വത്തിക്കന്‍ സിറ്റി: ലോകംമുഴുവനും വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പാ ടെലിവിഷന്‍ കാണാറില്ലത്രേ! അര്‍ജന്റീനിയന്‍ പത്രം ലാസ് വോസ് ഡെല്‍ പ്യൂബ്ലോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാപ്പാ ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് തന്റെ ജീവിതശൈലിയെക്കുറിച്ച് സംസാരിക്കവേ, 1990 ജൂലൈ മാസം മുതല്‍ താന്‍ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തിയെന്നും അത് ദൈവമാതാവിനോട് ത്യാഗപൂര്‍വ്വം നടത്തിയ ഒരു വാഗ്ദാനത്തിന്റെ ഫലമായിരുന്നെന്നും  പറഞ്ഞത്. കത്തോലിക്കാസഭയുടെ ഏറ്റവും ഉന്നതമായ സ്ഥാനം തന്നെ തേടിയെത്തിയിട്ടും ആ വാഗ്ദാനത്തിന് ഭംഗം വരുത്തിയിട്ടില്ലെന്ന് പറയുമ്പോള്‍ ലോകം ആശ്ചര്യപ്പെടുന്നു.

തനിക്കേറെ ഇഷ്ടമുള്ള ഫുട്‌ബോള്‍കളി കാണുവാനോ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അിറയാനോ താന്‍ ടെലിവിഷന്‍ കാണാറില്ലെന്നും മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നാണ് വാര്‍ത്തകള്‍ അിറയുന്നതെന്നും പാപ്പാ പറഞ്ഞു. ല റിപ്പബ്ലിക്ക എന്ന ഇറ്റാലിയന്‍ ദിനപ്പത്രം എല്ലാദിവസവും വായിക്കും. അതാണ് പലപ്പോഴും വാര്‍ത്തകള്‍ അറിയാനുള്ള വഴിയായി സ്വീകരിക്കുന്നത്.

ഇന്റര്‍നെറ്റില്‍ യാതൊന്നും തിരയാറില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കാറുമില്ല. എല്ലാ ദിവസവും അതിരാവിലെ 4 മണിക്ക് ഉറക്കമുണരുന്ന പാപ്പ ഉച്ചക്ക് അല്പസമയം വിശ്രമിക്കാറുണ്ട്. രാത്രി ഒമ്പതുമണിയാകുമ്പോള്‍ കിടപ്പുമുറിയിലെത്തി ഒരു മണിക്കൂര്‍ വായിക്കും. പിന്നീട് ഉറക്കം. ലളിതമായ തന്റെ ജീവതശൈലിയെക്കുറിച്ചും ലോകത്തുള്ള എല്ലാക്കാര്യങ്ങളും അറിയണമെന്ന മോഹമില്ലായ്മയെക്കുറിച്ചും പാപ്പാ വാചാലനായപ്പോള്‍ മാധ്യമങ്ങള്‍ അത്ഭുതപ്പെട്ടു.

പാപ്പാ ആയപ്പോള്‍ തനിക്ക് നഷ്ടപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും അധികമായി വേദനിപ്പിക്കുന്നത് തെരുവിലൂടെ ഇറങ്ങി നടക്കാനും ആളുകളെ കാണാനും കടയില്‍ പോയി പീസ കഴിക്കാനും സാധിക്കാത്തതാണെന്നും പാപ്പാ പറയുമ്പോള്‍ ആ എളിയ മനസ് നമുക്ക് കാണാനാകും.