ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമായി പീഡനങ്ങളുമുണ്ടാകുമെന്ന് ഫ്രാന്‍സിസ് പാപ്പ. അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പീറ്റര്‍ ഗബ്രോയാന്‍ ഇരുപതാമനൊപ്പം ദിവ്യബ്ബലിയര്‍പ്പിച്ചു നടത്തിയ പ്രസംഗത്തിലാണ് പാപ്പയുടെ പരാമര്‍ശം.
യേശുവിനെ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്ന ക്രൈസ്തവര്‍ക്ക് പീഡനങ്ങള്‍ ഉണ്ടാകാതിരിക്കില്ല. പീഡനങ്ങളില്ലാത്ത ക്രിസ്തീയത ഇല്ല. അവസാനത്തെ സുവിശേഷഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുക. നിന്നെ നിന്ദിക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി സിനഗോഗിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതാണ് ക്രസ്ത്യാനിയുടെ വിധി. 
ഇന്നും ഇത് ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് തടയാന്‍ ശക്തിയുള്ള നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവന്റെ വിധി നമ്മളും നേരിടുന്നു. യേശുവിന്റെ അതേ പാതയിലൂടെ മുമ്പോട്ട് പോവുക പാപ്പ ആഹ്വാനം ചെയതു.
യേശുവിനോട് ജനങ്ങള്‍ ചെയ്ത അതേ കാര്യങ്ങള്‍ ചരിത്രത്തിലൂടെ അവന്റെ ശരീരമാകുന്ന സഭയോടും പ്രവൃത്തിച്ചെന്നു അര്‍മേനിയയിലുണ്ടായ പീഡനങ്ങളെ ഉദ്ധരിച്ച് പാപ്പ പറഞ്ഞു. 
അര്‍മേനിയന്‍ പാത്രിയാര്‍ക്കീസിനോടും ബിഷപ്പുമാരുമൊത്ത് അര്‍പ്പിച്ച ആദ്യബലിയില്‍ പീഡനങ്ങളേറ്റ് ക്രൈസ്തവസാക്ഷ്യം നല്‍കി മരണമടഞ്ഞ എല്ലാ അര്‍മേനിയന്‍ പുണ്യാത്മാക്കളെയും പാപ്പ അനുസ്മരിച്ചു. ക്രിസ്തുവില്‍ പ്രകാശിതമായ യേശുവിന്റെ രഹസ്യത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവ് കര്‍ത്താവ് പ്രദാനം ചെയ്യട്ടെയെന്ന് പാപ്പ ആശംസിച്ചു.
ദേഷ്യത്തില്‍ നിന്നുളവാകുന്ന പ്രവൃത്തികളുടെ കുരിശ് വഹിച്ചവനാണ് യേശു. തിന്മയുടെ പിതാവാണ് പീഡകരില്‍ ആ ദേഷ്യം ഇളക്കി വിടുന്നത്. യേശുവിന്റെ ശരീരമാകുന്ന സഭയിലൂടെ രക്തസാക്ഷികളോടുള്ള സ്‌നേഹവും രക്തസാക്ഷിത്വത്തിനുള്ള ദൈവവിളിയും നമുക്ക് അനുഭവവേദ്യമാകണം. ഇവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് അറിഞ്ഞുകൂടാ.
ഒരു ദിവസം ഇവിടെ പീഡനങ്ങള്‍ ഉണ്ടായാല്‍ ക്രൈസ്തവ രക്തസാക്ഷികള്‍ കാണിച്ച ധൈര്യവും സാക്ഷ്യവും പുലര്‍ത്തുന്നതിനുള്ള കൃപ കര്‍ത്താവ് നമുക്ക് നല്‍കട്ടെ എന്നു പാപ്പ പ്രാര്‍ത്ഥിച്ചു.