ജനനം: 1576 ഏപ്രില്‍  24
മരണം: 1660 സെപ്റ്റംബര്‍ 27
വാഴ്ത്തപ്പെട്ടവന്‍: 1729 ജൂലൈ 14
വിശുദ്ധ പദവി: 1737 ജൂണ്‍ 16

സഭ വലിയ പാപികളുടെ ഉദയം കണ്ട് സമയങ്ങള്‍തന്നെയാണ് പലപ്പോഴും വലിയ വിശുദ്ധരുടെ ജീവിതത്തിനും സാക്ഷ്യം വഹിച്ചത്. സഭയെ പീഡിപ്പിച്ചവരുടെ നീണ്ടനിരയുയര്‍ന്നപ്പോള്‍ സഭയെ സ്‌നേഹിക്കുന്നവരുടെയും നിരതന്നെ ദൈവം സഭയിലുയര്‍ത്തി. സഭയുടെ നിലനില്‍പു തന്നെ അപകടത്തിലാവുന്ന സമയങ്ങളില്‍ സഭയോടുള്ള സ്‌നേഹം വിശ്വാസികളില്‍ ജനിപ്പിച്ചത് പലപ്പോഴും വിശുദ്ധരിലൂടെയാണ്. അവരില്‍ പലരുടെയും ജീവിതം സഭയുടെ മനോഹാരിത തെളിയിക്കുന്നതായിരുന്നു. ദൈവത്തിന്റെ ആഹ്വാനത്തോട് 'അതെ' എന്ന് ഉത്തരം നല്‍കുന്നവര്‍ വിരളമായിക്കൊണ്ടിരിക്കുന്നതാണ് സഭയുടെ തളര്‍ച്ചയ്ക്ക് കാരണം. അപ്പോള്‍ അനേകരുടെ സമര്‍പ്പണത്തെ തങ്ങളുടെ ജീവിതത്തില്‍ സമന്വയിപ്പിച്ച് ചിലര്‍ വലിയ സമര്‍പ്പണങ്ങള്‍ നടത്തും. അത്തരമൊരു വിശുദ്ധജീവിതത്തിനുടമയായിരുന്നു വിശുദ്ധ വിന്‍സെന്റ് ഡി പോള്‍.

അഹങ്കാരികളെ പരാജയപ്പെടുത്തുന്നതിനായി എളിമയുള്ളവരെ ഞാന്‍ സകലരുടേയും മുമ്പില്‍ ഉയര്‍ത്തും എന്ന് അവിടുന്ന് അരുളിച്ചെയ്തു. മദര്‍ തെരേസയുടെ ജീവിതശൈലിയുമായി വളരെ സാമ്യമുള്ള ജീവിതമാണ് വിന്‍സെന്റ് ഡി പോള്‍ കാഴ്ചവച്ചത്. വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച വിന്‍സെന്റ് ഡി പോളിന് എപ്പോഴും പാവപ്പെട്ടവരോട് എന്തെന്നില്ലാത്ത ഒരു സ്‌നേഹം തോന്നിയിരുന്നു. ചെറുപ്രായത്തില്‍തന്നെ സ്‌നേഹത്തിന്റെ പൂര്‍ണത അവനില്‍ കണ്ടുതുടങ്ങി. ദൈവത്തോടും മനുഷ്യരോടും സഹാനുഭൂതിയും അനുകമ്പയും അവനില്‍ നിറഞ്ഞുനിന്നു. ആടുമേയിക്കുമ്പോള്‍ സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ഗാനരൂപത്തില്‍ ആലപിക്കുകയായിരുന്നു അവന്റെ ഇഷ്ടവിനോദങ്ങള്‍. വിശുദ്ധിയുടെ വിത്തുകള്‍ അവന്റെ മനസ്സിലും ആത്മാവിലും വിതച്ചത് പാവപ്പെട്ടവരെങ്കിലും, സ്‌നേഹം നിറഞ്ഞ അവന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. തന്റെ മകന്റെ വിദ്യാഭ്യാസത്തിലുള്ള അഭിരുചി കണ്ട് പിതാവ് തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും അതിനായി മാറ്റിവച്ചു. പിന്നീട് ഫ്രാന്‍സിസ്‌കന്‍ സന്യാസികളുടെ സഹായത്തോടെയും അവന്റെ വിദ്യാഭ്യാസജീവിതം കരുപ്പിടിപ്പിച്ചു. മാത്രവുമല്ല കോമറ്റ് എന്നുപേരുള്ള ഒരു പണക്കാരന്റെ കുട്ടികളെ പഠിപ്പിക്കുവാനായി ആ നാളുകളില്‍ വിന്‍സെന്റിന് അവസരം ലഭിക്കുകയുണ്ടായി. അതില്‍നിന്നുള്ള ചെറിയ സമ്പാദ്യം കുടുംബത്തിന്റെ നടത്തിപ്പിനും സ്വന്തം വിദ്യാഭ്യാസത്തിനും അവനെ സഹായിച്ചു. 1596 ല്‍ ഇരുപത് വയസ്സുള്ളപ്പോള്‍ സര്‍വ്വകലാശാലാപഠനം പൂര്‍ത്തിയാക്കി വിന്‍സെന്റ് പൗരോഹിത്യപഠനം ആരംഭിച്ചു.

1600 ല്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഫ്രാന്‍സിസ്‌കന്‍സഭയില്‍ അവന്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ അദ്ദേഹം ആഗ്രഹിച്ചതുപോലെ മറ്റൊരു ക്രിസ്തുവായിത്തീരുക എന്നതുതന്നെയായിരുന്നു വിന്‍സെന്റിന്റെയും ജീവിതലക്ഷ്യം. സുവിശേഷം അനുസരിക്കുന്നതില്‍ അണുവിട വ്യതിചലിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. ധാരാളം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാമ്പത്തികമായി അദ്ദേഹത്തിനുണ്ടായിരുന്ന കടബാധ്യതകളും പണത്തിന്റെ അഭാവവും അതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയാണുണ്ടായത്. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യം മനസ്സിലാക്കിയ ധനികയായ ഒരു സ്ത്രീ തന്റെ മരണസമയത്ത് ധാരാളം വരുന്ന സ്വത്തുക്കള്‍ വിന്‍സെന്റിന്റെ പേരിലെഴുതി. 1605 ല്‍ തനിക്ക് ലഭിക്കാനുണ്ടായിരുന്ന അവകാശം സ്വന്തമാക്കുവാന്‍ വിന്‍സെന്റ് എത്തിയപ്പോള്‍ സ്വത്തുമായി ഒരാള്‍ മസേയിലേക്ക് കടന്നുകളഞ്ഞ വിവരമാണ് വിന്‍സെന്റിന് ലഭിച്ചത്. അവിടെയെത്തി ലഭിച്ച പണവുമായി തിരികെയുള്ള യാത്രയില്‍ അദ്ദേഹത്തിന് മറ്റൊരു സുഹൃത്തിനെക്കൂടെ ലഭിച്ചു. രണ്ടുപേരും കൂടി തിരികെ യാത്രയാരംഭിച്ചു. കപ്പലിലുള്ള യാത്ര അതിമനോഹരമായിരുന്നു. പണവും സ്വത്തുക്കളുമായി തിരികെ വരുന്ന കപ്പല്‍ താമസിയാതെ കടല്‍ക്കൊള്ളക്കാരുടെ കൈയ്യില്‍പെട്ടു. ദാരുണമായ പീഡനത്തിന്റെയും വേദനയുടേയും നാളുകളായിരുന്നു പിന്നീട്. കപ്പലില്‍ ബന്ധിതരായി അവര്‍ നയിക്കപ്പെട്ടു. എട്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിന്‍സെന്റ് ഡി പോളിനെയുമായി തീരമണിഞ്ഞ കപ്പലില്‍ അദ്ദേഹവും മറ്റ് അടിമകളോടൊപ്പം എണ്ണപ്പെട്ടു. ഫ്രഞ്ച് അധികാരികളെ ഭയന്ന് വഴിയില്‍വച്ച് വിലയ്ക്കുവാങ്ങിയ അടിമകളാണെന്നാണ് കൊള്ളക്കാര്‍ വിന്‍സെന്റിനെയും കൂട്ടുകാരെയും കുറിച്ച് വാര്‍ത്ത നല്‍കിയത്.

അടിമകളോടുള്ള അവരുടെ സമീപനം അതിക്രൂരമായിരുന്നു. എല്ലാത്തരം പീഡനങ്ങള്‍ക്കും വിധേയനായ വിന്‍സെന്റിനെ അവസാനം ഒരു മുക്കുവന്‍ വിലകൊടുത്തു വാങ്ങി. എന്നാല്‍ കടലില്‍ ജോലി ചെയ്യുവാന്‍ വിന്‍സെന്റിന് വശമില്ലെന്നറിഞ്ഞ് പ്രായമായ ഒരു വൈദ്യന് വിന്‍സെന്റിനെ അദ്ദേഹം വിറ്റു. വര്‍ഷങ്ങളായി താന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുകയായിരുന്നു ജോലി. മന്ത്രവാദങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അമ്പതു വര്‍ഷത്തെ പ്രായോഗിക പഠനങ്ങളായിരുന്നുവത്. അതിനിടയില്‍ കഴിഞ്ഞുകൂടുവാന്‍ വിന്‍സെന്റിന് നന്നേ കഷ്ടപ്പെടേണ്ടി വന്നു. അതിനിടയില്‍ മുസ്ലീം മതം സ്വീകരിച്ചാല്‍ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രനാകാമായിരുന്ന ഒരു അവസ്ഥയുണ്ടായി. പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥന ഒന്നുമാത്രമാണ് അതിക്രൂരമായ മര്‍ദനങ്ങള്‍ക്കിടയിലും ക്രിസ്തീയ വിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ വിന്‍സെന്റിന് ശക്തി നല്‍കിയത്. ദൈവം ആര്‍ക്കും താങ്ങാവുന്നതിലും അധികം വേദന അനുവദിക്കുന്നില്ലല്ലോ. വൃദ്ധനായ ആ മനുഷ്യന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ബന്ധുവില്‍ നിന്നും വിന്‍സെന്റിന് വേദനയേല്‍ക്കേണ്ടി വന്നു. എന്നാല്‍ പിന്നീട് അവര്‍ ക്രിസ്തുമതം ഉപേക്ഷിച്ച ഒരു മുസ്ലീമിന് വിന്‍സെന്റിനെ വിറ്റു. അദ്ദേഹത്തിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു. അവരിലൊരാള്‍ ജോലിക്കിടയില്‍ വിന്‍സെന്റ് ആലപിക്കുന്ന സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും കേള്‍ക്കുവാനിടയായി. ഇത്രമേല്‍ ശ്രേഷ്ഠമായ ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചതിന് അവള്‍ തന്റെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുവാന്‍ തുടങ്ങി. അങ്ങനെ ഭര്‍ത്താവിന് മാനസാന്തരമുണ്ടായപ്പോള്‍, അദ്ദേഹവും വിന്‍സെന്റും കൂടി മറ്റുള്ളവരുടെ സഹായത്തോടെ ഫ്രാന്‍സില്‍ അവിഞ്ഞാണിലേക്ക് രക്ഷപ്പെട്ടു.

പിന്നീട് ആ മനുഷ്യനും രോഗികളെ സന്ദര്‍ശിക്കുന്ന ഒരു സന്യാസസഭയില്‍ ചേരുവാനിടയായി. അവിഞ്ഞോണ്‍ ഒരു കാലത്ത് മാര്‍പ്പാപ്പമാരുടെ പുണ്യപാദം പതിഞ്ഞ സ്ഥലമായിരുന്നല്ലോ. രക്തസാക്ഷികളുടെ ചൂടുനിണത്താല്‍ പണിതുയര്‍ത്തപ്പെട്ട ക്രിസ്തീയവിശ്വാസത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ട് വന്ന ദൈവത്തോട് വിന്‍സെന്റിന് അതിയായ നന്ദിയുണ്ടായിരുന്നു. വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും കൈമാറുന്നതിനുമായി താനും അനേകം പീഡകള്‍ ഏറ്റെടുത്തിരുന്നല്ലോ. എങ്കിലും അവിടെ തങ്ങുന്നതിനെക്കാള്‍ പാരീസിലേക്ക് പോകുന്നതിനാണ് വിന്‍സെന്റ് ഇഷ്ടപ്പെട്ടത്. പാരീസിലെ അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ നാളുകളും അധികം നീണ്ടില്ല. വിന്‍സെന്റ് താമസിച്ചിരുന്ന ഭവനത്തില്‍ത്തന്നെയുണ്ടായിരുന്ന ഒരു ജഡ്ജിയുടെ വലിയ സ്വത്തുക്കള്‍ ആരോ ആ നാളുകളില്‍ മോഷ്ടിക്കുവാനിടയായി. താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും കള്ളക്കേസില്‍ കുടുങ്ങി, ആറുവര്‍ഷത്തോളം വിന്‍സെന്റ് ജയില്‍ വാസം അനുഭവിച്ചു. ഈ ആറുവര്‍ഷവും ആരും തുണയില്ലാതിരുന്നിട്ടും പരാതിയും പരിഭവവുമില്ലാതെ സഹനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു. ഒരിക്കല്‍പോലും തന്നെ ന്യായീകരിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നിരുന്നില്ല എന്നതാണ് അതിലും ആശ്ചര്യകരം.

ദൈവം എല്ലാ സത്യങ്ങളും അറിയുന്നു എന്നത് മാത്രമായിരുന്നു ചോദ്യങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ ഏക ഉത്തരം. താന്‍ നിരപരാധിയാണെന്നറിഞ്ഞിട്ടും തന്നെ സംശയിക്കുകയും തടവിലാക്കുകയും ചെയ്ത ആരോടും അദ്ദേഹം പരിഭവം വച്ചുപുലര്‍ത്തിയില്ല. ഒരു വൈദികനായിരിക്കെ ആരും തന്നെ തിരിച്ചറിയാത്തപ്പോഴും ആവശ്യമുള്ള സഹായം അദ്ദേഹം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുമായിരുന്നു. ദൈവം അനുവദിച്ച സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും തന്റെ ദൗത്യനിര്‍വഹണത്തിനുള്ള അവസരങ്ങളായി മാത്രമാണ് വിന്‍സെന്റ് കണ്ടത്. ജീവിക്കുന്ന ഒരു രക്തസാക്ഷിത്വത്തിന്റെ മാതൃകയായിരുന്നു അദ്ദേഹം. സകലതും അദ്ദേഹത്തിന് ദുഖകരമായിരുന്നില്ല. ആ നാളുകളില്‍ സ്‌നേഹമുള്ള ഒരു വൈദികനെ കണ്ടെത്താന്‍ വിന്‍സെന്റിന് സാധിച്ചു. പിന്നീട് ഈ വൈദികന്‍ കര്‍ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഈ വൈദികനുമായുള്ള പരിചയം ശിക്ഷ കഴിഞ്ഞപ്പോള്‍ പാരീസിന് പുറത്തുള്ള ചെറിയൊരു ഇടവകയില്‍ സേവനം ചെയ്യുവാന്‍ വിന്‍സെന്റിന് അവസരമൊരുക്കി. പിന്നീട് പലരുടേയും ആത്മീയ പിതാവായും വിന്‍സെന്റ് സേവനം ചെയ്തു. വിശുദ്ധ കൂദാശകള്‍ അര്‍പ്പിക്കുന്നത് വിന്‍സെന്റിന് അതിയായ സന്തോഷം പ്രദാനം ചെയ്യുന്ന കാര്യമായിരുന്നു. പ്രത്യേകിച്ച് കുമ്പസാരക്കൂട്ടില്‍ ചിലവഴിക്കുന്നത്. ഒരു ദിവസം മരണാസന്നനായൊരാളുടെ കുമ്പസാരം കേള്‍ക്കുവാന്‍ പോയ വിന്‍സെന്റിന് ആ ആത്മാവിന്റെ ശോചനീയാവസ്ഥ മനസിലായി.

കുമ്പസാരം നടത്തുന്നത് പലര്‍ക്കും ആ നാട്ടില്‍ അരോചകമാണെന്നും പാപങ്ങള്‍ ഏറ്റുപറയാതെയാണ് പലരും കുമ്പസാരിക്കുന്നതെന്നും അദ്ദേഹത്തിന് മനസിലായി. പിന്നീട് ദേവാലയത്തില്‍ വിശുദ്ധ പൗലോസിന്റെ മാനസാന്തരദിവസം കുമ്പസാരത്തെക്കുറിച്ച് മനോഹരമായ ഒരു പ്രസംഗം അദ്ദേഹം നടത്തുകയുണ്ടായി. നൂറുകണക്കിനാളുകള്‍ കുമ്പസാരിക്കുവാന്‍ തയ്യാറായി. മറ്റു വൈദികരുടെ സഹായം തേടേണ്ടിവന്നു. ഈ മഹനീയ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് ജനുവരി പതിനഞ്ചാം തിയതി വിന്‍സെന്റ് ഡി പോള്‍ സമൂഹത്തില്‍ അംഗങ്ങളായവര്‍ പ്രത്യേക അനുസ്മരണങ്ങള്‍ നടത്താറുണ്ട്. കര്‍ദിനാളായിത്തീര്‍ന്ന, അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും ജ്ഞാനവും മനസിലാക്കിയിരുന്നു. കര്‍ദിനാളിന്റെ അനുവാദത്തോടുകൂടി അഞ്ച് സഹോദരന്‍മാരോടൊപ്പം പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിന്‍സെന്റ് ആരംഭിച്ചു. വിശ്വാസത്തില്‍ നിന്ന് ദാരിദ്ര്യംമൂലം വ്യതിചലിച്ചവരും ജീവിക്കാന്‍ വേണ്ടി ധാര്‍മ്മികമൂല്യങ്ങള്‍ കാറ്റില്‍ പറത്തുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ദൈവത്തിന് വേദനാജനകമായ ജീവിതം നയിക്കുന്ന സകലരോടും സത്യത്തിന്റെ പാതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കുകയും നന്മയുടെ പാത അവര്‍ക്ക് സ്വന്തം പ്രവൃത്തികളിലൂടെ കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. മുന്‍പ് വിന്‍സെന്റ് സഹായിച്ചിരുന്ന പ്രഭുവിന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി വിന്‍സെന്റിനെയും സഹോദരങ്ങളെയും ധാരാളമായി സഹായിച്ചു. ആദ്യം കര്‍ഷകരെ സഹായിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് അവര്‍ തുടങ്ങിയത്. പിന്നീടാണ് വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ജീവിതവുമായി വിന്‍സെന്റ് ബന്ധപ്പെടുന്നത്.

ഫ്രാന്‍സിസ് സാലസാണ് പാവപ്പെട്ടവരോട് സഹാനുഭൂതിയും അനുകമ്പയും പ്രകടിപ്പിച്ച് വിസിറ്റേഷന്‍ സന്യാസസഭയ്ക്ക് ആരംഭം കുറിച്ചത്. അതിന്റെ സുപ്പീരിയറായിരുന്ന ജെയ്ന്‍ ഫ്രാന്‍സിസ് ഡെ ഷന്താള്‍ എന്ന മറ്റൊരു വിശുദ്ധയുടെ സന്യാസഭവനത്തിലെ സഹോദരിമാരുടെ സഹായം തേടുവാന്‍ വിന്‍സെന്റ് ആഗ്രഹിച്ചുവെങ്കിലും പുറത്തുപോകുവാന്‍ അവരുടെ നിയമം അനുവദിക്കാതിരുന്നത് ഈ പദ്ധതിക്ക് തടസ്സമായി. പിന്നീടാണ് കോണ്‍വെന്റ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ വിന്‍സെന്റിന്റെ മനസിലുരുത്തിരിയുന്നത്. നാളുകള്‍ക്ക്‌ശേഷം ജെയ്ന്‍ ഫ്രാന്‍സിസ് ഷന്താളിന്റെ ആത്മീയപിതാവായി പ്രവര്‍ത്തിക്കുന്നതും വിന്‍സെന്റാണ്. രണ്ടുപേരും പാവപ്പെട്ടവരോടും അനാഥരോടും കരുണകാട്ടിയിരുന്നവരും വിശുദ്ധജീവിതത്തിനുടമകളുമായിരുന്നു. ദൈവം എല്ലാക്കാലത്തും വിശുദ്ധരെ സഭയിലുയര്‍ത്തുമ്പോള്‍ അവര്‍ക്ക് തുണയും സഹായവും എത്തിക്കുന്നതിനും പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. വിശുദ്ധരുടെ ജീവിതത്തിലും, മറ്റുവിശുദ്ധരുമായി അസാധാരണമാംവിധം അവര്‍ സംവദിക്കുന്നത് നാം ചരിത്രത്തില്‍ കാണാറുണ്ട്. ദൈവം സകലതും ക്രമീകരിക്കുന്നതാണ്. പരസ്പരം ധൈര്യപ്പെടുത്തുവാനും ആശ്വസിപ്പിക്കുവാനും മനസ്സിലാക്കുവാനും വിശുദ്ധര്‍ക്ക് അവിടുന്ന് വിശുദ്ധരെത്തന്നെ നല്‍കുന്നു. ഇതും ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. ജെയ്ന്‍ ഷന്താളും സഹോദരിമാരും വിന്‍സെന്റിന്റെ നിര്‍ദേശപ്രകാരം പാവപ്പെട്ടവരെയും അശരണരെയും സഹായിച്ചുകൊണ്ടിരുന്നു.

1625 ഉന്നതവിദ്യാഭ്യാസവും അറിവും അനുഭവവുമുള്ള ലൂയിസ് മരിയ എന്നൊരു സ്ത്രീയും അവരോടൊപ്പം കൂടി. ഭര്‍ത്താവ് മരിച്ചപ്പോള്‍ വിന്‍സെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് അവള്‍ പാരീസിലെത്തിയതായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുകയായിരുന്നു അവളുടേയും ലക്ഷ്യം. ലൂയിസ് മരിയയുടെ ഭവനത്തിലായിരുന്നു വിന്‍സെന്റ് ഡി പോള്‍ സന്യാസിനിസഭയുടെ ആരംഭം. ദൈവം തന്റെ മഹനീയ ജ്ഞാനത്തില്‍ സകലതും ക്രമപ്പെടുത്തുകയായിരുന്നു. പ്രഖ്യാതയായ കാതറിന്‍ ലബോറെ ഈ സമൂഹത്തിലെ അംഗമായിരുന്നു. അവള്‍ക്ക് ലഭിച്ച ദര്‍ശനങ്ങളിലൂടെ പരിശുദ്ധ ദൈവമാതാവ് ധാരാളം സന്ദേശങ്ങള്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. അത്ഭുതമെഡലിന്റെ ഉത്ഭവം പരിശുദ്ധ അമ്മ അവള്‍ക്ക് നല്‍കിയ ദര്‍ശനത്തില്‍ നിന്നായിരുന്നു. പുതിയതായി സ്ഥാപിക്കപ്പെട്ട സംഘടന വളരെ തീക്ഷ്ണതയോടുകൂടിയാണ് രോഗികളെയും വേദനിക്കുന്നവരെയും പരിചരിച്ചിരുന്നത്. ഈ സമൂഹത്തിലെ പലരും രോഗബാധിതരായാണ് മരിച്ചത്. അവരുടെ സമര്‍പ്പണവും തീക്ഷ്ണതയുമാണ് പടര്‍ന്നുപിടിച്ച പല പകര്‍ച്ചവ്യാധികളിലും നിന്ന് രക്ഷനേടുവാനും സമാധാനത്തില്‍ മരിക്കുവാനും പലരേയും സഹായിച്ചത്. സ്‌നേഹമാണ് നിലനില്‍ക്കുന്ന സത്യം. സഹോദരങ്ങളില്‍ ക്രിസ്തുവിനെ ദര്‍ശിക്കാതെ ഒരാള്‍ക്ക് വിശുദ്ധനാകുവാന്‍ സാധിക്കില്ല. സ്വര്‍ഗത്തില്‍ പ്രവേശനവുമുണ്ടാവില്ല. അന്ത്യവിധിനാളില്‍ ഈ ചെറിയവരില്‍ ഒരുവന് ചെയ്ത് കൊടുത്തതിനെ അടിസ്ഥാനമാക്കിയാണല്ലോ നമ്മുടെ വിധി വരുന്നത്. അത്തരം സ്‌നേഹത്താല്‍ ജ്വലിച്ച വിന്‍സെന്റും കൂട്ടരുമായിരുന്നു ഈ സേവനത്തിന് പിന്നില്‍.

പിന്നീട് സഭാനേതൃത്വം അവരുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഒരു കോളേജ് തുടങ്ങുന്നതിനുള്ള അനുവാദവും സഹായവും നല്‍കുകയുണ്ടായി. മുന്‍പ് നാം വിവരിച്ച പ്രഭുകുടുംബം സാമ്പത്തികമായി അവരെ സഹായിക്കുകയും ചെയ്തു. വിന്‍സെന്റിനെ ഏറെ സഹായിച്ച പ്രഭ്വി ആ വര്‍ഷം തന്റെ നിത്യസമ്മാനം നേടുവാനായി യാത്രയായി. വാഗ്ദാനം ചെയ്തതുപോലെ മരണസമയത്ത് പ്രാര്‍ത്ഥിക്കുവാനും അന്ത്യകൂദാശകള്‍ നല്‍കുവാനുമായി വിന്‍സെന്റും അവരുടെ അടുക്കലുണ്ടായിരുന്നു. അതിനുശേഷമാണ് തന്റെ സന്യാസസഭയോടൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ ചെയ്യുന്നതിനുള്ള അവസരം വിന്‍സെന്റിന്റെ ജീവിതത്തില്‍ സംജാതമായത്. രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുതിയതായി ഉയര്‍ന്നുവന്ന ഈ സമൂഹത്തിന് ധാരാളം സഹായങ്ങള്‍ ചെയ്തു. താമസിക്കുവാനും രോഗികളെ പരിചരിക്കുവാനും ഉതകുന്നതരത്തിലുള്ള ധാരാളം ഭവനങ്ങള്‍ അവയിലുണ്ടായിരുന്നു. സന്യാസസഭയുടെ ആവശ്യങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കുമായിട്ടാണ് അവയെല്ലാം ഉപയോഗിച്ചിരുന്നത്. ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവും സ്ഥിരതയും വ്രതങ്ങളായി സ്വീകരിച്ച സെക്കുലര്‍ വൈദികരാണ് ഈ സമൂഹത്തിലുള്ളത്. പാവപ്പെട്ടവരുടെ ഇടയില്‍ അവരുടെ ശരീരങ്ങള്‍ക്കും ആത്മാക്കള്‍ക്കുമായി സേവനം ചെയ്യുകയായിരുന്നു അവരുടെ ദൗത്യം. സ്ഥാപക പിതാവിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് സ്വന്തം വിശുദ്ധീകരണത്തിനുവേണ്ടിയുള്ള സുകൃതങ്ങള്‍ അഭ്യസിക്കുന്നതും മാനസാന്തരവും പൗരോഹിത്യത്തിലേക്കുള്ള ദൈവവിളികളുടെ പ്രോത്സാഹനവും സുഗമമാക്കുന്നതും അവരുടെ സഭയുടെ ലക്ഷ്യങ്ങളാണ്.

വിന്‍സെന്റ് ഡി പോളിന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കണ്ട് പരിശുദ്ധ പിതാവ് അലക്‌സാണ്ടര്‍ ഏഴാമന്‍ പൗരോഹിത്യസ്വീകരണത്തിനൊരുങ്ങുന്ന എല്ലാവരും വിന്‍സന്റ് ഡി പോളിന്റെ സഭയിലെ പത്തു ദിവസത്തെ ധ്യാനം കൂടിയിരിക്കണമെന്ന് നിര്‍ദേശിക്കുകപോലും ചെയ്തു. ലോകത്തെ വിന്‍സെന്റ് ഡി പോള്‍ സ്വാധീനിച്ചത് വളരെ വ്യത്യസ്തമായിട്ടായിരുന്നു. ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടേയും തടവറജീവിതത്തിന്റെയും ഒടുവില്‍ മഹത്തായ ഒരു നക്ഷത്രമായി അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ലോകം മുഴുവനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ഇന്നും അനുഭാവം പ്രകടിപ്പിക്കുന്നു. ഫ്രാന്‍സ് മുതല്‍ ഇറ്റലിയിലെ പിയദ്‌മോന്റ് വരെയും ഹോളണ്ടിലും എന്നുവേണ്ട യൂറോപ്പ് മുഴുവനും ഇരുപത്തഞ്ചോളം ഭവനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. അതുപോലെ സന്യാസസഭയ്ക്ക് പുറമെ കോണ്‍ഫ്രറ്റേര്‍ണിറ്റികളും സ്ഥാപിച്ചു. രോഗികള്‍ക്കായും യുവതികളുടെ വിദ്യാഭ്യാസത്തിനായും അനാഥകുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായും അത്തരം സഹായസംഘങ്ങള്‍ അദ്ദേഹം രൂപീകരിക്കുകയുണ്ടായി. ഇത്രമാത്രം പ്രവര്‍ത്തനനിരതനായിരുന്നുവെങ്കിലും കുമ്പസാരക്കൂട്ടില്‍ പാപികളുടെ മാനസാന്തരത്തിനായി ചിലവഴിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.

പാവപ്പെട്ടവരുടേയും പണക്കാരുടേയും സുഹൃത്തായിരുന്നു വിന്‍സെന്റ്. പണമുള്ളവരുമായുള്ള സുഹൃദ്ബന്ധത്തിലൂടെ അനേകം പാവപ്പെട്ടവരെ സഹായിച്ച മഹത്‌വ്യക്തിത്വത്തിനുടമ. ദൈവത്തിന്റെ മക്കളാണ് സകലരും - അത് മാത്രമായിരുന്നു അദ്ദേഹത്തിനുള്ള ഏക തിരിച്ചറിവ്. ആരും വേദനിക്കരുതെന്നാഗ്രഹിച്ച വിശാലഹൃദയത്തിനുടമ. ദിവസത്തില്‍ പലപ്രാവശ്യം അദ്ദേഹം ശരീരത്തില്‍ കുരിശടയാളം വരയ്ക്കുമായിരുന്നു. അപ്രകാരം കുരിശിനോട് എല്ലായ്‌പ്പോഴും ജീവിതത്തെ ചേര്‍ത്തുവയ്ക്കുന്നതില്‍ അദ്ദേഹം ആനന്ദിച്ചു. ദൈവഹിതത്തിന് തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചു. ഭൂമിയില്‍ വേദനിക്കുന്നവരുടെ മുന്‍പില്‍ തനിക്കാവുന്നതെല്ലാം അദ്ദേഹം യാതൊരു മടിയും കൂടാതെ ചെയ്യുമായിരുന്നു. സഭയില്‍ ഉയര്‍ന്നുവന്ന തെറ്റായ പഠനങ്ങല്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ദൈവകൃപയെ സംബന്ധിച്ച് ലൂവെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരധ്യാപകന്‍ തെറ്റായ പഠനങ്ങള്‍ നല്‍കുകയുണ്ടായി. മനുഷ്യന്റെ പതനത്തിന് മുന്‍പും പിന്‍പുമുള്ള കൃപയുടെ ജീവിതത്തെക്കുറിച്ച് ചില പഠനങ്ങള്‍ അദ്ദേഹം നടത്തിയതിനെ പരിശുദ്ധ പിതാവ് പീയൂസ് അഞ്ചാമന്‍ നിശിതമായി വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തു. ഈ അദ്ധ്യാപകന്‍ സഭയുടെ നിര്‍ദേശങ്ങളെ സ്വീകരിച്ചുവെങ്കിലും കോര്‍ണേലിയൂസ് ജാന്‍സണെപ്പോലുള്ള ചിലര്‍ പ്രസ്തുത പഠനങ്ങള്‍ ശരിയാണെന്ന് വിചാരിച്ചു. എന്നാല്‍ ജാന്‍സണും താന്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ മടിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ അനുയായി ഈ പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പിന്‍ഗാമിയാണ് പിന്നീട് ജാന്‍സിയനിസം എന്നപേരില്‍ ഉയര്‍ന്നുവന്ന പാഷണ്ഡതയുടെ ഉപജ്ഞാതാവ്. വെര്‍ഗര്‍ എന്ന ഈ ദൈവശാസ്ത്രജ്ഞന്റെ പഠനങ്ങളില്‍ വിന്‍സെന്റ് ഡി പോളും ആദ്യമൊക്കെ ആകൃഷ്ടനായിരുന്നു. എന്നാല്‍ സഭയുടെ പഠനങ്ങള്‍ക്ക് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് മനസിലായതോടുകൂടി പ്രസ്തുത പഠനങ്ങളെ തള്ളിക്കളയുന്നതിന് വിന്‍സെന്റ് തയ്യാറായി. സത്യത്തെ സംരക്ഷിക്കുന്നതിനും തെറ്റിനെ വെളിച്ചത്ത് കൊണ്ടുവരുന്നതിനും അദ്ദേഹം അക്ഷീണം പരിശ്രമിക്കുകയും ചെയ്തു.

കൂദാശകളുടെ ഒരു മനുഷ്യനായിരുന്നു വിന്‍സെന്റ് ഡി പോള്‍. കുമ്പസാരത്തിനായി വിശ്വാസികളെ ഒരുക്കുന്നതിന് അഭൗമികമായ കൃപയാണ് ദൈവം അദ്ദേഹത്തിന് നല്‍കിയിരുന്നത്. കുറ്റബോധമല്ല നമ്മെ കുമ്പസാരത്തിലേക്ക് നയിക്കേണ്ടത് മറിച്ച് ദൈവത്തെ വേദനിപ്പിച്ചല്ലോ എന്നുള്ള പാപബോധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പാപത്തോടുകൂടി ജീവിക്കുന്നത് എല്ലാ കൂദാശകളോടുമുള്ള നിന്ദനത്തിന് കാരണമാകുന്നു. 1658 ല്‍ വിന്‍സെന്റ് ഡി പോളിന്റെ ആത്മീയ പുത്രന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു. അപ്പോള്‍ അദ്ദേഹം തയ്യാറാക്കിയ ഒരു ചെറിയ പുസ്തകമാണ് അവരുടെ സഹായത്തിനായി നല്‍കിയിരുന്നത്. പിന്നീട് അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പയും ക്ലെമന്റ് പത്താമന്‍ പാപ്പയും ഈ പുതിയ സമൂഹത്തെ അംഗീകരിച്ചു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തി. എണ്‍പതാമത്തെ വയസ്സില്‍ ഗുരുതരമായ പനിബാധിച്ച് അദ്ദേഹം വളരെ കഷ്ടതയനുഭവിച്ചിരുന്നു. എങ്കിലും രാവിലെ എഴുന്നേറ്റ് മൂന്നുമണിക്കൂര്‍ പ്രാര്‍ത്ഥിക്കുകയും ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം വീഴ്ചവരുത്തിയില്ല. എല്ലാവര്‍ക്കും ആശീര്‍വാദം നല്‍കി അന്ത്യകൂദാശകളും സ്വീകരിച്ച് സന്തോഷത്തോടെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞ് നിത്യസമ്മാനം വാങ്ങുവാനായി പോയത്.

1660 സെപ്തംബര്‍ 27നാണ് അദ്ദേഹം പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായത്. പാരീസിലെ ലാസറസ് ദേവാലയത്തില്‍ ഭൗതീകശരീരം സംസ്‌കരിച്ചു. ആരുമില്ലാത്ത, വെറുമൊരു അടിമയുടെ ജോലി ചെയ്ത് വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ ഒരു നോക്കുകാണുവാന്‍ അനേകര്‍ അവസാനനാളുകളില്‍ അനേകര്‍ എത്തി. സകലരോടും വിടചൊല്ലി അദ്ദേഹം സ്വപിതാവിന്റെ ഭവനത്തിലേക്ക് യാത്രയായി. മരണശേഷം അത്ഭുതങ്ങള്‍ ധാരാളമായി സംഭവിച്ചുകൊണ്ടിരുന്നു. 1712 അന്വേഷണത്തിനായി കല്ലറ തുറന്നപ്പോള്‍ ശരീരം കേടുകൂടാതെയിരിക്കുന്നതാണ് കണ്ടത്. അന്‍പത്തി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിശുദ്ധമായ ആ ശരീരത്തെ സ്പര്‍ശിക്കുവാന്‍ കീടങ്ങള്‍ തയ്യാറായില്ല. ജനങ്ങളെല്ലാം അദ്ദേഹത്തെ ജീവിച്ചിരിക്കുമ്പോള്‍ മുതല്‍ ഒരു വിശുദ്ധനായിട്ടാണ് കണ്ടത്. 1729 ല്‍ അദ്ദേഹം വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. 1742 ല്‍ ക്ലെമന്റ് പന്ത്രണ്ടാമന്‍ പാപ്പ വിന്‍സെന്റ് ഡി പോളിനെ വിശുദ്ധരുടെ ഗണത്തിലേക്കുമുയര്‍ത്തി. നന്മ തിന്മകളെ വിവേചിച്ചറിയാനാകാതെ അടിമത്തങ്ങളില്‍ നിന്ന് അടിമത്തങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് വിശുദ്ധ ജീവിതം എന്നും അത്ഭുതം തന്നെയാണ്. ദൈവത്തോട് സംസാരിച്ചതിനാല്‍ വിശുദ്ധര്‍ സത്യമെന്തെന്ന് അറിയുകയും അക്ഷീണം അതിനെ അനുഗമിക്കുകയും ചെയ്യുകയും ചെയ്തു. പാപമോചനവും രക്ഷയും സ്വന്തമാക്കുവാന്‍ പരാതിയും പരിഭവവുമില്ലാത്ത ഒരു ജീവിതം നയിക്കുവാന്‍ നമുക്കും സാധിക്കട്ടെ.

ദൈവഹിതത്തിന് കീഴ്‌വഴങ്ങുമ്പോള്‍ മഹനീയമായ വിളികള്‍ നല്‍കി അവിടുന്ന് നമ്മുടെ ജീവിതത്തെയും അനുഗ്രഹിക്കും. പിതാവിനോടുള്ള ബന്ധം പ്രതിസന്ധികളുടെ നടുവിലും വേര്‍പെടുത്താതെ സൂക്ഷിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിശുദ്ധിയുടെ ആകെത്തുക. സംഭവങ്ങളെക്കാളും സാഹചര്യങ്ങളെക്കാളും ദൈവത്തിന്റെ മുഖത്ത് നോക്കി പ്രയാണം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായി. പാവപ്പെട്ടവരോടുള്ള സ്‌നേഹവും സഭയോടുള്ള വിധേയത്വവും അദ്ദേഹം കൈവെടിഞ്ഞില്ല. സ്വയം മറന്ന് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചു. ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കുവാനുള്ള വഴികള്‍ തുറക്കുകയല്ലാതെ മറ്റൊരു സംരംഭവും അദ്ദേഹത്തിന്റെ വഴിത്താരയില്‍ വിരിഞ്ഞില്ല. ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കുവാനും അനേകര്‍ക്ക് മോചനദ്രവ്യമായി നല്‍കപ്പെടുവാനുമാണ് താന്‍ വന്നിരിക്കുന്നതെന്ന യേശുവിന്റെ വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ടാണ് അദ്ദേഹം യാത്രയായത്.

കുരിശിന്റെ വഴിക്കു ശേഷം മാത്രമാണ് മഹത്വത്തിന്റെ രാജ്യത്ത് അദ്ദേഹത്തിനും പ്രവേശിക്കാനായത്. പാവപ്പെട്ടവരുടെ അപ്പസ്‌തോലനായിട്ടാണ് അദ്ദേഹം പലപ്പോഴും അറിയപ്പെടുന്നത്. സഭയോടും വിശുദ്ധ കൂദാശകളോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും വര്‍ണനാതീതമായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ലഭിക്കുന്ന ശക്തിയാണ് അദ്ദേഹത്തിന് പാവങ്ങളെ സഹായിക്കുന്നതിനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്തത്. ഒരു വൈദികന്റെ കടമകള്‍ നന്നായി നിര്‍വഹിച്ച് ദൈവം ഏല്‍പിച്ച സകലകാര്യങ്ങളിലും വിശ്വസ്തത പുലര്‍ത്തുന്നതില്‍ തീക്ഷ്ണത കാണിച്ച് ജീവിതം അര്‍ത്ഥപൂര്‍ണമായി ജീവിച്ചുതീര്‍ക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. 

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…