കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്. നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക (എഫേസോസ് 6:1-2)

നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക (നിയമാവര്‍ത്തനം 5:16).
പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്‌ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും (പ്രഭാഷകന്‍ 3:3-6)

കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.  ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും. പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്, അവന്റെ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും (പ്രഭാഷകന്‍ 3:8-9).

മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്. അവന് അറിവു കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക; നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല; പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും. കഷ്ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും. പിതാവിനെ പരിത്യജിക്കുന്നത്‌ ദൈവദൂഷണത്തിനു തുല്യമാണ്; മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്റെ ശാപമേല്‍ക്കും (പ്രഭാഷകന്‍ 3:12-16).

 

പൂര്‍ണഹൃദയത്തോടെ പിതാവിനെബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്. മാതാപിതാക്കന്‍മാരാണു നിനക്കു ജന്‍മം നല്‍കിയതെന്ന് ഓര്‍ക്കുക; നിനക്ക് അവരുടെ ദാനത്തിന്എന്തു പ്രതിഫലം നല്‍കാന്‍ കഴിയും? (പ്രഭാഷകന്‍ 7:27-28).

നിനക്കു ജന്‍മം നല്‍കിയ പിതാവിനെഅനുസരിക്കുക; വൃദ്ധയായ അമ്മയെ നിന്ദിക്കരുത് (സുഭാഷിതങ്ങള്‍ 23:22).

നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേ ണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക (പുറപ്പാട് 20:12).