പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ജര്‍മ്മനിയിലെ അള്‍ത്തോത്തിങ് ദൈവാലയത്തില്‍ വാതില്‍ക്കാവല്‍ക്കാരനായിരുന്നു വി. കൊണ്‍റാഡ്. പ്രൊട്ടസ്റ്റന്റ് നവീകരണ കാലത്ത് കത്തോലിക്കരുടെ ആരാധനാകേന്ദ്രങ്ങളെല്ലാം ആക്രമിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. അള്‍ത്തോത്തിങ്ങിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയം യൂറോപ്പിലെ തന്നെ ഏറ്റവും പുരാതനമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. ഫ്രാന്‍സിസ്‌കന്‍ സന്യാസികളായിരുന്നു ഈ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്നവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തിരുന്നത്. 1802 ല്‍ കപ്പൂച്ചിന്‍ സന്യാസികള്‍ ഇവിടെയെത്തി ദൈവാലയത്തിന്റെ ചുമതല ഏറ്റെടുത്തു. അവരില്‍ ഒരാളായിരുന്ന കൊണ്‍റാഡ് തീര്‍ത്ഥാടന കേന്ദ്രത്തിലെ വാതില്‍ക്കാവല്‍ക്കാരനായി നിയോഗിക്കപ്പെട്ടു. ആ ജോലി ഭംഗിയായി നിര്‍വഹിക്കുകയും വിശുദ്ധ ജീവിതം നയിക്കുകയും ചെയ്ത അദ്ദേഹത്തെ തിരുസ്സഭ പിന്നീട് വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി.

വെറും വാതില്‍ക്കാവല്‍ക്കാരനായി വര്‍ഷങ്ങള്‍ ചിലവഴിച്ച ഒരു കപ്പൂച്ചിന്‍ സന്യാസി അത്ഭുതകരമായ വിശുദ്ധ ജീവിതത്തിന്റെ ഉടമയായിരുന്നു. ജീവിക്കുന്ന ദൈവം നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമായി അനേകം അത്ഭുതങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗികള്‍ സുഖമായതിന്റെയും വലിയ മാനസാന്തരങ്ങള്‍ സംഭവിച്ചതിന്റെയും പട്ടാളക്കാര്‍ വഴിമാറിപ്പോയതിന്റെയും ചുവര്‍ചിത്രങ്ങള്‍ അവിടെ കാണാം. ദൈവസാന്നിധ്യത്തെ സ്ഥിരീകരിക്കുവാനായി ദൈവം പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ നീണ്ട നിരയാണത്. വിശുദ്ധരെല്ലാം പ്രാര്‍ത്ഥനയുടെ മനുഷ്യരായിരുന്നു. അവരുടെകൂടെ ദൈവം നടന്നു. ആ ദൈവസാന്നിധ്യത്തിന്റെ അടയാളമായി ഇന്നും അവിടെ അനേകം അത്ഭുതങ്ങള്‍ സംഭവിക്കുന്നു. ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍നാസികള്‍ യഹൂദരെ കൂട്ടക്കൊലചെയ്യുന്ന കഥ മാത്രമേ നാം കേട്ടിട്ടുള്ളൂ. എങ്കിലും അനേകം ജര്‍മ്മന്‍ പട്ടാളക്കാര്‍ നിര്‍ദ്ദയരായി ഇവിടെ, സ്വന്തം ദേശത്ത് മരിച്ചുവീണതിന്റെ കഥയും ജര്‍മ്മനിക്ക് പറയുവാനുണ്ട്. അവരില്‍ പലരും കത്തോലിക്കരായിരുന്നു. വധശിക്ഷ അവര്‍ ഏറ്റുവാങ്ങുവാനുള്ള കാരണം മറ്റൊന്നുമായിരുന്നില്ല, അവര്‍ നിര്‍ദ്ദയമായി യുദ്ധം ചെയ്യുവാന്‍ തയ്യാറല്ലായിരുന്നു എന്നതു തന്നെ. ഒരു പട്ടാളക്കാരന്‍ അനീതിയും കൊലപാതകവും ചെയ്യില്ലെന്ന് വാശിപിടിച്ചാല്‍ അടുത്തദിവസം അവരെ വധിക്കുകയായിരുന്നു പതിവ്. അങ്ങനെ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി മരിച്ചു വീണ എത്രയോ പട്ടാളക്കാര്‍. ജീവനും മരണത്തിനും മധ്യേ പലരും ദൈവമാതാവിന്റെ സഹായം തേടി. അമ്മ അവരെ സഹായിക്കാനെത്തിയതിന്റെ സാക്ഷ്യങ്ങളാണ് ഈ ദേവാലയത്തിന്റെ ചുവരുകളെ അലങ്കരിക്കുന്നത്.

1818 ല്‍ ബവേറിയയിലെ ഒരു കൊച്ചുഗ്രാമത്തിലാണ് കൊണ്‍റാഡിന്റെ ജനനം. 1849 ല്‍ മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ തന്റെ പിതൃസ്വത്ത് കുടുംബത്തെ ഏല്‍പിച്ച് അള്‍ത്തോത്തിങ്ങിലുള്ള കപ്പൂച്ചിന്‍ സന്യാസാശ്രമത്തില്‍ അദ്ദേഹം അംഗമായി ചേര്‍ന്നു. വിശുദ്ധ കുര്‍ബാനയോടുള്ള കൊണ്‍റാഡിന്റെ സ്‌നേഹം അതിശയകരമായിരുന്നു. കപ്പൂച്ചിന്‍ സന്യാസിയായിരുന്നുവെങ്കിലും അദ്ദേഹം ഒരു വൈദികനായിരുന്നില്ല. എന്നാല്‍ നാല്‍പ്പത്തൊന്ന് വര്‍ഷം തുടര്‍ച്ചയായി അള്‍ത്തോത്തിങ്ങിലെ ദൈവാലയത്തില്‍ വിശുദ്ധബലിയില്‍ വൈദികനെ സഹായിച്ചിരുന്നത് കൊണ്‍റാഡാണ്. വലിയ വിദ്യാഭ്യാസവും അറിവുമൊന്നുമില്ലാതിരുന്ന വി. കൊണ്‍റാഡ് എല്ലായ്‌പ്പോഴും പറയുമായിരുന്നു 'കുരിശാണ് എന്റെ പാഠപുസ്തകം'. ഈ പുസ്തകത്തില്‍നിന്ന് ധാരാളം കാര്യങ്ങള്‍ കൊണ്‍റാഡ് എളുപ്പത്തില്‍ മനസ്സിലാക്കി. ക്രൂശിതരൂപത്തെ പാഠപ്പുസ്തകമാക്കിയാല്‍ ഒരു വ്യക്തിക്ക് എളുപ്പത്തില്‍ വിശുദ്ധനാകാം. കാരണം അത് കറയില്ലാത്ത സ്‌നേഹത്തിന്റെ കഥയാണ്. ലോകത്തിലെ മുഴുവന്‍ അറിവുമുള്ള ഒരു വ്യക്തി മനസ്സിലാക്കുന്നതിനെക്കാള്‍ തെളിമയോടുകൂടി കുരിശിനെ നോക്കി ഒരാള്‍ക്ക് ജീവിതത്തെ പഠിക്കാനും ഉള്‍ക്കൊള്ളാനുമാകും. കാരണം മറ്റൊന്നുമല്ല, ക്രൂശിതരൂപം നമുക്ക് അറിവ് മാത്രമല്ല പകര്‍ന്നു തരുന്നത്. സ്‌നേഹത്തിന്റെ ജീവിതം നയിക്കുവാനുള്ള ശക്തികൂടിയാണ്.

കുരിശാണ് എന്റെ പുസ്തകം എന്നു പറയുമ്പോള്‍ സഹനത്തെക്കുറിച്ച് മാത്രമാണ് അത് സംസാരിക്കുന്നതെന്ന് ചിന്തിക്കരുത്. യഥാര്‍ത്ഥ സ്‌നേഹത്തെക്കുറിച്ചാണ് കുരിശ് സംസാരിക്കുന്നത്. അതില്‍ സഹനങ്ങളും വേദനകളും സന്തോഷവും ആനന്ദവും ഒക്കെയുണ്ടാവും. ചെറുപ്രായം മുതല്‍ അത്ഭുതകരമായ വിശുദ്ധ ജീവിതമാണ് കൊണ്‍റാഡ് നയിച്ചിരുന്നത്. ചെറുപ്പത്തില്‍ ദൈവാലയം തുറക്കുന്നതിന് മുന്‍പേ അവിടെയെത്തി മുട്ടിന്‍മേല്‍ നിന്ന് അവന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ആദ്യകാലത്ത് അതിരാവിലെയുള്ള വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നതിനായി ഇരുപത്തഞ്ചോളം കിലോമീറ്റര്‍ നടന്നാണ് കൊണ്‍റാഡ് ദൈവാലയത്തിലെത്തിയിരുന്നത്. അത്രയേറെ ത്യാഗങ്ങള്‍ സഹിച്ച് തനിക്ക് പങ്കെടുക്കുവാന്‍ പറ്റുന്ന ദിവ്യബലികള്‍ അവനെ അതിയായ സന്തോഷം കൊണ്ട് നിറച്ചു. യൗവനകാലം മുഴുവന്‍ തീര്‍ത്ഥാടകരെക്കൂട്ടി അവിടേക്ക് യാത്രയാകുകയായിരുന്നു കൊണ്‍റാഡിന്റെ വിനോദം. വഴിമധ്യേ സംസാരവും ബഹളവുമൊന്നും പാടില്ല. പ്രാര്‍ത്ഥനയും ഭക്തിഗാനങ്ങളുമായിരുന്നു അവര്‍ക്ക് കൂട്ടുണ്ടായിരുന്നത്. അങ്ങനെ ചെറുപ്രായത്തില്‍ തന്നെ സ്വയം വിശുദ്ധീകരിക്കുവാനും മറ്റുള്ളവരെ ദൈവത്തിലേക്ക് നയിക്കുവാനും കൊണ്‍റാഡ് വഴികള്‍ കണ്ടെത്തിയിരുന്നു.

1849 ല്‍ അള്‍ത്തോത്തിങ്ങിലെ കപ്പൂച്ചിന്‍ സന്യാസഭവനത്തില്‍ കൊണ്‍റാഡ് എത്തിച്ചേര്‍ന്നു. ഈ യുവാവില്‍ എന്തോ പ്രത്യേകതതോന്നിയ അധികാരി അവനെ ഭവനത്തില്‍ സ്വീകരിച്ചു. ആദ്യം പ്രധാന വാതില്‍ക്കാവല്‍ക്കാരനെ സഹായിക്കുകയും പൂന്തോട്ടത്തില്‍ പണിയെടുക്കുകയുമായിരുന്നു കൊണ്‍റാഡിന്റെ ചുമതലകള്‍. രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അള്‍ത്തോത്തിങ്ങില്‍നിന്ന് മറ്റൊരു ഭവനത്തിലേക്ക് കൊണ്‍റാഡ് മാറ്റപ്പെട്ടു. അവിടെ അവന്റെ ഉത്തരവാദിത്ത്വം പ്രായമായ ഒരു വൈദികനെ പരിചരിക്കുകയായിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരികെ അള്‍ത്തോത്തിങ്ങിലെത്തി. അന്നുമുതല്‍ മരണം വരെ നീണ്ട നാല്‍പത്തൊന്ന് വര്‍ഷങ്ങള്‍ കൊണ്‍റാഡിന്റെ ചുമതല ഒരു വാതില്‍ക്കാവല്‍ക്കാരനായി ശുശ്രൂഷ ചെയ്യുക എന്നതായിരുന്നു. വലിയ പേരും പ്രശസ്തിയും ലഭിക്കുന്ന ഒരു ജോലിയായിരുന്നില്ല ഇത്. എന്നാല്‍ ഈ ജോലിയില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ അനേകരുണ്ട്. വിശുദ്ധ അന്‍ഡ്രേയ, വി. ഫൗസ്റ്റീന, വി. ബര്‍ണദീത്ത, വി. ജോസഫ് കുപ്പര്‍ത്തീനോ, തുടങ്ങിയവര്‍ക്ക് ലഭിച്ചിരുന്ന ജോലി വാതില്‍ക്കാവലായിരുന്നു. എന്നാല്‍ ലോകത്തിന് മുന്‍പില്‍ അത്ര വലുതല്ലാത്ത ഈ ജോലിയിലൂടെ അവര്‍ ദൈവത്തിന് മുന്‍പില്‍ വലിയവരായിത്തീര്‍ന്നു.

ദൈവം ബാഹ്യമായ കാര്യങ്ങളിലല്ല ശ്രദ്ധിക്കുന്നത്, മനുഷ്യന്റെ ആന്തരിക വ്യാപാരങ്ങളിലാണ്. ആര്‍ക്കും വിശുദ്ധരാകുവാന്‍ സാധിക്കുമെന്നതിന്റെ വ്യക്തമായ അടയാളമാണിത്. അവിടെയെത്തിയിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ക്ഷേമം അന്വേഷിക്കുകയും അവരെ സഹായിക്കുകയും ചെയ്യുകയായിരുന്നു കൊണ്‍റാഡിന്റെ ചുമതല. കൊണ്‍റാഡ് അല്പം ഉള്‍വലിയുന്ന സ്വഭാവമുള്ള വ്യക്തിയായിരുന്നു. കുറച്ചുമാത്രം സംസാരിക്കുന്നവന്‍. എങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കാന്‍ കൊണ്‍റാഡ് എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിരുന്നു. വളരെ ലളിതമായിരുന്നു കൊണ്‍റാഡിന്റെ സ്വഭാവം. ലൗകികകാര്യങ്ങളെക്കുറിച്ചും ലോകത്തിന്റെ വ്യാപാരത്തെക്കുറിച്ചും തീര്‍ത്തും അജ്ഞനായൊരു സന്യാസി എന്നാണ് എല്ലാവരും അദ്ദേഹത്തെ കരുതിയത്. അനേകം വ്യക്തികളുമായി ഇടപെട്ടിട്ടും ലോകത്തിന്റേതായ ഒരു സംസാരവും കൊണ്‍റാഡില്‍നിന്ന് വരുന്നില്ലെന്ന് കണ്ടപ്പോള്‍ എല്ലാവരും കരുതി അവന് എന്തോ കുറവുണ്ട് എന്ന്. എന്നാല്‍ ഉദാത്തമായ വിശുദ്ധിയുടെ പ്രതീകമായ ഒരു ലാളിത്യമായിരുന്നു അത്. ലോകത്തിനു മരിച്ച് ക്രിസ്തുവിനുവേണ്ടി മാത്രം ജീവിക്കുന്നവന്റെ, ആഴം മനസ്സിലാക്കാനാവാത്ത ഒരു അജ്ഞത. അറിയരുതാത്തത് അറിയാതിരിക്കുവാനും പറയരുതാത്തത് പറയാതിരിക്കുവാനും ചെയ്യരുതാത്തത് ചെയ്യാതിരിക്കുവാനും കാണിച്ച വലിയ വിവേകമായിരുന്നു അത് എന്ന് പിന്നീടാണ് ലോകം മനസ്സിലാക്കിയത്.

മറ്റുള്ളവരുടെ ആത്മാവിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനുള്ള വരം കൊണ്‍റാഡിനുണ്ടായിരുന്നു. അല്‍ത്തോത്തിങ്ങും യുദ്ധകാലത്ത് വലിയ ക്ഷാമത്തിലൂടെ കടന്നുപോയി. അനേകം പാവപ്പെട്ടവര്‍ ആശ്രമത്തിലെത്തി ഭിക്ഷ യാചിച്ചിരുന്നു. എല്ലാവര്‍ക്കും കൊണ്‍റാഡിന്റെ കരങ്ങളില്‍നിന്ന് എന്തെങ്കിലും ലഭിച്ചിരുന്നു. യേശു അത്ഭുതം പ്രവര്‍ത്തിച്ചതുപോലെ ഇല്ലായ്മയില്‍നിന്ന് അപ്പവും വീഞ്ഞുമൊക്കെ കൊണ്‍റാഡ് അവരുടെ വിശപ്പ് മാറ്റുന്നതിനായി പങ്കുവച്ചു. എല്ലാവര്‍ക്കും കൊടുക്കുവാന്‍ എവിടെനിന്നാണ് അദ്ദേഹത്തിന് ഭക്ഷണം ലഭിച്ചിരുന്നത് എന്ന് ഇന്നും ആര്‍ക്കും അറിയില്ല. പലപ്പോഴും കൊണ്‍റാഡ് അവരോട് പരിശുദ്ധ ദൈവമാതാവിന്റെ അത്ഭുതകരമായ തിരുസ്വരൂപത്തിന് മുന്‍പില്‍നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുമായിരുന്നു. പ്രാര്‍ത്ഥിച്ച് കഴിയുമ്പോഴേക്കും എവിടെനിന്നെങ്കിലും വിശക്കുന്നവര്‍ക്കുള്ള ഭക്ഷണവുമായി കൊണ്‍റാഡ് എത്തുകയായി. കുട്ടികളെ കൊണ്‍റാഡിന് വലിയ ഇഷ്ടമായിരുന്നു. യൂറോപ്പിലെ ഏറ്റവും സുപ്രധാനമായ ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലെ വാതില്‍ക്കാവല്‍ക്കാരനെന്ന നിലയില്‍ സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ചുമതലയും കൊണ്‍റാഡിനായിരുന്നു. എല്ലായ്‌പ്പോഴും പ്രാര്‍ത്ഥനയിലായിരുന്ന കൊണ്‍റാഡിന്റെ അധരങ്ങളില്‍ നിന്ന് പുറപ്പെടുന്ന വചനങ്ങള്‍ക്ക് ദൈവികസ്പര്‍ശമുണ്ടായിരുന്നു. അനേകരെ ആശ്വസിപ്പിക്കുവാനും ധാരാളംപേരുടെ സംശയങ്ങള്‍ ദുരീകരിക്കുവാനും കൊണ്‍റാഡിനായി. ഫ്രാന്‍സിസിന്റെ  'എല്ലായ്‌പ്പോഴും സുവിശേഷം പ്രസംഗിക്കുക, ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക' എന്ന ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരുന്ന വ്യക്തിയാണ് വി. കൊണ്‍റാഡ്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കൊണ്‍റാഡിന്റെ ജീവിതകാലത്ത് അള്‍ത്തോത്തിങ്ങിലെ മരിയന്‍ ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. അവരെയെല്ലാം സ്വീകരിക്കുകയും അവരോട് ദൈവസ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തതുവഴി അനേകരെ നന്മയിലേക്ക് നയിക്കുവാനും കൊണ്‍റാഡിന് കഴിഞ്ഞു. ആത്മാക്കളുടെ ആവശ്യം അവര്‍ പറയും മുന്‍പേ അദ്ദേഹം അറിഞ്ഞു. സൗഖ്യവും ആശ്വാസവും നല്‍കുന്ന ദൈവത്തിന്റെ കരങ്ങളായും കാതുകളായും കൊണ്‍റാഡ് പ്രവര്‍ത്തിച്ചു. എളിമയും വിനയമുള്ള ആ സന്യാസി അവരുടെ ഹൃദയങ്ങള്‍ കീഴടക്കി. അദ്ദേഹം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പറഞ്ഞ് മടങ്ങിപ്പോയവര്‍ക്കു വേണ്ടി ദിവസവും കൊണ്‍റാഡ് പ്രാര്‍ത്ഥിക്കുമായിരുന്നു. കാര്യങ്ങള്‍ സാധിച്ചോ എന്ന് പറയുവാന്‍ പലരും മടങ്ങിവന്നില്ല, എങ്കിലും മരണം വരെ അദ്ദേഹം തന്റെ പ്രാര്‍ത്ഥന തുടര്‍ന്നു. മരണശേഷം ലോകം അറിഞ്ഞ വസ്തുതയാണ്, കൊണ്‍റാഡിന്റെ പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ട് എന്നുള്ളത്. ദിവ്യബലിയില്‍ സഹായിക്കുക, കുമ്പസാരത്തിന് അവസരമൊരുക്കുക, സംഭാവനകള്‍ അധികാരികളെ ഏല്‍പിക്കുക തുടങ്ങി ധാരാളം ഉത്തരവാദിത്ത്വങ്ങള്‍ കൊണ്‍റാഡ് മടികൂടാതെ നിര്‍വഹിച്ചിരുന്നു. എന്തു ചെയ്യുന്നു എന്നതിലല്ല, എങ്ങനെചെയ്യുന്നു എന്നതിലാണ് വിശുദ്ധ അടങ്ങിയിരിക്കുന്നത് എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാകും. രാത്രിയില്‍ ഉറങ്ങുന്നതിന് പകരം പ്രാര്‍ത്ഥിക്കുവാനായിരുന്നു കൊണ്‍റാഡിനിഷ്ടം. അധികാരികളുടെ നിര്‍ബന്ധപ്രകാരം മാത്രമാണ് അദ്ദേഹം ഉറങ്ങുവാന്‍ പോയിരുന്നത്.

നിശ്ശബ്ദമായിരിക്കുന്ന സമയം മുഴുവന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വിനോദം. അല്പം മാത്രം സംസാരിച്ചിരുന്ന കൊണ്‍റാഡ് ഏറെ പ്രാര്‍ത്ഥിച്ചിരുന്നു.അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ രഹസ്യം. ഒരിക്കല്‍ കൊണ്‍റാഡ് തന്റെ സുഹൃത്തിനെഴുതിയ ഒരു കത്തില്‍ നാം ഇപ്രകാരം വായിക്കുന്നു ''ദൈവത്തില്‍ എല്ലായ്‌പ്പോഴും സന്തോഷം കണ്ടെത്താന്‍ എനിക്കാവുന്നുണ്ട്. സന്തോഷകരവും വേദനാജനകവുമായ സകലതും ഞാന്‍ എന്റെ സ്വര്‍ഗപിതാവിന്റെ കരങ്ങളില്‍ നിന്ന് സംതൃപ്തിയോടെ സ്വീകരിക്കുന്നു. നമുക്ക് ആവശ്യമുള്ളതും ഏറ്റവും നല്ലതും എന്താണെന്ന് ദൈവത്തിനറിയാം. അതിനാല്‍ ദൈവത്തില്‍ ഞാന്‍ സന്തോഷവാനാണ്. അവിടുത്തെ സ്‌നേഹിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യമേയുള്ളൂ. അത് ഞാന്‍ അവിടുത്തെ കുറച്ചുമാത്രമെ സ്‌നേഹിക്കുന്നുള്ളൂ എന്ന വസ്തുതയാണ്. എന്തെങ്കിലും സഹായം എനിക്ക് ആവശ്യമുണ്ടെങ്കില്‍ അത് ദൈവത്തെ സ്‌നേഹിക്കുന്നതിനാണ്. എങ്കിലും ഞാന്‍ മുന്നോട്ട് പോവുകയാണ്. സ്‌നേഹത്തിന് അതിരുകളില്ലല്ലോ.''

1894 ലായിരുന്നു കൊണ്‍റാഡിന്റെ മരണം. സന്യാസഭവനത്തിലെ എല്ലാവരും വളരെ സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടിയാണ് കൊണ്‍റാഡിനെ കണ്ടിരുന്നത്. രാത്രിയും പകലും അദ്ദേഹം അവിടെയുണ്ടായിരുന്നു. സന്ദര്‍ശകരുടെ കാര്യങ്ങള്‍ നോക്കുക മാത്രമായിരുന്നു ജോലി. വാഴ്ത്തപ്പെട്ട ആണ്‍ഡ്രേയ നാല്‍പത് വര്‍ഷങ്ങളാണ് വാതില്‍ക്കാവല്‍ക്കാരിയായിരുന്നത്. കൊണ്‍റാഡ് നാല്‍പത്തിയൊന്ന് വര്‍ഷവും. ചെറിയ ജോലികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയ വലിയ വിശുദ്ധരായിരുന്നു അവര്‍. എളിമയുടെ ഉദാത്തമാതൃകകളായിരുന്ന അവര്‍ തങ്ങള്‍ കഴിവുള്ളവരാണെന്നോ, വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്നോ, ഇത്തരം താണ ജോലികള്‍ ചെയ്തു ജീവിതം പൂര്‍ത്തിയാക്കിയാല്‍ ജീവിതം ഒരു പരാജയമാകുമെന്നോ ചിന്തിച്ചില്ല. ദൈവം തങ്ങളെ ഭരമേല്‍പിച്ചതിനെ മുഴുഹൃദയത്തോടും പരാതിയില്ലാതെയും സ്വീകരിക്കുകയും നിറഞ്ഞ സ്‌നേഹത്തോടെ അവ പൂര്‍ത്തിയാക്കുകയും ചെയ്തു. ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തെ സ്‌നേഹിക്കുവാനായി ഉപയോഗിക്കുക. ദൈവത്തെ സ്‌നേഹിക്കുന്നതിന്റെ ആഴം അനുസരിച്ച് നമ്മിലൂടെ അനുഗ്രഹങ്ങള്‍ മറ്റുള്ളവരിലേക്ക് ചൊരിയപ്പെടും. മറ്റുള്ളവരെ നോക്കി, അവര്‍ ചെയ്യുന്നത് നോക്കി നമ്മുടെ ജീവിതം പരാജയമായി എന്ന് വിലയിരുത്തരുത്. നാം ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ നമ്മുടെ ജീവിതവും ഒരു ദിവസം അനേകര്‍ക്ക് അനുഗ്രഹമാക്കി ദൈവം മാറ്റും. ലഭിച്ചിരിക്കുന്ന ജീവിതാവസ്ഥയിലും ചെയ്യുന്ന ജോലിയിലും  ദൈവതിരുമനസ്സ് കണ്ടെത്തുക. സന്യാസഭവനങ്ങളിലും വീടുകളിലും ലളിതമായ ജോലികള്‍ ചെയ്ത് സംതൃപ്തിയോടെ ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങി ജീവിക്കുന്ന അനേകരില്‍ വിശുദ്ധര്‍ മറഞ്ഞിരിക്കുന്നുണ്ട്.

കൊണ്‍റാഡിന്റെ മുറിയില്‍ ഇന്ന് ഒരു അള്‍ത്താര ഉയര്‍ന്നിരിക്കുന്നു. ബലിയര്‍പ്പിക്കാന്‍ തക്ക പരിശുദ്ധിയുള്ള ഒരു ഇടമായി കൊണ്‍റാഡിന്റെ മുറി മാറിയിരിക്കുന്നു. നമ്മുടെ മുറികളും നാം ജോലി ചെയ്ത സ്ഥലങ്ങളും വരും നാളുകളില്‍ ദൈവത്തിന് മഹത്വം നല്‍കി ബലിയര്‍പ്പിക്കപ്പെടുന്ന സ്ഥലങ്ങളായി രൂപാന്തരപ്പെടണമെങ്കില്‍, ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങി സംതൃപ്തരായിരിക്കുക. ലഭിക്കാത്തതിനെയും നിഷേധിക്കപ്പെട്ടതിനെയും കുറിച്ചുള്ള നമ്മുടെ പരാതികള്‍ ഉപേക്ഷിക്കുക. 1894 ഏപ്രില്‍ മാസം ഇരുപത്തിയഞ്ചാം തിയതി കൊണ്‍റാഡ് മരിച്ചു. 1934 ലാണ് കൊണ്‍റാഡ് വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ന്നത്. കൊണ്‍റാഡിന്റെ ചിത്രംപോലും ഇന്ന് അത്ഭുതവസ്തുവായി മാറിയിരിക്കുന്നു. ലോകം മുഴുവനും അറിയപ്പെട്ടതുകൊണ്ടോ, വലിയ കാര്യങ്ങള്‍ ചെയ്തതുകൊണ്ടോ അല്ല അത്. വിശുദ്ധമായ ഒരു ജീവിതം നയിച്ചതുകൊണ്ടാണ്. ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കുന്നവരെ വിശ്വാസികള്‍ക്ക് പ്രിയമുള്ളതാക്കി മാറ്റുവാന്‍ ദൈവത്തിന് കഴിയും. ജര്‍മ്മനിയില്‍ ആദ്യകാലങ്ങളില്‍ എടുക്കപ്പെട്ട ഫോട്ടോയും, വരയ്ക്കപ്പെട്ട എണ്ണചിത്രവും കൊണ്‍റാഡിന്റേതാണ്. ആത്മാക്കളുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുവാനുള്ള വരം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു മനുഷ്യന്റെ ആത്മീയ ജീവിതത്തിനും ഭൗതികജീവിതത്തിനും ഏറ്റവും അത്യാവശ്യമുള്ള ഒരു വരമാണിത്. മറ്റുള്ളവരുടെ ആത്മാവിന്റെ നിജസ്ഥിതിയറിഞ്ഞ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള വരത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

മരണശേഷം വെറും നാല്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊണ്‍റാഡിനെ തിരുസ്സഭ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. ആരും അറിയാതെ ജീവിച്ചിട്ടും ഇത്രയും വേഗത്തില്‍ വിശുദ്ധ പദവി സ്വന്തമാക്കിയ ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. 1934 ല്‍ നാസിപട്ടാളത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയരുമ്പോള്‍, രണ്ടാം ലോകമഹായുദ്ധത്തിന്റെ നടുവില്‍ ജര്‍മ്മനിയില്‍ നിന്ന് ഒരു വിശുദ്ധനെ റോം പ്രഖ്യാപിച്ചതും മഹനീയ അത്ഭുതങ്ങളിലൊന്നാണ്. സാഹചര്യങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വിശുദ്ധിയുടെ പരിമളത്തെയും പ്രകാശത്തെയും തടഞ്ഞുനിര്‍ത്താനാവില്ല. യുദ്ധകാലത്ത് മനുഷ്യജീവിതങ്ങള്‍ക്ക് വിലയില്ലാതാവുന്നു. മരിക്കുന്നവരുടേയും ജീവിച്ചിരിക്കുന്നവരുടേയും കണക്കുപോലും ആര്‍ക്കും വ്യക്തമല്ല. ബന്ധങ്ങളും ഭവനങ്ങളും അറ്റുപോകുന്നു. എന്നാല്‍ അതിനിടയില്‍ ലോകം അറിയുന്ന ഒരു ജീവിതത്തെക്കുറിച്ചുള്ള സംസാരം ഉയര്‍ന്നുകേള്‍ക്കണമെങ്കില്‍ അതിന് എത്രമാത്രം ശക്തിയുണ്ടാവണം, ദൈവത്തോടൊത്തുള്ള ജീവിതത്തിന്റെ ശക്തിയാണത്. ഈ ലോകത്തിലെ പേരും പ്രശസ്തിയുമൊക്കെ പരിമിതമാണ്. ഇവിടെ നമുക്ക് ചെയ്യാനാവുന്നതും പരിമിതം. എന്നാല്‍ കൊണ്‍റാഡിനെപ്പോലുള്ള വിശുദ്ധര്‍ ഇന്നും ജീവിക്കുന്നതിന്റെ ധാരാളം അടയാളങ്ങള്‍ നമുക്ക് കാണാം.

ലോകം മഹാന്മാരെന്ന് കരുതിയവരെ ഓര്‍മ്മിക്കാനും അവരെക്കുറിച്ച് മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കാനും പലരും കഷ്ടപ്പെടുകയാണ്. എന്നാല്‍ ദൈവം മഹത്തായി കരുതിയ ചില ജീവിതങ്ങളെ അവിടുന്ന് കല്ലറകള്‍ക്കപ്പുറത്തേക്ക് വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നു. മാര്‍ട്ടിന്‍ലൂഥറിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആദ്യമായി ജര്‍മ്മനിയില്‍ നിന്ന് വിശുദ്ധ പദവിയിലേക്കുയരുന്ന വ്യക്തിയാണ് വി. കൊണ്‍റാഡ്. ജപമാലയുടെയും പരിശുദ്ധ കുര്‍ബാനയുടേയും ഉപാസകനായ വി. കൊണ്‍റാഡ് തന്നെയാണ് അവര്‍ക്കുള്ള ഉത്തരം എന്ന് ദൈവം കണ്ടിരിക്കണം. അദ്ദേഹത്തിന്റെ ജീവിതം വളരെ ലളിതമായിരുന്നു. നാല്‍പത്തിയൊന്നു വര്‍ഷത്തോളം വാതില്‍ക്കാവല്‍ക്കാരനായി സംതൃപ്തിയോടെയുള്ള ശുശ്രൂഷ. ആത്മാക്കളുടെ അവസ്ഥയറിഞ്ഞ് അവരെ സ്‌നേഹിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരു മനസ്സ്. അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുകയും സമയം കണ്ടെത്തി ധാരാളം ജപമാലകള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുവാനുള്ള തീക്ഷ്ണത. കൊണ്‍റാഡ് ഇത്രയും ചെയ്തപ്പോള്‍ ദൈവം അദ്ദേഹത്തെ സ്വര്‍ഗത്തിലെ വിശുദ്ധരുടെ ഗണത്തില്‍ നിത്യസന്തോഷം അനുഭവിക്കുവാന്‍ വിളിച്ചു.

വിശുദ്ധ കൊണ്‍റാഡ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…