ഇന്നിന്റെ ആവശ്യങ്ങളെ, അതിന്റെ വെല്ലുവിളികളെ, അദ്ദേഹം ദര്‍ശനത്തിലെന്ന പോലെ കണ്ടിരിക്കണം. മുന്‍പെന്നത്തേക്കാളുമുപരി ആ ദര്‍ശനങ്ങളും ചിന്തകളും ആധുനികയുഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടുതാനും. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

പ്രകൃതിയും മനുഷ്യനും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. എന്നിട്ടുപോലും വരാനിരിക്കുന്ന കാലത്തിന്റെ വെല്ലുവിളികളെ ഒരു പ്രവാചകന്റെ ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം കണ്ടു. ഫ്രാന്‍സീസ് അസ്സീസ്സിയെ സംബന്ധിച്ചിടത്തോളം ഈശ്വരനും പ്രകൃതിയും മനുഷ്യനുമെല്ലാം ഒന്നായിരുന്നു. പ്രകൃതിയിലെ ഈശ്വരസാന്നിദ്ധ്യത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സൃഷ്ടാവായ ദൈവത്തെ അദ്ദേഹം ആദരിച്ചിരുന്നു. ക്രിസ്തുവിനുശേഷം പിതാവായ ദൈവത്തെക്കുറിച്ച് മറ്റാര്‍ക്കും ഇത്തരത്തില്‍ ആഴമായ ദര്‍ശനങ്ങളുണ്ടായിരുന്നിരിക്കില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാകണം രണ്ടാമത്തെ ക്രിസ്തുവെന്ന് അദ്ദേഹം വിളിക്കപ്പെട്ടതും. 

ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ ലൗദാത്തോ സി ആരംഭിക്കുന്നതുതന്നെ ഫ്രാന്‍സിസ്സ്അസ്സീസിയുടെ കവിതയോടെയാണ്. പ്രകൃതിക്കെതിരെയുളള മനുഷ്യന്റെ വിവേചനരഹിതമായ കടന്നുകയറ്റങ്ങളും മനുഷ്യജീവനെതിരെയുളള അതിക്രമങ്ങളും കൊണ്ട് കലുഷിതമായ ആധുനികയുഗത്തില്‍ ഫ്രാന്‍സിസ് അസ്സീസിയുടെ ദര്‍ശനങ്ങള്‍ ഒന്നു വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുമ്പോള്‍ പിറക്കാന്‍ പോലുമനുവദിക്കാതെ പിഞ്ചുകുഞ്ഞുങ്ങളെ ഉദരത്തില്‍വച്ചുതന്നെ നശിപ്പിക്കുമ്പോള്‍, അര്‍ഹിക്കുന്നവന് നീതി നിഷേധിക്കപ്പെടുമ്പോള്‍, പ്രകൃതിയുടെ പച്ചപ്പ് ഇല്ലാതാക്കപ്പെടുമ്പോള്‍ ഓര്‍ക്കുക അസ്സീസിയിലെ ഫ്രാന്‍സിസിനെ..അദ്ദേഹത്തിന്റെ നിത്യഹരിത ദര്‍ശനങ്ങളെ..