വളരെ പ്രത്യേകതകളുള്ള ഒരു വിശുദ്ധനാണ് ജെറാര്‍ഡ് മജല്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരേ സമയം പലസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള സിദ്ധിയും പ്രവചനവരവും ആത്മാക്കളെ വിവേചിച്ചറിയുന്നതിനുള്ള വരവും മരിച്ചവരെപ്പോലും ഉയിര്‍പ്പിക്കുവാന്‍ തക്ക അത്ഭുതപ്രവര്‍ത്തനവരവും അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ ഈശോയും ദൈവമാതാവും പലപ്രാവശ്യം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുമായിരുന്നു. തെക്കേ ഇറ്റലിയിലെ നേപ്പില്‍സില്‍നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെ മൂറോ എന്ന നഗരത്തില്‍ 1756 ലായിരുന്നു ജനനം. അഞ്ചുമക്കളില്‍ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം. കുടുംബത്തിലെ സന്തോഷം അധികം നീണ്ടുനിന്നില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. പെട്ടെന്നുതന്നെ കുഞ്ഞിന് മാമ്മോദീസ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു എങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തു. ജീവിതത്തിലുടനീളം മോശമായ ആരോഗ്യസ്ഥിതി അദ്ദേഹത്തിന്റെ വിഷമങ്ങളിലൊന്നായിരുന്നു.

മോശമായ ആരോഗ്യം കാരണം അദ്ദേഹത്തിന് ഒരു സന്യാസഭയില്‍ അംഗമായി ചേരുന്നതിന് വളരെ കഠിനമായി അദ്ധ്വാനിക്കേണ്ടി വന്നു. ജെറാര്‍ഡിന്റെ അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. എന്റെ കുഞ്ഞിന്റെ ഏക സന്തോഷം ദൈവാലയമാണ്. ദിവ്യകാരുണ്യത്തിനുമുന്‍പില്‍ അനേക മണിക്കൂറുകള്‍ അവന്‍ മുട്ടിന്‍മേല്‍ നില്‍ക്കുന്നത് ഞാന്‍ കാണുന്നു. വീട്ടിലും അവന് ഏറ്റവും ഇഷ്ടമുള്ള കാര്യം പ്രാര്‍ത്ഥനയായിരുന്നു. ജെറാര്‍ഡിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി അത്ഭുതകരമായ അനുഗ്രഹങ്ങള്‍ കുടുംബത്തിലേക്ക് പ്രവഹിച്ചുതുടങ്ങി. ധാരാളം അംഗങ്ങളുള്ള കുടുംബത്തിലേക്ക് പലപ്പോഴും അവന്‍ കയറിവരിക അപ്പവുമായിട്ടായിരിക്കും. ദാരിദ്ര്യത്തില്‍ കഴിഞ്ഞ കുടുംബത്തിന് അതു വലിയ ആശ്വാസമായിരുന്നു. തന്റെ മകന്‍ മോഷ്ടിക്കില്ലെന്ന് മാതാപിതാക്കള്‍ക്കറിയാം. എങ്കിലും അവര്‍ ചോദിച്ചു എവിടെ നിന്നാണ് ഇത്രയും ഭക്ഷണം. എല്ലാ പ്രാവശ്യവും അവന്റെ ഉത്തരം ഒന്നു തന്നെ - ഒരു സുന്ദരനായ ആണ്‍കുട്ടി എനിക്കിവ കൊണ്ടുവന്നുതന്നു. ഈ ഉത്തരത്തില്‍ മതിവരാതെ ഒരിക്കല്‍ അവന്റെ സഹോദരി അവനെ ദൈവാലയത്തിലേയ്ക്ക് അനുഗമിക്കാന്‍ തീരുമാനിച്ചു. പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണീശോയുടേയും രൂപത്തിനുമുന്‍പില്‍ മുട്ടിന്‍മേല്‍ നിന്ന് കണ്ണുനീരോടെ കൊച്ചുജെറാര്‍ഡ് പ്രാര്‍ത്ഥിക്കുന്നത് അവള്‍ കണ്ടു. പെട്ടെന്ന് അത്ഭുതകരമായ ഒരു ദൃശ്യം ജെറാര്‍ഡിന്റെ സഹോദരി കണ്ടു. ഉണ്ണിയേശു മാതാവിന്റെ കരങ്ങളില്‍ നിന്നിറങ്ങിവന്ന് കൊച്ചുജെറാര്‍ഡിനോടൊപ്പം കളിക്കുന്നു. ഉണ്ണിയേശു അവന് ഒരു കഷണം റൊട്ടി സമ്മാനിച്ചിട്ട് മാതാവിന്റെ കരങ്ങളിലേക്ക് മടങ്ങി. സഹോദരി ഇക്കാര്യം അമ്മയെ അറിയിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടുപോയി. അന്നുമുതല്‍ ജെറാര്‍ഡിനെ കുടുംബാംഗങ്ങള്‍ വ്യത്യസ്തനായി കാണുവാന്‍ തുടങ്ങി. വികാരിയച്ചനും ഈ കൊച്ചുപയ്യന്റെ ജീവിതത്തില്‍ ശ്രദ്ധചെലുത്തിത്തുടങ്ങി. അതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനുള്ള അനുവാദം അദ്ദേഹം അവന് നല്‍കി. ജെറാര്‍ഡിന് ഏഴുവയസ്സുണ്ടായിരുന്നപ്പോള്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ വരിയില്‍ നിന്നതുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്. വൈദികന്‍ അവനെ കടന്നുപോയപ്പോള്‍ അവന്‍ തകര്‍ന്നുപോയി.

അടുത്തദിവസം രാത്രിയില്‍ വിശുദ്ധ മിഖായേല്‍ മാലാഖ അവന് പ്രത്യക്ഷനായി ആദ്യ വിശുദ്ധ കുര്‍ബാന അവന് നല്‍കുകയുണ്ടായി. ജെറാര്‍ഡിന് പന്ത്രണ്ട് വയസ്സുണ്ടായിരുന്നപ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു. പിതാവിന്റെ ജോലിയായിരുന്ന നെയ്ത്ത്തന്നെ അഭ്യസിക്കുവാന്‍ ജെറാര്‍ഡും നിര്‍ബന്ധിതനായി. അവനെ ഇതിനായി പരിശീലിപ്പിച്ച മനുഷ്യന്‍ ആ കുടുംബത്തിന്റെ ആവശ്യം മനിസ്സിലാക്കി വളരെ നല്ല രീതിയിലാണ് ജെറാര്‍ഡിനോട് പെരുമാറിയത്. എന്നാല്‍ കൂടെയുള്ളവര്‍ വളരെ കഠിനമായി അവനോട് പെരുമാറി. ജോലിസ്ഥലം അവന് വല്ലാത്ത വേദന നല്‍കുന്ന ഇടമായിത്തീര്‍ന്നു. എന്നാല്‍ സകലതും ദൈവത്തിന്റെ ഹിതമായിക്കണ്ട് ക്ഷമയോടെ സഹിക്കുവാന്‍ ജെറാര്‍ഡ് തയ്യാറായി. പീഡിപ്പിക്കുന്നവര്‍ ഒരു ദിവസം സഹികെട്ട് അവനോട് ചോദിച്ചു. അടിവാങ്ങേണ്ടി വരുമ്പോഴും നീ ചിരിക്കുന്നതെന്തുകൊണ്ട്? ജെറാര്‍ഡിന്റെ മറുപടി ഇപ്രകാരമായിരുന്നു. ദൈവത്തിന്റെ കരം എന്നെ ശിക്ഷണവിധേയമാക്കുന്നത് ഞാന്‍ കാണുന്നു. അങ്ങനെ ദൈവത്തിന്റെ ഹിതം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ജെറാര്‍ഡ് പ്രശ്‌നങ്ങളെ അതിജീവിച്ചു. നാലുവര്‍ഷത്തെ പഠനത്തിനുശേഷം അവന്‍ ലാസിഡോണിയയിലെ മെത്രാന്റെ ഭവനത്തില്‍ ഒരു സേവകനായി ജോലി തേടിക്കൊണ്ട് സകലരെയും അത്ഭുതപ്പെടുത്തി. ഈ മെത്രാന്‍ വളരെ ദേഷ്യക്കാരനായിരുന്നെങ്കിലും വളരെ ഭവ്യതയോടെയും സ്‌നേഹത്തോടെയും ജെറാര്‍ഡ് അദ്ദേഹത്തെ സേവിച്ചു. ഒരു ദിവസം ജെറാര്‍ഡിന്റെ കൈയ്യില്‍ നിന്ന് മെത്രാസനമന്ദിരത്തിന്റെ താക്കോല്‍ കിണറ്റില്‍ വീണുപോകുന്നതിനിടയായി. ജെറാര്‍ഡ് ഉണ്ണിയേശുവിന്റെ ഒരു രൂപം ചരടില്‍ കെട്ടി കിണറ്റിലേക്കിറക്കി. കണ്ടുനിന്നവര്‍ അവന്റെ മണ്ടത്തരം കണ്ട് അവനെ കളിയാക്കി. എന്നാല്‍ ചരട് വലിച്ച് ഉണ്ണിയേശുവിനെ പുറത്തെടുത്തപ്പോള്‍ ഈശോയുടെ കൈയ്യില്‍ താക്കോലുണ്ടായിരുന്നു. ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മെത്രാന്‍ മരിച്ചു.

പത്തൊന്‍പത് വയസ്സുകാരന്‍ ജെറാര്‍ഡ് തന്റെ വീട്ടിലേക്ക് മടങ്ങി. അവിടെ മൂറോ നഗരത്തില്‍ അവന്‍ ഒരു തയ്യല്‍ക്കട തുടങ്ങി. തന്റെ വരുമാനത്തില്‍ മൂന്നിലൊന്ന് കുടുംബത്തിലേക്കും മൂന്നിലൊന്ന് പാവങ്ങള്‍ക്കും ശേഷിച്ചത് വിശുദ്ധ കുര്‍ബാന ചൊല്ലിക്കുന്നതിനും മറ്റ് ഭക്തകാര്യങ്ങള്‍ക്കുമായി അവന്‍ ചെലവഴിച്ചു. ആരോഗ്യം മോശമായതിനാല്‍ മൂന്നുപ്രാവശ്യം സന്യാസഭവനത്തില്‍ പ്രവേശിക്കുന്നതിനുള്ള അനുവാദം നിഷേധിക്കപ്പെട്ടുവെങ്കിലും ജെറാര്‍ഡ് പ്രതീക്ഷ കൈവിട്ടില്ല. സന്യാസിയാകുന്നതിനുള്ള ആഗ്രഹം അദ്ദേഹത്തില്‍ ജ്വലിച്ചു. സന്യാസികള്‍ ചെയ്യുന്നതുപോലെ പ്രായശ്ചിത്തപ്രവൃത്തികളും പരിഹാരങ്ങളും അദ്ദേഹം സ്വയം ചെയ്തു തുടങ്ങി. വെറുതെ കിട്ടുന്ന സമയം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു ജെറാര്‍ഡ്. പലപ്പോഴും അത് രാത്രിമുഴുവന്‍ നീളും. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായി. നോമ്പുകാലമായിരുന്നു അത്. പുതുതായി സ്ഥാപിക്കപ്പെട്ട റിഡപ്ട്രിസ്റ്റ് സന്യാസസഭയില്‍പ്പെട്ട വൈദികര്‍ നോമ്പുകാല ധ്യാനം നടത്തുന്നതിനായി മൂറോ നഗരത്തിലെത്തി. അവരുടെ പ്രസംഗങ്ങളും സാന്നിധ്യവും ജെറാര്‍ഡിനെ വല്ലാതെ ആകര്‍ഷിച്ചു. ധ്യാനത്തിന്റെ അവസാനം സംഘത്തിന്റെ നേതാവായ ഫാ. കഫാര്‍ഡിനോട് തന്നെയും അവരുടെ സന്യാസസഭയില്‍ ചേര്‍ക്കണമെന്ന് അവന്‍ അപേക്ഷിച്ചു. അപ്പോഴും അവന്റെ ആരോഗ്യത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല.അവന്‍ വാശിപ്പിടിച്ചപ്പോള്‍ വൈദികരുടെ നിര്‍ദേശപ്രകാരം ജെറാര്‍ഡിന്റെ അമ്മ അവനെ മുറിയില്‍ പൂട്ടിയിട്ടു. താക്കോല്‍ കൈവശം വച്ചു. എന്നാല്‍ അടുത്തദിവസം മുറി തുറന്നു നോക്കിയപ്പോള്‍ ജെറാര്‍ഡിനെ കാണാനില്ല. ഭിത്തിയില്‍ അവന്‍ തന്റെ കൈപ്പടയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു 'ഞാനൊരു വിശുദ്ധനാകുവാന്‍ പോകുന്നു'.

രാത്രിയില്‍ അവന്‍ വൈദികരെ തേടിപ്പിടിച്ചു. യാതൊരു തടസ്സവും അവനെ പിന്മാറ്റില്ലെന്ന് വൈദികര്‍ക്ക് മനസ്സിലായി. അവനെ അവര്‍ ലിഷെത്തോയിലെ റിഡംപ്ട്രിസ്റ്റ് ഭവനത്തിലേക്കയച്ചു. ഉപയോഗശൂന്യനായ ഒരു സഹോദരനെ ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്കയക്കുന്നു എന്നതായിരുന്നു കൊടുത്തുവിട്ട കത്തിലെ ഉള്ളടക്കം. വലിയ സന്തോഷത്തോടെ ജെറാര്‍ഡ് തന്റെ സന്യാസ ജീവിതം ആരംഭിച്ചു. എല്ലാവരെയും അവന്‍ അത്ഭുതപ്പെടുത്തി. ഉപയോഗശൂന്യന്‍ എന്ന ലേബല്‍ അവന്‍ തിരുത്തിയെഴുതി. നാലുപേര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ അവന്‍ ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. പൂന്തോട്ടത്തില്‍ ജോലിക്കാരനായി തുടങ്ങിയ അവന്‍ ദൈവാലയശുശ്രൂഷിയായി.അവനോടു ചെയ്തത് വലിയ തെറ്റായിരുന്നുവെന്ന് മനസ്സിലാക്കി അവര്‍ അവനെ നോവിഷ്യേറ്റില്‍ ചേര്‍ത്തു. സ്വന്തം ജോലി മാത്രമല്ല, മറ്റു പലരുടേയും ജോലികളും ജെറാര്‍ഡ് ഏറ്റെടുത്ത് ചെയ്യുമായിരുന്നു. പൂര്‍ണമായ അനുസരണം പാലിക്കുക എന്നതായിരുന്നു ജെറാര്‍ഡിന്റെ സ്വപ്നങ്ങളിലൊന്ന്. അത്ഭുതകരമായ അനുഗ്രഹങ്ങളാണ് ദൈവം ഇതിലൂടെ ജെറാര്‍ഡിന് നല്‍കിയത്. ഒരു ദിവസം ജെറാര്‍ഡ് ഗാഢമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന് അവന്‍ നിലവിളിച്ചു 'ഓ നാഥാ, ഞാന്‍ പോകട്ടെ. എനിക്ക് ജോലി ചെയ്യാനുണ്ട്. അധികാരികള്‍ വിളിക്കാതെ തന്നെ പലപ്പോഴും ജെറാര്‍ഡ് ആവശ്യസമയത്ത് എത്തിച്ചേരുമായിരുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തന്റെ ഉള്ളില്‍ തോന്നുന്നതാണിതെന്നായിരുന്നു ജെറാര്‍ഡിന്റെ മറുപടി. പരീക്ഷിക്കുവാനായി ജെറാര്‍ഡ് വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച അധികാരികളുടെ പക്കലും അദ്ദേഹം ഓടിയെത്തി. 'എന്നെ വിളിച്ചോ ഫാദര്‍?' എന്ന് ചോദിച്ചുകൊണ്ട്.

സഹോദരങ്ങള്‍ ജെറാര്‍ഡിനെ ആ നാളുകളില്‍തന്നെ ഒരു വിശുദ്ധനായി കാണുവാന്‍ തുടങ്ങിയിരുന്നു. റിഡംപ്ട്രിസ്റ്റ് സന്യാസസഭയുടെ സ്ഥാപകനായ അല്‍ഫോന്‍സ് ലിഗോരിയും ജെറാര്‍ഡിനെക്കുറിച്ച് കേട്ടു. ആരും പറയാതെതന്നെ ഈ വ്യക്തിയില്‍ എന്തോ പ്രത്യേകതകളുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. ജെറാര്‍ഡിന്റെ നോവിഷേറ്റ് കാലാവധി അദ്ദേഹം ഇളച്ചുകൊടുത്തു. അങ്ങനെ 1752 ല്‍ ജെറാര്‍ഡ് വ്രതവാഗ്ദാനം നടത്തി. സമൂഹത്തിന് വലിയ ഗുണമായിരുന്നു ജെറാര്‍ഡിന്റെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും. സന്യാസസഭയിലെ അംഗങ്ങളുടെ ഉടുപ്പുകള്‍ തുന്നുന്നത് ജെറാര്‍ഡായിരുന്നു. കാരണം ആ മേഖലയിലാണല്ലോ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നത്. എന്നാല്‍ ദൈവത്തിന് ഈ യുവാവിലൂടെ അനേകകാര്യങ്ങള്‍ ചെയ്യുവാനുണ്ടായിരുന്നു. ജെറാര്‍ഡിന്റെ അത്ഭുതകരമായ കഴിവുകള്‍ സകലരും അറിഞ്ഞുതുടങ്ങി. ധ്യാനയാത്രകളിലും മറ്റുമാണ് പലരും ഇതേക്കുറിച്ച് വ്യക്തമായി മനസിലാക്കിയത്. ആത്മാക്കളുടെ നിജസ്ഥിതി മനസിലാക്കി അവരില്‍ പാപബോധമുളവാക്കുന്നതിനും അങ്ങനെ അവരെ വിശ്വാസത്തിലേക്ക് തിരികെക്കൊണ്ടുവരുന്നതിനും ഉള്ള ജെറാര്‍ഡിന്റെ കഴിവ് അപാരമായിരുന്നു. ജോസഫ് കുപ്പര്‍ത്തീനോയെപ്പോലെ വായുവില്‍ പറന്നുനടക്കുന്നതിനും ജെറാര്‍ഡിന് കഴിയുമായിരുന്നു. മറ്റൊരു വരം പലസ്ഥലങ്ങളില്‍ ഒരേ സമയം പ്രത്യക്ഷപ്പെടുന്നതിനുള്ള കഴിവാണ്. ഒരു പകര്‍ച്ചവ്യാധി വ്യാപിച്ചപ്പോള്‍ പല വീടുകളിലും ഒരേ സമയം സഹായവുമായി എത്തിയിരുന്നത് ജെറാര്‍ഡായിരുന്നു. ദൂരെയായിരിക്കുമ്പോള്‍ തന്നെ മൂറോ നഗരത്തിലും പലപ്പോഴും അദ്ദേഹത്തെ കണ്ടവരുണ്ട്.

മറ്റൊരു അത്ഭുതം ഇപ്രകാരമാണ്. പ്രാര്‍ത്ഥനാസമയത്ത് ദൈവാലയത്തില്‍ ജെറാര്‍ഡിനെ കാണാതായപ്പോള്‍ അധികാരികള്‍ വിഷമിച്ചു. ചോദിച്ചപ്പോള്‍ താന്‍ പ്രാര്‍ത്ഥനാസ്ഥലത്തുണ്ടായിരുന്നെന്നും പ്രാര്‍ത്ഥനയില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കാണപ്പെടാത്ത അവസ്ഥയില്‍ ഇരിക്കുവാനുള്ള കൃപ ലഭിച്ചതാണെന്നും ജെറാര്‍ഡ് സാക്ഷ്യപ്പെടുത്തി. അങ്ങനെയുള്ള പ്രാര്‍ത്ഥനകള്‍ മേലില്‍ ഉണ്ടാകരുതെന്ന് താക്കീത് നല്‍കുവാന്‍ മാത്രമേ അധികാരികള്‍ക്കായുള്ളൂ. ജെറാര്‍ഡിന്റെ ഇഹലോകജീവിതം വെറും ഇരുപത്തൊന്‍പത് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടുള്ളൂ. ഗര്‍ഭിണികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ജീവിതകാലത്തു തന്നെ അദ്ദേഹം സഹായിക്കുമായിരുന്നു. അതിനാല്‍ തന്നെ മരണശേഷവും തന്റെ സഹായങ്ങള്‍ പ്രത്യേകമായി ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അദ്ദേഹം നല്‍കിവരുന്നു. കുഞ്ഞുങ്ങള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും അവര്‍ മരിച്ചുപോയേക്കുമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യങ്ങളിലും ജെറാര്‍ഡിന്റെ പ്രത്യേകമദ്ധ്യസ്ഥതയാല്‍ അനുഗ്രഹം ലഭിച്ചു. ലോകത്തെവിടെയെല്ലാം ഗര്‍ഭിണികളായ അമ്മമാര്‍ ജെറാര്‍ഡിന്റെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചിട്ടുണ്ടോ അവിടെയെല്ലാം അദ്ദേഹം അവരെ സഹായിക്കുവാനായി എത്തിയിട്ടുണ്ട്. ഒരിക്കല്‍ കെട്ടിടം പണിയിലേര്‍പ്പെട്ടിരുന്ന ജെറാര്‍ഡിനോട് അനുവാദമില്ലാതെ ഒരത്ഭുതം പോലും പ്രവര്‍ത്തിച്ച് പോകരുതെന്ന് അധികാരികള്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. അനുസരണം കാര്യമായി പാലിച്ചിരുന്ന വ്യക്തിയായിരുന്നല്ലോ ജെറാര്‍ഡ്. പണിക്കാരില്‍ ഒരാള്‍ മുകളിലത്തെ നിലയില്‍നിന്ന് താഴേക്കുവീണു. ജെറാര്‍ഡ് തന്റെ കരങ്ങളുയര്‍ത്തി പറഞ്ഞു 'അവിടെ നില്‍ക്കുക'. വീണ മനുഷ്യന്‍ പാതിവഴിയില്‍ പിടിച്ചുനിറുത്തപ്പെട്ടു. ജെറാര്‍ഡ് ഓടി തന്റെ അധികാരികളുടെ അടുക്കലെത്തി പറഞ്ഞു ' ദയവായി അത്ഭുതം പ്രവര്‍ത്തിക്കാനും ആ മനുഷ്യനെ രക്ഷിക്കുവാനും ഉള്ള അനുവാദം തരണം.' അനുവാദം വാങ്ങി തിരികെയെത്തിയെ ജെറാര്‍ഡ് ആ മനുഷ്യനെ പതിയെ നിലത്തിറക്കി.

തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തലുകളും ജെറാര്‍ഡിന്റെ ജീവിതത്തില്‍ കുറവായിരുന്നില്ല. ശത്രുക്കള്‍ നടത്തിയ ലൈംഗികാരോപണങ്ങള്‍ ആ യുവവിശുദ്ധന്റെ ജീവിതത്തെ വല്ലാതെ പിടിച്ചുകുലുക്കി. നിശബ്ദനായി അദ്ദേഹം ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ നിശ്ശബ്ദതയും സ്വയം ന്യായീകരിക്കുവാനുള്ള മടിയും കണ്ട് പലരും പറഞ്ഞു 'ഒന്നുകില്‍ അയാളൊരു വിഢിയാണ്, അല്ലെങ്കില്‍ മഹാവിശുദ്ധന്‍'.ജെറാര്‍ഡിനെ അടുത്തറിഞ്ഞവരെല്ലാം അദ്ദേഹത്തെ ഒരു വിശുദ്ധനെന്ന് വിളിച്ചു. എന്നാല്‍ സാത്താന്‍ ഈ വിളിയില്‍ അത്ര രസമുള്ളവനായിരുന്നില്ല. അദ്ദേഹം മാനസാന്തരപ്പെടുത്തിയവരെല്ലാം ജെറാര്‍ഡ് ഒരുകപടനാട്യക്കാരനാണെന്നറിഞ്ഞാല്‍ തിരികെ തങ്ങലുടെ പാപജീവിതത്തിലേക്ക് പോകുമെന്നായിരുന്നു പിശാച് കരുതിയിരുന്നത്. സന്യാസഭയില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിച്ചിരുന്ന ചില സഹോദരിമാരെ ജെറാര്‍ഡ് സഹായിച്ചിരുന്നു. അവരെ സാമ്പത്തികമായി സഹായിക്കുവാന്‍ ആളുകളെ തേടിപ്പിടിച്ചിരുന്നതും ജെറാര്‍ഡായിരുന്നു. അങ്ങനെയൊരു യുവതിയായിരുന്നു ലാസി ഡോണിയയിലെ മരിയ കജോണ. മെത്രാനെ സഹായിച്ചുകൊണ്ട് ജെറാര്‍ഡ് ജോലിചെയ്തിരുന്ന സ്ഥലമായിരുന്നു അത്. അതിനാല്‍തന്നെ പരിചയത്തിലുള്ള ഈ യുവതിയെ സഹായിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ യുവതി ഫോര്‍ജിയായിലെ സന്യാസഭവനത്തില്‍ ചേര്‍ന്നു. ജെറാര്‍ഡിന്റെ ശുപാര്‍ശപ്രകാരമായിരുന്നു അത്. മാത്രവുമല്ല അവിടുത്തെ സന്യാസിനികളുടെ ആത്മീയ കാര്യങ്ങളില്‍ അവരെ സഹായിച്ചിരുന്നതും അദ്ദേഹമായിരുന്നു. എന്നാല്‍ സന്യാസഭവനത്തില്‍നിന്ന് പുറത്ത് കടക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. ഈ അപമാനത്തിന്റെ ഭാരം സ്വയം ഏറ്റെടുക്കുവാന്‍ അവള്‍ തയ്യാറായിരുന്നില്ല. മരിയ താന്‍ അംഗമായിരുന്ന സന്യാസഭവനത്തിലെ മറ്റംഗങ്ങളെക്കുറിച്ച് പരാതി പറയുവാന്‍ തുടങ്ങി.

വിശുദ്ധ ജീവിതം നയിച്ചിരുന്ന ജെറാര്‍ഡാണ് ഈ സമൂഹത്തെ അവള്‍ക്കുവേണ്ടി നിര്‍ദേശിച്ചിരുന്നത എന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ അവര്‍ അത് വിശ്വസിക്കുവാന്‍ തയ്യാറായില്ല. ജെറാര്‍ഡിന്റെ വാക്കുകളിലുള്ള വിശ്വാസമായിരുന്നു കാരണം. മരിയ കജോണെ തന്റെ ആക്രമണം ജെറാര്‍ഡിന് നേരെയാക്കി. ലാസിഡോണിയായിലെ ഒരു പെണ്‍കുട്ടിയെ ജെറാര്‍ഡ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. 1754 ല്‍ ഒരു മാസത്തോളം പ്രസ്തുതഭവനത്തില്‍ ജെറാര്‍ഡിന് താമസിക്കേണ്ടി വന്നിരുന്നു. ആ കുടുംബത്തിലെ നാലു പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മഠത്തില്‍ ചേര്‍ന്നിരുന്നു. മറ്റുരണ്ടുകുട്ടികളെ ചേര്‍ത്താണ് മരിയ കഥകള്‍ മെനഞ്ഞത്. അധികാരികള്‍ അന്വേഷണം തുടങ്ങി. മരിയയ്ക്ക് പ്രത്യേകിച്ച് ജെറാര്‍ഡിനോട് വിഷമം തോന്നേണ്ട കാര്യമുണ്ടായിരുന്നില്ല. അവസാനം ജെറാര്‍ഡ് പ്രതിക്കൂട്ടിലായി. ആരോപണവിധേയയായ പെണ്‍കുട്ടിയെ ഒരു പ്രാവശ്യംപോലും അവര്‍ ചോദ്യം ചെയ്തുമില്ല. അധികാരിയായ വൈദികന്‍ ഈ യുവതിയോട് ജെറാര്‍ഡിനെതിരെ ഒരു പരാതിയെഴുതി അല്‍ഫോന്‍സ് ലിഗോരിക്കയയ്ക്കാന്‍ നിര്‍ദേശിച്ചു. അല്‍ഫോന്‍സ് ലിഗോരി പെട്ടെന്നുതന്നെ ഒരു വൈദികനെ സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കുവാന്‍ ജെറാര്‍ഡിന്റെ പക്കലേക്കയച്ചു. മരിയയെയും അവളുടെ കുമ്പസാരകനെയും അദ്ദേഹം ചോദ്യം ചെയ്തു. ആരോപണവിധേയയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തില്ല.

റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അല്‍ഫോന്‍സ് ലിഗോരി ജെറാര്‍ഡിനെ നേരിട്ട് വിളിപ്പിച്ചു. അവര്‍ ആദ്യമായി കാണുകയാണ്. പരസ്പരം അതിഗാഡമായി ബഹുമാനിച്ചിരുന്ന രണ്ടുവ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ച ഒരുങ്ങിയതോ ഇത്തരമൊരു സാഹചര്യത്തിലും. പ്രതിയും ജഡ്ജിയും എന്ന നിലയിലായിരുന്നു അവരുടെ കണ്ടുമുട്ടല്‍. രണ്ടു വിശുദ്ധരായ വ്യക്തികള്‍. അല്‍ഫോന്‍സ് ലിഗോരി മരിയ കജോണയുടെ ആരോപണവും വൈദികന്റെ പഠനറിപ്പോര്‍ട്ടും വായിച്ചു കേള്‍പ്പിച്ചു. ജെറാര്‍ഡ് നിശ്ശബ്ദനായി നിന്നു. തലകുനിച്ച് നിശ്ശബ്ദനായി നില്‍ക്കുന്ന തന്റെ സഹോദരനെ വീണ്ടും വീണ്ടും അല്‍ഫോന്‍സ് ലിഗോരി നോക്കി. ജെറാര്‍ഡ് തനിക്കെതിരെയുള്ള ആരോപണം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തില്ല. ജെറാര്‍ഡിനെതിരെ ശിക്ഷണനടപടികള്‍ സ്വീകരിക്കുകയല്ലാതെ മറ്റൊരു വഴിയും അല്‍ഫോന്‍സ് ലിഗോരിയുടെ മുന്നിലുണ്ടായിരുന്നില്ല. അധികാരിയായി അദ്ദേഹത്തിന് പ്രവര്‍ത്തിക്കേണ്ടിവന്നു. ജെറാര്‍ഡിന്റെ ആനുകൂല്യങ്ങളും അധികാരങ്ങളുമെല്ലാം എടുത്തുമാറ്റപ്പെട്ടു. അതില്‍ ഏറ്റവും വേദനാജനകമായത് ദിവ്യകാരുണ്യം സ്വീകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു. പെട്ടന്ന് തന്നെ പൊതുജനമധ്യത്തില്‍ നിന്ന് ജെറാര്‍ഡ് അപ്രത്യക്ഷനായി. എന്തുകൊണ്ടാണ് ജെറാര്‍ഡ് അക്ഷരം പോലും മിണ്ടാതിരുന്നത് എന്നത് പലരെയും ആശ്ചര്യപ്പെടുത്തി. ആരോപണം ശരിയായിട്ടോ, അതോ വലിയൊരു വിശുദ്ധനായതിനാല്‍ സകല സഹനങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായതുകൊണ്ടോ?

1754 ജൂണ്‍ മാസത്തില്‍ ഒരു കത്ത് അല്‍ഫോന്‍സ് ലിഗോരിയെ തേടിയെത്തി. താന്‍ ജെറാര്‍ഡിനെതിരെ നടത്തിയ ആരോപണങ്ങളെല്ലാം തെറ്റായിരുന്നെന്നും അതില്‍ പശ്ചാത്താപമുണ്ടെന്നും പറഞ്ഞ് മരിയ കജോണ എഴുതിയ കത്തായിരുന്നു അത്. കോണ്‍വെന്റില്‍ നിന്ന് സ്വന്തം കുറ്റത്താലല്ലാതെ പുറത്തുകടക്കുകയായിരുന്നു ലക്ഷ്യമെന്ന് അവള്‍ വെളിപ്പെടുത്തി. ഇപ്പോള്‍ കഠിന രോഗിണിയായ അവള്‍ ദൈവത്തിന്റെ വിധിയെ ഭയപ്പെടുന്നു. പാപത്തില്‍ മരിക്കുവാന്‍ അവള്‍ക്ക് താല്പര്യമില്ല. ഇതോടൊപ്പം അന്വേഷണം നടത്തിയ വൈദികന്റെ മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തും അല്‍ഫോന്‍സ് ലിഗോരിയെ തേടിയെത്തി. അല്‍ഫോന്‍സ് ലിഗോരി ജെറാര്‍ഡിനെ വീണ്ടും വിളിപ്പിച്ചു. ഈ സമയം അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. കത്തുകള്‍ ജെറാര്‍ഡിനെ വായിച്ചു കേള്‍പ്പിച്ചു. പിന്നീട് ഈ കത്ത് സമൂഹത്തില്‍ പരസ്യപ്പെടുത്തി. ജെറാര്‍ഡ് യാതൊരു ഭാവഭേദവുമില്ലാതെ നിന്നു. ആരോപണമുണ്ടായപ്പോള്‍ എന്താണ് ഒന്നും സംസാരിക്കാതിരുന്നതെന്ന് അല്‍ഫോന്‍സ് ലിഗോരി ചോദിച്ചു. അപ്പോള്‍ ജെറാര്‍ഡ് നിയമാവലിയിലെ ഒരു വാക്യം അദ്ദേഹത്തെ ചൂണ്ടികാണിച്ചു.നാം നിശ്ശബ്ദരായി സഹിക്കുകയും ദൈവഹിതത്തിന് തങ്ങളെ സമര്‍പ്പിക്കുകയുമാണ് വേണ്ടത്. തന്റെ നിശ്ശബ്ദതയെ യേശുവിന്റെ നിശ്ശബ്ദതയോട് അദ്ദേഹം ഉപമിച്ചു. നിയമത്തിന്റെ ഈ വ്യാഖ്യാനം അങ്ങനെയായിരുന്നില്ലെന്ന് അല്‍ഫോന്‍സ് ജെറാര്‍ഡിന് പറഞ്ഞുകൊടുത്തു. ട്യൂബര്‍കുലോസിസ് എന്ന മാരകരോഗമാണ് ജെറാര്‍ഡിനെ കാര്‍ന്നു തിന്നത്.

കൊച്ചുത്രേസ്യായെപ്പോലെയും ലൂര്‍ദിലെ ബര്‍ണദീത്തയെപ്പോലെയും വളരെ ക്ഷമയോടും സഹനത്തോടും കൂടി അദ്ദേഹം അത് ഏറ്റെടുത്തു. ശരീരത്തില്‍ പ്രകടമായി വ്യക്തമാകാത്തപക്ഷം അദ്ദേഹം രോഗിയാണെന്ന പോലും ആര്‍ക്കും അറിയുവാന്‍ സാധിക്കുമായിരുന്നില്ല. സത്യത്തില്‍ മരണസമയത്തുപോലും അദ്ദേഹം തന്റെ ജോലിയില്‍ സാധാരണപോലെ വ്യാപൃനായിരുന്നു. 1755 ഓഗസ്റ്റ് മാസത്തിലായിരുന്നു അത്. അദ്ദേഹത്തെ സഹായിക്കുവാനായി ഒരു സഹോദരന്‍ നിയോഗിക്കപ്പെട്ടു. എന്നാല്‍ ആ സഹോദരന്റെ രോഗത്തില്‍ അവനെ സഹായിച്ചത് ജെറാര്‍ഡായിരുന്നു. 1755 ഒക്‌ടോബര്‍ മാസം പതിനാറാം തിയതി ദിവ്യനാഥന്റെ പറുദീസയിലേക്കുള്ള വിളി കേട്ട് ജെറാര്‍ഡ് ഈ ലോകത്തോട് വിടപറഞ്ഞു. 1893ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തുകയും 1904 ല്‍ പത്താം പീയൂസ് പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. വി.ജറാര്‍ഡിന്റെ വാക്കുകളിലൂടെ നമുക്ക് മഹനീയമായ ഈ ജീവിതകഥ ഉപസംഹരിക്കാം. 'ഞാനെപ്പോഴും ദൈവത്തോടൊപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കവിടുത്തെ സ്‌നേഹിക്കണം. നമ്മെത്തന്നെ നാം ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിക്കണം. അവിടുത്തെ ഹിതം എന്തായാലും അതിന് നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോഴാണ് നമ്മുടെ സമര്‍പ്പണം പൂര്‍ണമാകുന്നത്.'

വിശുദ്ധ ജെറാര്‍ഡ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ...