കാതറിന്റെ കുടുംബം കഠിനമായ അദ്ധ്വാനത്തിലൂടെയാണ് കടന്നുപോയത്. താഴത്തെ നിലകളിലുള്ള മുറികളില്‍ താമസവും മുകളിലത്തെ നിലയില്‍ ജോലിസ്ഥലവുമായിട്ടായിരുന്നു അവരുടെ ഭവനത്തിന്റെ നിര്‍മ്മാണം. ഒരു ദിവസം കാതറിന്‍ തന്റെ സഹോദരിയോടൊപ്പം ജോലിസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു. താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ ഡൊമിനിക്കിന്റെ ദേവാലയത്തിനടുത്തെത്തിയപ്പോള്‍ അവള്‍ക്ക് മനോഹരമായ ഒരു ദര്‍ശനം ഉണ്ടായി. അവളുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയ ഒരനുഭവമായിരുന്നു അത്. വളരെ മനോഹരമായ ഒരു സിംഹാസനത്തില്‍ മാര്‍പ്പാപ്പായുടെ തിരുവസ്ത്രങ്ങളണിഞ്ഞ് യേശു സന്നിഹിതനായിരിക്കുന്നു. അവിടുത്തെ ശിരസ്സില്‍ മനോഹരമായ ഒരു കിരീടവും ഉണ്ട്. ഈശോയുടെ അടുക്കല്‍ ശിഷ്യന്മാരുണ്ടായിരുന്നു. എങ്കിലും അവിടുത്തെ ശ്രദ്ധ കാതറിനു നേരെ തിരിഞ്ഞു. സ്‌നേഹമൂറുന്ന ആ കണ്ണുകളില്‍ നിന്നുള്ള പ്രകാശം എത്ര വര്‍ണ്ണിച്ചാലും മതിയാവാത്തതായിരുന്നു എന്നാണ് പ്രസ്തുത ദര്‍ശനത്തെക്കുറിച്ച് കാതറിന്‍ പറഞ്ഞത്. ഈശോ തന്റെ കൈവശമിരുന്ന കുരിശുരൂപമെടുത്ത് കാതറിനെ ആശീര്‍വ്വദിച്ചു. ആറു വയസ്സുമാത്രമുണ്ടായിരുന്ന അവളുടെ ജീവിതത്തിലെ ഏറ്റവും മഹനീയമായ അനുഭവവും ദര്‍ശനവുമായിട്ടാണ് ഇത് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അവള്‍ തന്റെ കന്യകാത്വം പരിശുദ്ധ അമ്മയുടെ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിച്ചു.

യേശുവിനോടുള്ള സ്‌നേഹത്തില്‍ അവളെ വളര്‍ത്തുവാന്‍ അതിലുപരിയായി ആര്‍ക്കാണ് സാധിക്കുക. പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലും യേശുവിനോടുള്ള സ്‌നേഹം മുറുകെ പിടിക്കേ ണ്ടതെങ്ങനെയെന്ന് കുരിശിനു താഴെ നില്‍ക്കുന്ന പരിശുദ്ധ അമ്മ അവള്‍ക്ക് കാണിച്ചുകൊടുത്തു. ഈശോയോടുള്ള സ്‌നേഹത്തില്‍ ഓരോ ചുവട് മുന്നോട്ടു വയ്ക്കുമ്പോഴും പരിശുദ്ധ അമ്മ സ്‌നേഹമൂറുന്ന മിഴികളോടെ അവളെ നോക്കിനിന്നു. പരിശുദ്ധ ദൈവമാതാവിന്റെ മുമ്പില്‍ നിന്ന് ഇപ്രകാരം ഒരു പ്രതിജ്ഞ കാതറിന്‍ എടുക്കുന്നതായി നാം കാണുന്നുണ്ട്. ''അമ്മ മാതാവേ എന്റെ കുറവുകളും ബലഹീനതകളും പരിഗണിക്കാതെ ദൈവകുമാരന്റെ സന്നിധിയില്‍ കറയില്ലാത്ത ഒരു പുഷ്പമായി എന്നെ അമ്മ സമര്‍പ്പിച്ചാലും. അമ്മയോടും ഈശോയോടും ഞാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ എന്റെ കന്യകാത്വം ദൈവമഹത്വത്തിനായ് ഞാന്‍ സമര്‍പ്പിക്കുന്നു.''ഈ പ്രാര്‍ത്ഥന തുടര്‍ന്നപ്പോള്‍ പരിശുദ്ധ അമ്മ അവള്‍ക്ക് പ്രത്യക്ഷയായി. കാതറിന്റെ കരം പിടിച്ച് യേശുവിന്റെ കൈകളില്‍ ഏല്‍പ്പിച്ചു. അന്നുമുതല്‍ കാതറിന്‍ ക്രിസ്തുവിന്റെ മണവാട്ടിയായി തന്നെത്തന്നെ കരുതി. അക്കാലത്ത് സമ്പന്നകുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍പോലും വിദ്യാഭ്യാസത്തിനായി സ്‌കൂളില്‍ പോയിരുന്നില്ല. അതിനാല്‍ തന്നെ കാതറിനു ലഭിച്ച വിദ്യാഭ്യാസവും തുച്ഛമായിരുന്നു. വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് അക്കാലത്ത് ഏറ്റവും അധികമായി ഉപയോഗിച്ചിരുന്നത് ചുവര്‍ചിത്രങ്ങളായിരുന്നു. അവയുടെ സഹായത്തോടുകൂടിയാണ് അടിസ്ഥാനപരമായ വിശ്വാസസത്യങ്ങളെക്കുറിച്ചുള്ള അറിവ് കാതറിന്‍ സ്വായത്തമാക്കിയത്.

കാതറിന്‍ തന്റെ കന്യാകാത്വം ദൈവത്തിനു സമര്‍പ്പിച്ച വിവരം കേട്ടപ്പോള്‍ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. അവര്‍ കാതറിനെ പ്രസ്തുത തീരുമാനത്തില്‍ നിന്ന് പിന്‍മാറ്റുന്നതിനായ് ബന്ധുവായ ഒരു വ്യക്തിയെ നിയോഗിച്ചു. ഈ ബന്ധുവിനോട് കാതറിന്‍ തന്റെ ഹൃദയത്തിന്റെ ആഗ്രഹം പങ്കുവെച്ചു. അവരുടെ സഹായത്തോടുകൂടി ഭൗതികവസ്തുക്കളോടും ലൗകികസുഖങ്ങളോടും അവള്‍ യാത്ര പറഞ്ഞു. അവളുടെ മനോഹരമായ മുടി മുറിക്കുകയും സന്യാസജീവിതത്തിനായ് തന്നെത്തന്നെ ഒരുക്കുകയും ചെയ്തു. കാതറിന്‍ സന്യാസജീവിതം തിരഞ്ഞെടുത്തതില്‍ കുടുംബാംഗങ്ങള്‍ക്കുള്ള എതിര്‍പ്പ് വളരെ ശക്തമായിരുന്നു.സന്യാസജീവിതത്തോടുള്ള അവളുടെ അഭിരുചി ഒഴിവാക്കുന്നതിനായി വ്യക്തിപരമായി സമയം ചിലവഴിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ അവര്‍ എടുത്തുമാറ്റി.രണ്ടു സഹോദരങ്ങളുടെ ശാരീരികപീഡനങ്ങള്‍പോലും അവള്‍ക്ക് സഹിണ്ടേി വന്നു. മാനുഷിക പരിഗണനപോലും അവര്‍ അവളോടു കാണിച്ചില്ല. വേദനകളുട ആ രാത്രിയില്‍ അവള്‍ക്കൊരു ദര്‍ശനമുണ്ടായി. എല്ലാ സഭകളുടെയും സ്ഥാപകര്‍ അവള്‍ക്ക് പ്രത്യക്ഷരായി. ഒരു ചുവട് മുന്നില്‍ നിന്ന വിശുദ്ധ ഡോമിനിക്ക് അവളോടു പറഞ്ഞു. മകളെ, ഭയപ്പെടേണ്ടാ, നീ ഞങ്ങളുടെ സന്യാസ വസ്ത്രം തീര്‍ച്ചയായും സ്വീകരിക്കും.

തനിക്കുണ്ടായ ഈ ദര്‍ശനത്തെക്കുറിച്ചും ഈശോയ്ക്കു വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുവാനുള്ള അവളുടെ ആഗ്രഹത്തെക്കുറിച്ചും അവള്‍ വീണ്ടും മാതാപിതാക്കളോട് സംസാരിച്ചു. വിവാഹം കഴിക്കാതെ യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് താന്‍ ജീവിച്ചുകൊള്ളാമെന്ന് അവള്‍ പറഞ്ഞു. വീട്ടില്‍നിന്ന് പുറത്താക്കിയാലും തന്റെ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു അവള്‍ അറിയിച്ചു. ക്രിസ്തു മാത്രമാണ് തന്റെ ജീവിതത്തിന് മതിയായവന്‍ എന്നവള്‍ അറിഞ്ഞിരുന്നു. അവസാനം അവളുടെ ആഗ്രഹത്തിന് വഴങ്ങാന്‍ പിതാവ് തീരുമാനിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിനും അത്ഭുതകരമായ ഒരു അനുഭവമുണ്ടായിരുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കാതറിന്റെ മുറിയിലേയ്ക്ക് കടന്നു ചെന്ന അദ്ദേഹം ഒരു ദര്‍ശനം കണ്ടു. കാതറിന്റെ ശിരസ്സിനുമുകളില്‍ ഒരു പ്രാവ് പറന്നിറങ്ങുന്നു. അന്നുമുതല്‍ കുടുംബാംഗങ്ങളോട് അവളുടെ ആഗ്രഹത്തിനെതിരുനില്‍ക്കരുതെന്ന് അദ്ദേഹം കല്‍പിച്ചു.

ഡോമിനിക്കന്‍ സന്യാസസഭയില്‍ ചേരുവാനുള്ള അവളുടെ ആഗ്രഹം ഫലമണിയുന്നതിന് വീണ്ടും അവള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അവസാനം അമ്മയുടെ അനുവാദവും വാങ്ങി അവള്‍ ഡോമിനിക്കന്‍ സന്യാസസഹോദരിമാരുടെ അടുക്കലേക്ക് പോകുവാന്‍ തയ്യാറായി.അനുവാദം വാങ്ങുവാന്‍ പോയ അവളുടെ അമ്മ സാധ്യമല്ലെന്ന് സഹോദരിമാര്‍ അറിയിച്ചതായിട്ടാണ് വീട്ടില്‍ പറഞ്ഞത്. എന്നാല്‍ അടുത്തദിവസം കാതറിന് ഗുരുതരമായി രോഗം ബാധിക്കുകയും അവള്‍ മരണത്തിന്റെ വക്കിലെത്തുകയും ചെയ്തു. കുഞ്ഞിന്റെ ജീവന്‍ തിരികെക്കിട്ടിയാല്‍ അവളെ ദൈവത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് ആ അമ്മ നേര്‍ച്ച നേര്‍ന്നു.ആദ്യം സന്യാസിനിമാര്‍ കാതറിനെ സ്വീകരിക്കുവാന്‍ വിസമ്മതിക്കുവാനുണ്ടായ കാരണം അവള്‍ അതിസുന്ദരിയാണെന്നതായിരുന്നു. എന്നാല്‍ ഗുരുതരമായ ഈ രോഗം ബാധിച്ച അവളുടെ സൗന്ദര്യത്തിന് കോട്ടം സംഭവിച്ചിരുന്നതിനാല്‍ സന്യാസിനികള്‍ അവളെ സ്വീകരിക്കുവാന്‍ തയ്യാറായി. അതികഠിനമായ പ്രലോഭനങ്ങളുടെ നാളുകളായിരുന്നു പിന്നീട്. തിന്മയുടെ ശക്തികള്‍ പ്രത്യക്ഷവും പരോക്ഷവുമായി അവളുടെ ജീവിതത്തില്‍ ആക്രമണം നടത്തി.

ഒരു ദിവസം മനോഹരമായ വസ്ത്രങ്ങളുമായി സുന്ദരനായൊരു യുവാവ് അവളുടെ അടുക്കലെത്തി. ആ വസ്ത്രങ്ങള്‍ സ്വീകരിക്കുവാന്‍ മനസില്‍ ആഗ്രഹം ജനിച്ചതേ അവള്‍ പറഞ്ഞു. ഇല്ല, എനിക്കിത് നിഷിദ്ധമാണ്. ആ തീരുമാനം എടുത്ത നിമിഷം യുവാവ് അപ്രത്യക്ഷനായി. ഓ സ്‌നേഹമുള്ള മണവാളാ, ഞാനങ്ങയെ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂവെന്ന് അങ്ങേയ്ക്കറിയാമല്ലോ. ഇപ്പോള്‍ എന്റെ സഹായത്തിനണയേണമേ. ഇതായിരുന്നു പ്രലോഭനസമയത്തുള്ള അവളുടെ പ്രാര്‍ത്ഥന. പ്രലോഭനങ്ങളുടെ നടുവില്‍ അവളുടെ സ്‌നേഹമുള്ള അമ്മയും പ്രത്യക്ഷമായി അവളെ സഹായിക്കുവാനെത്തുമായിരുന്നു. സ്വര്‍ഗ്ഗീയവൃന്ദങ്ങളോടൊപ്പം തിന്മയുടെ ശക്തികളില്‍നിന്ന് അവളെ മറച്ചുപിടിക്കുവാന്‍ പരിശുദ്ധ അമ്മയും അവള്‍ക്കുവേണ്ടി ഇറങ്ങിവന്നു. യേശുവിന്റെ പക്കല്‍ നിന്നുള്ള സ്‌നേഹസമ്മാനങ്ങളുമായിട്ടാവും പരിശുദ്ധ ദൈവമാതാവ് പലപ്പോഴും പ്രത്യക്ഷയാവുക. പതിവില്ലായിരുന്നെങ്കിലും ഡോമിനിക്കന്‍ മൂന്നാം സഭയില്‍ കാതറിന്‍ ദാരിദ്ര്യവും കന്യകാത്വവും അനുസരണയും വ്രതങ്ങളായി സ്വീകരിച്ചു. സ്വയം ഒരു മുറിയില്‍ പ്രായശ്ചിത്തപ്രവൃത്തികളുമായി അവള്‍ കഴിഞ്ഞുകൂടി. ദിവസം മൂന്നുതവണ സ്വയം പ്രഹരിക്കുമായിരുന്നു. ഉറക്കമൊഴിച്ച് രാത്രിയുടെ യാമങ്ങളില്‍ അവള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. മൂന്നുവര്‍ഷത്തോളം കഠിനമായ തപശ്ചര്യകളിലൂടെയായിരുന്നു അവളുടെ സഞ്ചാരം.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആ നാളുകളില്‍ ഈശോയും പരിശുദ്ധ ദൈവമാതാവും അവളെ നിരന്തരം സന്ദര്‍ശിച്ചു. പിതാവിന്റെ സ്‌നേഹത്തെക്കുറിച്ചും സ്വര്‍ഗീയകാര്യങ്ങളെക്കുറിച്ചും അവര്‍ അവളോട് സംസാരിച്ചു. വീണുപോയ മാലാഖമാരും ഈ സ്വര്‍ഗീയ ആനന്ദത്തിന് വിഘാതമായെത്തി. ദുഷിച്ച ശബ്ദങ്ങള്‍കൊണ്ട് അവര്‍ കാതറിന്റ പ്രാര്‍ത്ഥനാജീവിതത്തെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തിന്മയുടെ സ്വാധീനങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ദിവ്യനാഥനോട് ചോദിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു - കുരിശെടുക്കുക. ഞാന്‍ വഹിച്ചതുപോലെ കുരിശ് വഹിക്കുകയും സഹനങ്ങളെ സമര്‍പ്പിക്കുകയും ചെയ്യുക. തിന്മയ്‌ക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധമാണത്. കാരണം കുരിശാണ് തിന്മയെ പരാജയപ്പെടുത്തിയത്. പ്രലോഭനങ്ങളുടെയും പീഡനങ്ങളുടേയും നടുവില്‍ ദൈവസാന്നിധ്യബോധം നഷ്ടപ്പെടാതിരിക്കാനും അങ്ങനെ അവയെ അതിജീവിക്കാനും അവിടുന്ന് അവളെ ഉദ്‌ബോധിപ്പിച്ചു. വായിക്കാന്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ അവള്‍ അതിനുവേണ്ടി കഠിനമായി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒരിക്കല്‍ അവള്‍ ഈശോയോട് പരാതി പറഞ്ഞു. ഞാനൊരു വിഡ്ഢിയായിരിക്കണമെന്നാണ് അവിടുത്തെ ആഗ്രഹമെങ്കില്‍ ഞാനതിനും തയ്യാറാണ്. അല്ലാത്ത പക്ഷം നീതന്നെ എന്നെ പഠിപ്പിക്കുക. വരുംനാളുകളില്‍ കാതറിന്‍ അത്ഭുതകരമായി വായിക്കുവാന്‍ പഠിച്ചു. ഒരിക്കലും അവള്‍ക്ക് എഴുതാനാകുമായിരുന്നില്ല. മനോഹരവും ഗഹനവുമായ അവളുടെ ആശയങ്ങള്‍ നമുക്ക് ഇന്ന് ലഭ്യമാകുന്നത് അവള്‍ പറഞ്ഞുകൊടുത്ത് മറ്റുള്ളവരെക്കൊണ്ട് എഴുതിപ്പിച്ചതാണ്.

സഭാപാരംഗത എന്നതലത്തിലേക്കുയര്‍ന്ന എഴുത്തറിയില്ലാത്ത വിശുദ്ധയാണ് കാതറിന്‍. വായിക്കുവാനുള്ള കഴിവ് ലഭിച്ചതോടുകൂടി അവളുടെ ജീവിതം കൂടുതല്‍ സന്തോഷകരമായി. പ്രാര്‍ത്ഥനകളും മറ്റും പുസ്തകത്തില്‍ നോക്കി ചൊല്ലുവാനും അങ്ങനെ സന്യാസജീവിതത്തിന്റെ ഭാഗമായ യാമപ്രര്‍ത്ഥനകളില്‍ പങ്കുകൊള്ളുവാനും അതിലൂടെ അവള്‍ക്ക് വഴിയൊരുങ്ങി. പ്രാര്‍ത്ഥനാസമയത്ത് വിശുദ്ധരും മാലാഖമാരും അവളുടെ കൂടെ പ്രാര്‍ത്ഥിക്കുവാനെത്തിയിരുന്നു. മറിയത്തിലൂടെ യേശുവിന്റെ പക്കലെത്തുവാനാണ് സകലരും അവളെ ഉദ്‌ബോധിപ്പിച്ചത്. മറിയം കാതറിനെ കൈപിടിച്ച് യേശുവിന്റെ പക്കലെത്തിക്കും. യേശുവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാതെ സൂക്ഷിക്കുന്നത് പരിശുദ്ധ അമ്മയാണ്. കാരണം യേശുവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അതില്‍ കൂടുതലായി അറിയാവുന്നവര്‍ ആരുമില്ലല്ലോ. യേശു അവളുടെ കരങ്ങളില്‍ സ്‌നേഹത്തിന്റെ പ്രതീകമായ മോതിരമണിയിച്ചു. എന്റെ വിവാഹം യേശുവുമായി നടത്തപ്പെട്ടുവെന്നും സ്വര്‍ഗത്തിലെ വിവാഹവിരുന്നിനെത്തുവോളം ഈ ബന്ധം വിള്ളലില്ലാതെ കാത്തുസൂക്ഷിക്കുമെന്നും അവള്‍ പറയുമായിരുന്നു. അന്നുമുതല്‍ തന്റെ ദിവ്യമണവാളനോട് അവള്‍ സകലകാര്യത്തിലും ആലോചന ചോദിച്ചുതുടങ്ങി. യേശുവിന്റെ സന്തോഷമല്ലാതെ തനിക്ക് യാതൊരു സന്തോഷവുമില്ലെന്ന് അവള്‍ പ്രഖ്യാപിച്ചു.

സീയന്നയിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ അടുക്കലെത്തി സ്‌നേഹം പങ്കുവയ്ക്കുകയായിരുന്നു പിന്നീട് അവളുടെ ജീവിത ലക്ഷ്യം. ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ യേശുവിന് ചെയ്തുകൊടുത്തതായി അവള്‍ക്ക് അനുഭവപ്പെട്ടു. ഗുരുതരമായ മുറിവുകളുള്ള രോഗികളെ പരിചരിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥ വരുമ്പോള്‍ അതിനായി മുന്നിട്ടിറങ്ങുക എപ്പോഴും കാതറിനായിരുന്നു. കുഷ്ഠരോഗികളെ പരിചരിക്കുവാനായി കാതറിന്‍ തയ്യാറായ വിവരം അവളുടെ അമ്മയുടെ കാതിലെത്തിയപ്പോള്‍ അവര്‍ക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു. 'കുഞ്ഞേ നീ ഒരു കുഷ്ഠരോഗിയാവുന്നത് കാണുവാന്‍ ഈ അമ്മയ്ക്ക് കഴിയില്ല' ആ അമ്മ കണ്ണുനീരോടെ പറഞ്ഞു. കാതറിന്‍ ധൈര്യത്തോടെ മറുപടി നല്‍കി 'അമ്മേ ഞാന്‍ ശുശ്രൂഷിക്കുന്നത് കുഷ്ഠരോഗികളെയല്ല, യേശുവിനെയാണ്.' അവിടുന്ന് ഒരിക്കലും എന്നെ കൈവിടുകയില്ല. അധികം താമസിയാതെ കാതറിന്റെ കൈകളിലും കാലുകളിലും വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മാരകമായ ആ രോഗത്തിന്റെ തുടക്കം. എന്നാല്‍ താന്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്ന രോഗികള്‍ രോഗത്തിനടിമയായി മരിച്ചപ്പോള്‍ അവളുടെ പഴയ സൗന്ദര്യത്തിലേക്കും സൗഖ്യത്തിലേക്കും കാതറിന്‍ തിരിച്ചുവന്നു. സീയന്നയില്‍ അവളുടെ ഖ്യാതി പടര്‍ന്നു. എല്ലാവര്‍ക്കും അവളുടെ പ്രാര്‍ത്ഥനാ സഹായം വേണം. ദൈവം അവള്‍ പറഞ്ഞാല്‍ കേള്‍ക്കുമെന്നതായിരുന്നു അവര്‍ക്കുണ്ടായിരുന്ന ഉറപ്പ്. അനേകര്‍ അവളുടെ വിശുദ്ധിയെയും ജ്ഞാനത്തെയും പുകഴ്ത്തിയപ്പോഴും, ധാരാളം ശത്രുക്കളും അവള്‍ക്കുണ്ടായിരുന്നു. വെളിപാടുകളും രഹസ്യങ്ങളും ലഭിച്ചിരുന്ന വിദ്യാഭ്യാസമില്ലാത്ത കാതറിന്റെ ജീവിതത്തിനുനേരെ ആക്രമണം രൂക്ഷമായി. അവള്‍ക്ക് ലഭിച്ചിരുന്ന അറിവുകള്‍ പിശാചില്‍ നിന്നാണെന്ന് ചിലര്‍ പറഞ്ഞുപരത്തി. ദിവസവും ദിവ്യകാരുണ്യം സ്വീകരിച്ചിരുന്ന കാതറിന്‍ വിതുമ്പിക്കരയുന്നതും ഈശോയെ സ്വീകരിച്ചതിനുശേഷം ഗാഢമായൊരു അനുഭൂതിയില്‍ ലയിക്കുന്നതുമൊക്കെ അഭിനയമായി അവര്‍ മുദ്രകുത്തി. പലപ്പോഴും ദൈവാലയത്തില്‍ നിന്ന് അവള്‍ ബലം പ്രയോഗിച്ച് പുറത്താക്കപ്പെട്ടു. അധികാരികളുടെ പക്കല്‍ ഇത്തരം ആരോപണങ്ങളെത്തിയെങ്കിലും അവളുടെ വിശുദ്ധിയിലും മഹത്തായ ജീവിതത്തിലും അവര്‍ അതിശയിക്കുകയാണുണ്ടായത്.

വളരെ വിശുദ്ധനായൊരു വൈദികനെ അവളുടെ കുമ്പസാരക്കാരനും ആദ്ധ്യാത്മികപിതാവുമായി നല്‍കപ്പെട്ടു. അദ്ദേഹത്തിന്റെ മഹനീയമായ ഇടപെടല്‍ മൂലം കാതറിന്റെ ഖ്യാതി സീയന്നയില്‍ നിന്ന് പുറത്തേക്കും പ്രസരിക്കുവാന്‍ തുടങ്ങി. ആദ്യകാലത്ത് ഈ വൈദികനും ചില സംശയങ്ങള്‍ കാതറിന്റെ കാര്യത്തില്‍ തോന്നിയിരുന്നു. എങ്കിലും യേശുതന്നെ അവരുടെ സംവാദങ്ങളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ട് എല്ലാം അദ്ദേഹത്തിന് വ്യക്തമാക്കിനല്‍കിയിരുന്നു. പിന്നീട് ഈ വൈദികനാണ് കാതറിന്റെ ആശയങ്ങളും ജ്ഞാനം നിറഞ്ഞ വചസ്സുകളും വിശ്വാസികള്‍ക്ക് ലഭ്യമാകുന്നതില്‍ വലിയ പങ്കുവഹിച്ചത്. ഒരു ദിവസം യേശു കാതറിന് പ്രത്യക്ഷനായി രണ്ടു കിരീടങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചു. ഒന്ന് സ്വര്‍ണത്തിന്റേതും മറ്റൊന്ന് മുള്ളുകള്‍ കൊണ്ട് നിര്‍മ്മിച്ചതും. ഏതാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ കാതറിന്‍ മുള്ളുകള്‍ കൊണ്ടുള്ളത് തിരഞ്ഞെടുത്തു. യേശു പറഞ്ഞു 'നിന്റെ തിരഞ്ഞെടുപ്പ് നന്നായിരിക്കുന്നു. ഭൂമിയില്‍ നീ മുള്ളുകള്‍ നിറഞ്ഞ കിരീടമാണ് അണിയുന്നതെങ്കിലും സ്വര്‍ഗത്തില്‍ നിത്യമായി സുവര്‍ണകിരീടമണിയും'.

അവളുടെ ആത്മീയ പിതാവായ ഫാ. റെയ്മണ്‍ഡ് ഒരിക്കല്‍ സഹോദരിമാര്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് കാതറിന്‍ അഭൗമികമായൊരു അനുഭൂതിയിലായി. അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്വര്‍ഗം ദര്‍ശിക്കുന്നതുപോലുള്ള അനുഭവമായിരുന്നു കാതറിന്റെ മുഖത്ത്. പെട്ടെന്ന് അവള്‍ നിലത്തുവീണ് പിടഞ്ഞു. സഹോദരിമാരും ഫാദര്‍ റെയ്മണ്ടും എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിഷമിച്ചു. കാതറിന്‍ പതിയെ മുട്ടിന്‍മേല്‍ നിന്നു. എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു 'ഫാദര്‍, എനിക്കിപ്പോള്‍ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ലഭിച്ചിരിക്കുന്നു.'വേദനകള്‍ അവള്‍ അനുഭവിച്ചെങ്കിലും, ശരീരത്തില്‍ വ്യക്തമായ അടയാളങ്ങളുണ്ടായിരുന്നില്ല. അന്നുമുതല്‍ ഏഴു വര്‍ഷത്തേക്ക് ദിവ്യകാരുണ്യമല്ലാതെ മറ്റൊന്നും അവള്‍ ഭക്ഷിച്ചില്ല. ഈ ഏഴു വര്‍ഷവും സാധാരണ വ്യക്തികളെപ്പോലെ ഊര്‍ജ്ജസ്വലയായി തന്നെയാണ് കാതറിന്‍ കാണപ്പെട്ടത്. അവളുടെ ജീവിതത്തിലെ മഹനീയ പുസ്തകങ്ങള്‍ പലതും എഴുതപ്പെട്ടത് ഇക്കാലഘട്ടത്തിലാണ്. ആരോഗ്യപരമായ യാതൊരു വിഷമതകളും അക്കാലത്ത് അവള്‍ പ്രകടിപ്പിച്ചിരുന്നുമില്ല. ഏറ്റവും വേദനാജനകമായി അവള്‍ക്ക് ഇക്കാലത്ത് അനുഭവപ്പെട്ടത് അനുദിനം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനുള്ള അനുവാദം നിഷേധിക്കപ്പെട്ടതായിരുന്നു. വിശുദ്ധ ബലിമധ്യേ അവള്‍ അള്‍ത്താരയിലേക്ക് നോക്കി നിര്‍വൃതിയടയുമായിരുന്നു.

പിന്നീട് ഗ്രിഗറി പതിനൊന്നാമന്‍ പാപ്പ പ്രത്യേക അനുമതിയിലൂടെ അനുദിനം വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനുള്ള അനുവാദം അവള്‍ക്ക് നല്‍കുകയുണ്ടായി.വിശുദ്ധ ബലിമധ്യേ അന്ത്യത്താഴസമയത്ത് യേശു തന്റെ ശിഷ്യന്‍മാര്‍ക്ക് അപ്പം വിഭജിച്ചുനല്‍കുന്നതും അവര്‍ അതു വാങ്ങി ഭക്ഷിക്കുന്നതും അവള്‍ വ്യക്തമായി കണ്ടിരുന്നു. അത്ഭുതകരമായ ആത്മീയാനുഭൂതിയില്‍ അവള്‍ ആ നിമിഷങ്ങളില്‍ ലയിച്ചുപൊകുമായിരുന്നു. ആത്മാക്കളെ വിവേചിച്ചറിയുന്നതിനും പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമുള്ള പ്രത്യേക വരം കാതറിന് ലഭിച്ചിരുന്നു. വായിക്കുവാന്‍ സാധിച്ചിരുന്നെങ്കിലും കാതറിന് എഴുതുവാന്‍ അറിയുമായിരുന്നില്ല. അവളുടെ കത്തുകളും പുസ്തകങ്ങളും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ചതാണ്. ധാരാളം വ്യക്തികള്‍ ഒരേ സമയം പല വിഷയങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നിട്ടും പലരും അവളുടെ ചിന്തകള്‍ക്കൊപ്പം എഴുതിയെത്തുവാന്‍ വളരെ കഷ്ടപ്പെട്ടിരുന്നുവെന്ന് ചരിത്രം സാക്ഷിക്കുന്നു. ആവശ്യമില്ലാത്ത ഒരു വാക്കും അവളില്‍നിന്നും വന്നില്ല. ആവശ്യമുള്ളതൊന്നും അവള്‍ വിട്ടുപോയുമില്ല. സഭയില്‍ നവോത്ഥാനത്തിനും ഉണര്‍വിനുമായി എന്താണ് ചെയ്യേണ്ടത് എന്നു കാണിച്ചുകൊണ്ട് പിതാക്കന്‍മാര്‍ക്കും മാര്‍പ്പാപ്പയ്ക്കുപോലും അവള്‍ കത്തുകളയയ്ക്കുമായിരുന്നു. പരിശുദ്ധ പിതാവിനോടുള്ള അവളുടെ വിശ്വസ്തത അസാധാരണമായിരുന്നു.

പരിശുദ്ധ പിതാവിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയ മരണത്തിന് വിധിക്കപ്പെട്ടവരാണെന്നായിരുന്നു കാതറിന്റെ പക്ഷം.പരിശുദ്ധ പിതാവിന് അവള്‍ വളരെ സ്‌നേഹം നിറഞ്ഞ കത്തുകള്‍ എഴുതുമായിരുന്നു. സ്വന്തം പിതാവിനോടു സംസാരിക്കുന്ന സ്വാതന്ത്ര്യത്തോടും സ്‌നേഹത്തോടുമുള്ള അവളുടെ കത്തുകള്‍ ഇന്നും പ്രഖ്യാതമാണ്. പരിശുദ്ധ പിതാവ് അതിനൊക്കെ മറുപടിയും നല്‍കിയിരുന്നു. ഫ്രാന്‍സിലെ, അവിഞ്ഞോണില്‍ പരിശുദ്ധ പിതാവിനെ കാണുവാനായി 1376 ല്‍ കാതറിന്‍ പോയി. നാലുമാസത്തോളം അവള്‍ അവിഞ്ഞോണില്‍ താമസിച്ചു. കത്തോലിക്കാസഭയുടെ എക്കാലത്തെയും വലിയ പ്രശ്‌നങ്ങളില്‍ തീരുമാനമാകുന്നതിന് ഇതിടയാക്കി. കുറച്ചുവര്‍ഷങ്ങളായി പരിശുദ്ധ പിതാവിന്റെ സിംഹാസനം റോമില്‍ നിന്ന് അവിഞ്ഞോണിലേക്ക് മാറ്റിയിരുന്നു. മാര്‍പ്പാപ്പ അവിഞ്ഞോണില്‍ നിന്ന് വീണ്ടും റോമിലേക്ക് താമസം മാറി. ഗ്രിഗറി പതിനൊന്നാമനുശേഷം പാപ്പയായ അര്‍ബന്‍ ആറാമന്‍ പാപ്പ ഇക്കാര്യത്തില്‍ വളരെ കാര്‍ക്കശ്യം കാണിച്ചു. തന്റെ കര്‍ദ്ദിനാള്‍ സംഘത്തില്‍ ഒരു ഫ്രഞ്ച് മെത്രാനെപ്പോലും ഉള്‍പ്പെടുത്തിയില്ല. അതില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് കര്‍ദ്ദിനാള്‍ സംഘം മറ്റൊരു മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു. കാതറിന്‍ നേരത്തെതന്നെ പ്രവചിച്ചിരുന്ന വലിയ ഭിന്നതയ്ക്ക് ഇവിടെ തുടക്കം കുറിക്കുകയായിരുന്നു. പ്രശ്‌നം ഗുരുതരമായപ്പോള്‍ പരിശുദ്ധ പിതാവ് കാതറിനെ റോമിലേക്ക് വിളിപ്പിച്ചു. തിരുസംഘത്തോട് സംസാരിക്കുവാന്‍ കാതറിനോട് പരിശുദ്ധ പിതാവ് നിര്‍ദേശിച്ചു. അവളുടെ ജ്ഞാനം നിറഞ്ഞ വാക്കുകള്‍ ഏവര്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിക്കുവാനും മനുഷ്യരുടെ ബലഹീനമായ ശക്തിയില്‍ ആശ്രയം വയ്ക്കാതിരിക്കുവാനും അവള്‍ അവരെ ഉദ്‌ബോധിപ്പിച്ചു.

പ്രതിസന്ധികളില്‍ മനസ്സുതളരാതെ ദൈവത്തോടൊപ്പം അതിനെ സമീപിക്കുകയാണ് വിജയത്തിലേക്കുള്ള മാര്‍ഗ്ഗം. ദൈവത്തോടൊപ്പം സമീപിക്കുന്നില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി നിലനില്‍ക്കുകയും നിരന്തരം നമുക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അവളുടെ അവസാന നാളുകളില്‍ പ്രാര്‍ത്ഥനകളില്‍ നാം ഉയര്‍ന്നുകേള്‍ക്കുന്ന വിലാപമിപ്രകാരമാണ്. സഭയുടെ ഐക്യത്തിനും സുസ്ഥിതിക്കും വേണ്ടി എന്റെ ആത്മാവിനെ അങ്ങ് ബലിയായി സ്വീകരിക്കണമേ. എന്റെ ഹൃദയവും ശരീരവും ആത്മാവും അങ്ങ് എടുത്തുകൊള്ളുക. അങ്ങെനിക്ക് തന്നതല്ലാതെ എനിക്കെന്താണ് അങ്ങേയ്ക്ക് തരുവാനുള്ളത്.അമ്മയായ സഭയെ ജീവന്‍ കൊടുത്തും സ്‌നേഹിക്കുവാന്‍ അവള്‍ തയ്യാറായിരുന്നു. മരണശേഷവും തന്റെ പ്രാര്‍ത്ഥനകളില്‍ സഭയുടെ ഐക്യവും സുസ്ഥിതിയും ഉണ്ടായിരിക്കുമെന്ന് അവള്‍ അധികാരികള്‍ക്ക് ഉറപ്പ് നല്‍കി. പിന്നീടുള്ള അവളുടെ ജീവിതം രോഗത്തിന്റെയും കഷ്ടപ്പാടിന്റെയും ആയിരുന്നു. ഒരു വര്‍ഷത്തോളം രോഗിണിയായി ജീവിച്ചതിനുശേഷം തന്റെ നിത്യസമ്മാനം വാങ്ങുവാനായി അവള്‍ യാത്രയായി. അവളുടെ ജീവിതം സഭയുടെ നന്മയ്ക്കും വിജയത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു.

1461 ലാണ് കാതറിന്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടത്. 1970 ല്‍ പരിശുദ്ധ പിതാവ് പോള്‍ ആറാമന്‍ പാപ്പ അവളെ വേദപാരംഗതയായി പ്രഖ്യാപിച്ചു. യേശുവുമായി ഇത്രമേല്‍ ആഴമായ ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞ കാതറിന്‍, വളരെയേറെ സ്‌നേഹിക്കുകയും ജീവന്‍ ബലിയായികൊടുക്കുകയും ചെയ്തത് സഭയ്ക്കു വേണ്ടിയായിരുന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹം സഭയോടുള്ള സ്‌നേഹത്തെ വളര്‍ത്തുന്നു. വിദ്യാഭ്യാസമില്ലാത്ത, എഴുതുവാനറിയാത്ത കാതറിന്‍ വേദപാരംഗതരായ മൂന്നു സ്ത്രീകളില്‍ ഒരാളായി സഭയില്‍ ഉയര്‍ത്തപ്പെട്ടത് എത്രയോ ശ്രേഷ്ഠമാണ്. ദൈവം തരുന്ന ജ്ഞാനം മനുഷ്യര്‍ ആര്‍ജ്ജിക്കുന്ന അറിവിനേക്കാള്‍ എത്രയോ മഹത്തരവും വിശിഷ്ടവുമാണ്.

വിശുദ്ധ കാതറിന്‍, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…