ആദിമ ക്രിസ്ത്യാനികളുടെ കാലഘട്ടത്തില്‍ അനവധി രക്തസാക്ഷികളില്‍ ഒരു രക്തസാക്ഷി വി.സെബസ്ത്യാനോസ്.  വി. സെബസ്ത്യാനോസ് കേരളക്രൈസ്തവന്റെ സ്വന്തമാണ്. നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കാത്ത ഇടവകകള്‍ കേരളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. ആദിമകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആളായതുകൊണ്ട് കൃത്യമായ ചരിത്രസാക്ഷ്യം ലഭ്യമല്ല. തലമുറകള്‍ കൈമാറിപോന്ന പാരമ്പര്യങ്ങള്‍ നമ്മുടെ  വിശ്വാസത്തിലുണ്ട്. ക്രിസ്തുവിന്റെ അനുയായി ആയി എന്ന കാരണത്താല്‍ ആദിമകാലങ്ങളില്‍ ധാരാളം പേരെ ഭരണാധികാരികള്‍ കൊന്നിട്ടുണ്ട്. റോം ആയിരുന്നു ഏറ്റവും പീഡകള്‍ നടന്നിട്ടുള്ള സ്ഥലം. സിംഹക്കൂട്ടില്‍ എറിഞ്ഞും കുരിശില്‍ തറച്ചും എണ്ണയില്‍ താഴ്ത്തിയും അമ്പെയ്തുമൊക്കെ കൊല്ലുക എന്നതായിരുന്നു അന്നത്തെ രാജാക്കന്മാരുടെ ഇഷ്ടവിനോദം. കൂടുതല്‍ പീഡകള്‍ സംഭവിക്കുംതോറും ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിച്ചുവന്നു. കാരണം ആദിമ ക്രിസ്ത്യാനികള്‍ ഒരു കറയുമില്ലാതെ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തിയിരുന്നു. സഭയുടെ ആരംഭം മുതല്‍ 3000 വര്‍ഷത്തോളം  ക്രിസ്ത്യാനികള്‍ക്ക് മര്‍ദ്ദനം മാത്രമായിരുന്നു ലഭിച്ചത്. 

എ.ഡി. 225 നോടടുത്ത് ഫ്രാന്‍സിലെ നര്‍ബോണ്‍ പട്ടണത്തില്‍ വി. സെബസ്ത്യാനോസ് ജനിച്ചു എന്നതാണ് പാരമ്പര്യം. നല്ല സാമ്പത്തികശേഷിയുളള കുടുംബത്തില്‍ ജനിച്ച അദ്ദേഹം പിന്നീട് റോമിലേക്ക് പോയി. ബഹുമുഖവ്യക്തിത്ത്വമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം  സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് റോമന്‍ ചക്രവര്‍ത്തിമാര്‍ അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് പട്ടാളക്കാര്‍ പ്രത്യേകിച്ചും ചക്രവര്‍ത്തിയെ ആരാധിക്കണമെന്നായിരുന്നു നിയമം.  ഇത് അംഗീകരിക്കാന്‍ സെബാസ്ത്യാനോസിന് കഴിഞ്ഞില്ല. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിച്ചുകൊണ്ട് ജയിലില്‍ അടയ്ക്കപ്പെട്ടവരുടേയും പട്ടാളത്തിന്റെയും ഇടയില്‍ മിഷന്‍ പ്രവര്‍ത്തനം അദ്ദേഹം നടത്തി. രക്തസാക്ഷിത്വം ഒരു ഭാഗ്യമായി കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അപ്പോള്‍. മതപീഡനത്തില്‍  വേദനിക്കുന്നവര്‍ക്ക് ധൈര്യം പകര്‍ന്നു കൊടുക്കുന്നതില്‍ സെബസ്ത്യാനോസ് വളരെ സമര്‍ത്ഥനായിരുന്നു. 

ഒരു രഹസ്യദൂതന്‍  വഴി സെബാസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്ന് ചക്രവര്‍ത്തി മനസ്സിലാക്കി . കോപംകൊണ്ട് ചക്രവര്‍ത്തിക്ക് കലി കയറി. അതുവരെ ചക്രവര്‍ത്തിക്ക് സെബസ്ത്യാനോസിനെ ബഹുമാനമായിരുന്നു. സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്നത് ചക്രവര്‍ത്തിക്ക് സഹിക്കാവുന്നതിലേറെയായിരുന്നു. ചക്രവര്‍ത്തി സെബാസ്ത്യാനോസിനെ വിളിപ്പിച്ച് കാര്യം ആരാഞ്ഞു. ചക്രവര്‍ത്തിയോടും രാജ്യത്തോടും തന്റെ ഔദ്യോഗികചുമതലകളോടും ഒട്ടും അവിശ്വസ്തത കാണിച്ചിട്ടില്ല എന്നാല്‍ തന്റെ പവിത്രമായ മതവിശ്വാസം ആര്‍ക്കുവേണ്ടിയും ബലികഴിക്കില്ല. അതില്‍ ചക്രവര്‍ത്തി ഇടപെടേണ്ട കാര്യമില്ല. സെബസ്ത്യാനോസ് തീര്‍ത്തും ധൈര്യസമേതം പറഞ്ഞു. 

സെബസ്ത്യാനോസിന്റെ കഴിവിലുള്ള വിശ്വാസംകൊണ്ട് ശിക്ഷ ഇങ്ങനെയാക്കി. ദേവന് ബലിയര്‍പ്പിച്ച് ജീവന്‍ രക്ഷിക്കാന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. സെബസ്ത്യാനോസ്  വഴങ്ങിയില്ല. തീയില്‍ ദഹിപ്പിക്കുമെന്ന് രാജാവ് ഭീഷണിപ്പെടുത്തി. തീയില്‍ നടക്കുന്നത് റോസപ്പൂമെത്തയില്‍ നടക്കുന്നതുപോലെയാണെന്നായി സെബസ്ത്യാനോസ്.  ശിക്ഷ മാറ്റി, മരത്തില്‍ ചേര്‍ത്ത് ബന്ധിച്ച് അമ്പെയ്ത് കൊല്ലാന്‍ രാജാവ് കല്‍പ്പിച്ചു.  അമ്പെയ്ത് പീഡിപ്പിച്ചു എന്നതാണ് അമ്പ് പെരുന്നാളിന്റെ പ്രസക്തി. അമ്പെയ്തില്‍് അദ്ദേഹം വധിക്കപ്പെട്ടിരുന്നില്ല. മരിച്ചു എന്നാണ് ചക്രവര്‍ത്തി കരുതിയിരുന്നത്. മരിക്കാറായ അദ്ദേഹത്തെ ക്രിസ്ത്യാനികള്‍ രഹസ്യമായി കൊണ്ടുപോയി ശുശ്രൂഷിച്ചിരുന്നു. കുറെയൊക്കെ സുഖപ്പെടുകയും ചെയ്തിരുന്നു. വീണ്ടും അദ്ദേഹം കൊട്ടാരത്തില്‍ പോയി. 

കൊട്ടാരത്തില്‍് കണ്ട സെബസ്ത്യാനോസിനെ ഗദകൊണ്ട് അടിച്ചുകൊല്ലാല്‍ ചക്രവര്‍ത്തി കല്‍പ്പിക്കുകയും ഒരു പട്ടാളക്കാരന്‍ ആ ക്രൂരകൃത്യം നിര്‍വ്വഹിക്കുകയും ചെയ്തു. അങ്ങനെ സെബസ്ത്യാനോസ്  സഭയിലെ ഒരു വീര രക്തസാക്ഷിയായി.  കോട്ടക്ക് പുറത്തേക്ക്  മൃതദേഹം എറിയപ്പെട്ടു. കഴുകന്മാര്‍ക്കുള്ള ഭക്ഷണമായി. പക്ഷെ കഴുകന്മാര്‍ മൃതശരീരത്തിന് കാവലിരിക്കുകയാണുണ്ടാത് എന്നാണ് പാരമ്പര്യം. നമ്മുടെ ചില പള്ളികളില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ പ്രദക്ഷിണസമയത്ത്  ആകാശത്ത് പരുന്ത് വന്ന് പറക്കുന്നതിന് ഈ ഐതീഹ്യവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. പകര്‍ച്ചവ്യാധികളേയും മാറാരോഗങ്ങളേയും സുഖപ്പെടുത്തുന്ന മദ്ധ്യസ്ഥനായാണ് വി.സെബസ്ത്യാനോസ്  അറിയപ്പെടുന്നത്. അതിന് കാരണവുമുണ്ട്.

എ.ഡി. 680 ല്‍ ഒരു വലിയ പകര്‍ച്ചവ്യാധി റോമാനഗരത്തെ ബാധിച്ചു. അനേകര്‍ മരിച്ചു. ചികിത്സകളെല്ലാം വിഫലമായി. അവസാനം നഗരവാസികള്‍ വി.സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം  അപേക്ഷിച്ചു. അങ്ങിനെ റോമാനഗരം പകര്‍ച്ചവ്യാധിയില്‍ നിന്നും മോചിപ്പിക്കപ്പെട്ടു.  1575 ല്‍ മിലാന്‍ പട്ടണവും 1599 ല്‍ ലിസ്ബണ്‍ നഗരവും  പകര്‍ച്ചവ്യാധികള്‍ കൊണ്ട് കഷ്ടപ്പെട്ടപ്പോള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥശക്തിയാണ് തുണയായത്.  കൂടാതെ നമ്മുടെ നാട്ടിലും വസൂരി മുതലായ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോഴും വി.സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥശക്തിയാല്‍ വലിയ ആശ്വാസം ലഭിച്ചതിന് നാമും നമ്മുടെ പൂര്‍വ്വികര്‍ സാക്ഷികളാണ്. വി. സെബസ്ത്യാനോസ്‌വഴിയായി ഒരുപാട് അത്ഭുതങ്ങള്‍ ഈശോ ചെയ്യുന്നുണ്ട്. സെബസ്ത്യാനോസ്  പുണ്യാളന്‍വഴി അപേക്ഷിച്ചാല്‍ ദൈവം അത് സാധിച്ചുതരും.
 
വിശുദ്ധ സെബസ്ത്യാനോേസ, ഞങ്ങള്‍ക്കുവേ
ണ്ടി അപേക്ഷിക്കണമെ