക്കി സമയം വസ്ത്രം നെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. ' ഭാര്യയായും അമ്മയായും അതേത്തുടര്‍ന്ന് ഒരു സന്യാസിനിയായും ജീവിച്ച റീത്തായുടെ അനുസരണം എത്രത്തോളമാണെന്ന് പരിശോധിക്കാന്‍ മദര്‍ തീരുമാനിച്ചു.

ഒരു ദിവസം മദര്‍ റീത്തായെ വിളിച്ചിട്ട് പറഞ്ഞു 'പൂന്തോട്ടത്തിലെ ഉണങ്ങിപ്പോയ മുന്തിരിക്കമ്പിന് ദിവസവും വെള്ളം ഒഴിക്കുക' മാസങ്ങളോളം റീത്താ ഉണങ്ങിയ മുന്തിരിക്കമ്പിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. മുന്തിരിച്ചെടിയുടെ കമ്പുണങ്ങി, ഇനി അത് തളിര്‍ക്കില്ലായെന്ന് അറിയാമായിരുന്നെങ്കിലും അനുസരണത്തിന്റെ പേരില്‍ എന്നും വെള്ളമൊഴിച്ചു. ഇത് ഒരു നിരര്‍ത്ഥക പ്രവൃത്തിയാണിതെന്ന് മദറിനെ ബോധ്യപ്പെടുത്താന്‍ പോയില്ല. എങ്കിലും മദര്‍ റീത്തായെ ഓരോ ദിവസവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പുണ്യവതിയുടെ അനുസരണത്തിന് പ്രതിഫലം കിട്ടി. ഉണങ്ങിയ മുന്തിരിക്കമ്പ് എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് തളിര്‍ത്തു. അത് പൂത്തു മുന്തിരിഫലങ്ങള്‍ പുറപ്പെടുവിച്ചു. അറുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ മുന്തിരിച്ചെടി നശിക്കാതെ അത്ഭുതമുന്തിരിച്ചെടിയായി അവിടെ വളരുന്നു. ഇഹലോക ജീവിതത്തില്‍ അനേകം തവണ പിശാച് റീത്തായെ പരീക്ഷിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അവള്‍ വിശുദ്ധകുരിശിന്റെ നാമത്തില്‍ അവയെ ബഹിഷ്‌കരിച്ചിട്ടുമുണ്ട്. ഒരിക്കല്‍ ഒരു പിശാചുബാധിതയായ സ്ത്രീയെ റീത്തായുടെ അടുത്തു കൊണ്ടുവന്നു. ഈ സ്ത്രീ അലറുകയും പല്ലു കടിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. റീത്താ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. അതിനു ശേഷം ആ സ്ത്രീയുടെ നെറ്റിയില്‍ വിശുദ്ധകുരിശ് മുദ്ര ചെയ്തു. തല്‍ക്ഷണം ഒരു അലര്‍ച്ചയോടെ ആ സ്ത്രീയെ തള്ളിയിട്ടതിനുശേഷം പിശാച് വിട്ടു പോയി.

നിങ്ങളുടെ ജീവിതത്തില്‍ തിന്മയുടെ സ്വാധീനം ഉണ്ടാകുമ്പോള്‍ നെറ്റിയില്‍ വിശുദ്ധകുരിശിന്റെ അടയാളം വരച്ച് പ്രാര്‍ത്ഥിക്കുക. ഇത് സഭ അംഗീകരിച്ചതും അനേകം വിശുദ്ധര്‍ പിന്‍ചെന്നതുമായ വഴിയാണ്. ഒരിക്കല്‍ കാസിയായിലെ മാതാവിന്റെ പള്ളിയില്‍ വാര്‍ഷികധ്യാനം നടക്കുകയാണ്. റീത്തായും ആ ധ്യാനത്തില്‍ സംബന്ധിക്കുന്നുണ്ട്. ധ്യാനഗുരു ശക്തമായ ഭാഷയില്‍ യേശുവിന്റെ പീഡാസഹനത്തെപ്പറ്റിയും യേശു മുള്‍ക്കിരീടം അണിഞ്ഞതിനെപ്പറ്റിയും പ്രസംഗിച്ചു. ചെറുപ്പം മുതലേ യേശുവിന്റെ കുരിശുമരണത്തെപ്പറ്റി ധ്യാനിച്ചുപോന്ന റീത്തായില്‍ ആ പ്രസംഗം വലിയ ചലനങ്ങള്‍ത്തന്നെ സൃഷ്ടിച്ചു. തന്റെ പാപത്തെയോര്‍ത്ത് അവള്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ പാപം ചെയ്ത് ഇനിയൊരിക്കലും തമ്പുരാനെ വേദനിപ്പിക്കില്ലായെന്നവള്‍ ഉറപ്പിച്ചു. ധ്യാനത്തിനുശേഷം മഠത്തിലെത്തി. രാത്രിയില്‍ എല്ലാവരും ഉറക്കമായപ്പോള്‍ റീത്താ ഉണര്‍ന്നു. ക്രൂശിതരൂപത്തിന്റെ മുന്‍പില്‍ പോയി യേശുവിന്റെ മുള്‍ക്കിരീടത്തെ നോക്കി ഏറെനേരം ധ്യാനിച്ചു. അവിടുത്തെ വേദനിപ്പിച്ച മുള്‍ക്കിരീടത്തിലെ ഒരു മുള്ള് തനിക്ക് തരണമെന്ന് അവള്‍ താണുകേണപേക്ഷിച്ചു. തന്റെ മണവാട്ടിയുടെ ആഗ്രഹം നിറവേറ്റാന്‍ യേശു തിരുമനസ്സായി. ഉടന്‍ തന്നെ മുള്‍ക്കിരീടത്തെ ഒരു വില്ലായും, അതിലെ ഒരു മുള്ളിനെ അമ്പായും ഉപയോഗിച്ച് ഈശോ ഒരു മുള്ളമ്പെയ്തു. അത് നെറ്റിയുടെ നടുഭാഗത്തായി ആഴ്ന്നിറങ്ങി. അതിന്റെ ആഘാതത്തില്‍ പുണ്യവതി ബോധരഹിതയായി നിലത്തുവീണു.

അമ്പിന്റെ വേദന മരണത്തോളം എത്തിച്ചു. സഹോദരിമാര്‍ ശബ്ദം കേട്ട് ഓടിവന്നു. അവര്‍ റീത്തായെ ശുശ്രൂഷിച്ചു. അല്‍പസമയത്തിനുശേഷം അവള്‍ക്ക് ബോധം തിരിച്ചുകിട്ടി. എന്നാല്‍ കഴിഞ്ഞ മണിക്കൂറില്‍ എന്താണ് സംഭവിച്ചതെന്ന് റീത്താ അവര്‍ക്ക് വെളിപ്പെടുത്തിയില്ല. കാരണം അത് ഉള്‍ക്കൊള്ളുവാനുള്ള ആത്മീയവളര്‍ച്ച അവര്‍ക്കില്ലായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. നെറ്റിയിലെ മുറിവ് വികൃതരൂപമെടുത്തു. ഈ മുറിവ് മഠത്തിലെ ചില സഹോദരിമാര്‍ക്ക് അസഹനീയമായി. അവര്‍ റീത്തായെ കുറ്റപ്പെടുത്താന്‍ തുടങ്ങി. മുറിവിന്റെ വേദനയും സഹോദരിമാരുടെ കുറ്റപ്പെടുത്തലും അവളുടെ സഹനശക്തി വര്‍ദ്ധിപ്പിച്ചു. വേദന തീവ്രമാകുമ്പോള്‍ റീത്താ ഇങ്ങനെ പ്രാര്‍ത്ഥിക്കും'ഓ എന്റെ ഈശോയെ എന്റെ സഹനം വര്‍ദ്ധിപ്പിക്കുന്നതുപോലെ എന്റെ ക്ഷമയും വളര്‍ത്തണമേ' മരണനിമിഷം വരെ റീത്തായുടെ നെറ്റിയില്‍ ഈ മുറിവുണ്ടായിരുന്നു. 1450, സഭ വിശുദ്ധവത്സരമായി ആഘോഷിക്കുന്ന സമയം, നിക്കോളോസ് അഞ്ചാമന്‍ മാര്‍പാപ്പ റോമില്‍ പോയി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചു. റീത്തായും റോമില്‍ പോകാന്‍ ആഗ്രഹിച്ചു. മദറിനോട് അനുവാദം ചോദിച്ചു. എന്നാല്‍ വികൃതമായ മുറിവുമായി റോമിനു പോകാന്‍ പറ്റില്ല എന്നതായിരുന്നു മദറിന്റെ മറുപടി. നെറ്റിയിലെ മുറിവുമൂലമാണല്ലോ തനിക്ക് യാത്ര നിഷേധിക്കപ്പെട്ടത്. അവള്‍ പൊട്ടിക്കരഞ്ഞു. ദിവ്യനാഥനോട് കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. 'നാഥാ റോമില്‍പോയി പ്രാര്‍ത്ഥിച്ച് തിരിച്ചുവരുന്നതുവരെ ഈ മുറിവ് എന്റെ നെറ്റിയില്‍നിന്ന് മാറ്റിത്തരാമോ? എന്നാല്‍ അതിന്റെ വേദന മാറാതെ എന്റെ ശരീരത്തില്‍ നിലകൊള്ളുകയും ചെയ്യണം.' പെട്ടെന്ന് നെറ്റിയിലെ മുറിവ് അപ്രത്യക്ഷമായി. അങ്ങനെ മറ്റു സഹോദരിമാര്‍ക്കൊപ്പം റീത്തായും റോമിലേക്ക് യാത്രയായി. 144 കിലോമീറ്റര്‍ നടന്ന് റോമിലെത്തി.

യാത്രാവേളയില്‍ ഭിക്ഷാടനം നടത്തിയാണ് അവര്‍ ഭക്ഷണം കഴിച്ചത്. റോമിലെത്തിയ അവര്‍ അനുവദിക്കപ്പെട്ട ദേവാലയങ്ങളിലെല്ലാം പോയി പ്രാര്‍ത്ഥിച്ച് ദണ്ഡവിമോചനം നേടി. അനേകം രക്തസാക്ഷികളുടെയും വിശുദ്ധരുടെയും കബറിടങ്ങള്‍ സന്ദര്‍ശിച്ചു. തീര്‍ത്ഥാടനത്തിനുശേഷം കാസിയായിലേക്ക് തിരികെ പോന്നു. മഠത്തിലെത്തിയ ഉടനെ ക്രൂശിതരൂപത്തിന്റെ മുന്‍പില്‍ പോയി ഇങ്ങനെ പ്രാര്‍ത്ഥിച്ചു. 'നാഥാ... ഇനി ആ മുറിവ് എനിക്ക് തിരികെ തന്നാലും.' ഉടന്‍തന്നെ നെറ്റിയില്‍ പഴയമുറിവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. വേദന വീണ്ടും കഠോരമായി, മുറിവ് വികൃതമായി. മുറിവില്‍ കൂടി പുഴുക്കള്‍ അരിക്കാന്‍ തുടങ്ങി. ഈ പുഴുക്കളെ പുണ്യവതി തന്റെ 'ഉപകാരികള്‍'എന്നാണ് വിളിച്ചിരുന്നത്. മുറിവിന്റെ ദുര്‍ഗന്ധം മറ്റാര്‍ക്കും അനുഭവവേദ്യമാകാതിരിക്കാന്‍ റീത്താ പ്രത്യേകം ശ്രദ്ധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. റോമില്‍ നിന്ന് വന്നതിനുശേഷം നെറ്റിയിലെ മുറിവിന്റെ വേദന കൂടിക്കൊണ്ടിരുന്നു. നാലു വര്‍ഷത്തോളം ആ വേദന തുടര്‍ന്നു. കര്‍ത്താവ് ഈ നാളുകളില്‍ പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. ദൈവസ്‌നേഹത്താല്‍ വ്രണിതയായ അവള്‍ രോഗത്തിനടിമയായി. ഒരു പനി അവളെ ഗ്രസിച്ചു, ഒപ്പം നെറ്റിയിലെ മുറിവിന്റെ രൂക്ഷതയും. ഒരിക്കല്‍ ഒരു ബന്ധു റീത്തായെ സന്ദര്‍ശിക്കാന്‍ മഠത്തില്‍ വന്നു. റീത്താ പനി പിടിച്ച് കിടപ്പിലായിരുന്നു. അവര്‍ അല്‍പനേരം സംസാരിച്ചു. സംസാരമധ്യേ അവള്‍ ഒരു റോസാപ്പൂവ് ആവശ്യപ്പെട്ടു. അത് റോസാപ്പൂവിന്റെ കാലമല്ലായിരുന്നു. എവിടെയും റോസാപ്പൂക്കള്‍ ലഭിക്കാനില്ല. പുണ്യവതിയുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ആ സഹോദരി വിഷമിച്ചു. പൂവ് കിട്ടാനില്ല എന്നുള്ള കാര്യം അവള്‍ റീത്തായെ അറിയിച്ചു. എന്നാല്‍ പുണ്യവതി പറഞ്ഞു. റോക്കോപ്പോറേനായിലെ എന്റെ പഴയ പൂന്തോട്ടത്തില്‍ ഒരു റോസാപ്പൂവ് ഉണ്ട്. അത് എനിക്ക് പറിച്ചു കൊണ്ടുവന്ന് തരിക.

ആ സഹോദരി നിരാശയോടെ മുറിവിട്ട് പൂന്തോട്ടത്തിലെത്തി. അവിടെ കണ്ട കാഴ്ച അവളുടെ കണ്ണ് തുറപ്പിച്ചു. അതാ പൂക്കള്‍ ഇല്ലാത്ത കാലത്ത് മുള്ളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വിടര്‍ന്ന ഒരു റോസാപുഷ്പം. അവള്‍ ആ പൂവ് മുറിച്ചെടുത്ത് റീത്തയ്ക്ക് കൊടുത്തു. അത്യധികം സന്തോഷത്തോടെ അവള്‍ പൂവ് സ്വീകരിച്ചു. മുള്ളില്‍ വിരിഞ്ഞ പുഷ്പത്തില്‍ അവള്‍ മുള്‍ക്കിരീടം ചൂടിയ ഈശോയെ ദര്‍ശിച്ചു. ആ പുഷ്പത്തെ ചുംബിച്ചതിനു ശേഷം റീത്താ അത് മദറിന് കൈമാറി. അവര്‍ ആ പൂവ് ക്രൂശിതരൂപത്തിന് മുന്‍പില്‍ സമര്‍പ്പിച്ചു. ഇന്നും റോക്കോപ്പോറേനായിലെ പൂന്തോട്ടത്തില്‍ എല്ലാ കാലത്തും റോസാപ്പൂക്കള്‍ വിരിയുന്നു. ഈ അത്ഭുതസംഭവത്തെ അനുസ്മരിക്കാനായി അഗസ്തീനിയന്‍ സഭയിലെ പള്ളികളില്‍ റീത്താ പുണ്യവതിയുടെ തിരുനാള്‍ ദിനമായ മെയ് 22നു പനിനീര്‍ പൂവ് വെഞ്ചരിച്ച് ഇന്നും നല്‍കപ്പെടുന്നു. ഒരു ദിവസം ഈശോയും പരിശുദ്ധ മാതാവും പ്രത്യക്ഷപ്പെട്ട് അവളോട് പറഞ്ഞു. 'നിന്റെ സ്വര്‍ഗ്ഗയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക. സ്വര്‍ഗ്ഗരാജ്യത്തിലെ നിത്യഭാഗ്യം അനുഭവിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നീ ഈ ലോകത്തോട് യാത്ര പറയും' ഈ ദര്‍ശനം അവളുടെ ഹൃദയത്തിന് ആനന്ദം നല്‍കി. മഗ്ദലനാ മഠത്തിലെ സിസ്റ്റേഴ്‌സെല്ലാം ഈ വിവരമറിഞ്ഞ് പുണ്യവതിയുടെ കട്ടിലിന് ചുറ്റും മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണെ്ടങ്കില്‍ ക്ഷമിക്കണമെന്ന് അവള്‍ മദറിനോടും മറ്റു സഹോദരിമാരോടും അപേക്ഷിച്ചു. തന്റെ നെറ്റിയിലെ മുറിവുമൂലം മറ്റുള്ളവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പൊറുക്കണമെന്ന് അവള്‍ അപേക്ഷിച്ചു. 'ഞാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ വേണ്ടി നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ.' ഈ വാക്കുകള്‍ കേട്ട് അവര്‍ പൊട്ടിക്കരഞ്ഞു. അവളുടെ നിര്‍ദ്ദേശപ്രകാരം തന്നെ രോഗീലേപനം നല്‍കപ്പെട്ടു. പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു. അതിനുശേഷം ദിവ്യകാരുണ്യം സ്വീകരിച്ചു. തല്‍ക്ഷണം നെറ്റിയിലെ മുറിവിന്റെ വേദന ഇല്ലാതായി. അവളുടെ മുഖം ദിവ്യാനന്ദത്തില്‍ മുഴുകി. സഹോദരിമാര്‍ ചുറ്റുംനിന്ന് റീത്തായുടെ പ്രിയപ്പെട്ട വിശുദ്ധരായ വി. സ്‌നാപകയോഹന്നാന്‍, വി. അഗസ്തീനോസ്, വി. നിക്കോളാസ്, പരി. കന്യകാമറിയം ഇവരുടെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടിരുന്നു.

1457 മെയ് 22, റീത്തായുടെ ആത്മാവിനെ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിച്ചുകൊണ്ടുപോയി. മരിക്കുമ്പോള്‍ അവള്‍ക്ക് 76 വയസ്സായിരുന്നു. മരണസമയത്ത് കാസിയായിലെ ദേവാലയമണിയും മഗ്ദലനാ മഠത്തിലെ മണിയും താനെ മുഴങ്ങി. മണിനാദം കേട്ട് ജനങ്ങള്‍ മഠത്തിലേക്കൊഴുകി. റീത്തായുടെ മരണവാര്‍ത്തയറിഞ്ഞവര്‍ പൊട്ടിക്കരഞ്ഞു. ആ വേര്‍പാട് ആ പട്ടണത്തിലെ ജനത്തെ മുഴുവനും ദുഃഖത്തിലാഴ്ത്തി. മരിച്ചയുടനെ അവളുടെ മൃതശരീരം കിടന്ന മുറിയില്‍ അലൗകീകമായ ഒരു പ്രകാശം നിറഞ്ഞു. നെറ്റിയിലെ മുറിവിന്റെ ദുര്‍ഗന്ധത്തെ ഭേദിച്ചുകൊണ്ട് ആ പരിസരമാകെ റോസാപ്പൂവിന്റെ സുഗന്ധം പരന്നു. മഠത്തില്‍ പ്രവേശിച്ച അവസരത്തില്‍ കിട്ടിയ സഭാവസ്ത്രം ധരിപ്പിച്ച് പള്ളിയിലെ അള്‍ത്താരയ്ക്ക് മുന്‍പില്‍ മൂന്നുദിവസം പൊതുദര്‍ശനത്തിനായി വെച്ചു. ജനങ്ങള്‍ തങ്ങളുടെ അമ്മയെ കാണാന്‍ കാസിയായിലേക്കൊഴുകി. ഇതിനിടയില്‍ ചില ഭക്തര്‍ റീത്തായുടെ മൃതദേഹം അടക്കേണ്ട എന്നു പറഞ്ഞ് രംഗത്തുവന്നു. കാരണം മരണത്തിന്റെതായ ഒരു അടയാളവും ആ ശരീരത്തില്‍ ദൃശ്യമായിരുന്നില്ല. ശാന്തമായുറങ്ങുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. അവസാനം ആ ശരീരത്തെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കാണാന്‍ പറ്റുന്നവിധത്തില്‍ കബറടക്കാന്‍ തീരുമാനമായി. ആ പുണ്യശരീരം ഒരു മഞ്ചത്തിലാക്കി, നെറ്റിയിലെ മുറിവ് ജനത്തിന് കാണത്തക്കവിധം തന്നെ സംസ്‌കരിച്ചു. റീത്തായുടെ കബറടക്കസമയത്ത് കത്തിച്ച മെഴുകുതിരികള്‍ ഇന്നും അവിടെ കെടാതെ നില്‍ക്കുന്നു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി വി. യൂദാസ് തദ്ദേവൂസ് സഭയില്‍ വണങ്ങപ്പെടുമ്പോള്‍ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയെന്നറിയപ്പെടുന്നത് വിശുദ്ധ റീത്തായാണ്. റീത്താ മരിച്ചിട്ട് 550ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ ശരീരം കേടുകൂടാതെ ഇരിക്കുന്നു. മരണസമയത്ത് അവളെ ധരിപ്പിച്ച സഭാവസ്ത്രത്തിന് ഇന്നും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. മരിച്ചപ്പോള്‍ കണ്ണുകള്‍ അടഞ്ഞാണ് ഇരുന്നതെങ്കിലും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ദിവസം കണ്ണുകള്‍ പാതി തുറന്ന അവസ്ഥയിലായിരുന്നു. 1628 ഒക്‌ടോബര്‍ 1ന് ഉര്‍ബ്ബന്‍ മൂന്നാമന്‍ മാര്‍പാപ്പ റീത്തായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1900 ഏപ്രില്‍ 8ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ റീത്തായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള അനുവാദം നല്‍കി.

വിശുദ്ധ റീത്താ, ഞങ്ങള്‍ക്കുവേണ്ടി  അപേക്ഷിക്കണമെ…