വത്തിക്കാന്‍: കുരിശാണ് ക്രിസ്തു ശിഷ്യരുടെ ശക്തിയെന്ന് ഫ്രാന്‍സിസ് പാപ്പ. കുരിശിലാണ് നാം അഭയം കണ്ടെത്തേണ്ടത്. ഇന്നലെ ആഗോള മെത്രാന്‍ സിനഡിന്റെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പുമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്‌നേഹിക്കാനും അന്യര്‍ക്കു സേവനം ചെയ്യാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കുരിശില്‍ മരിച്ച ക്രിസ്തുവാണ് ഇക്കാര്യത്തില്‍ നമ്മുടെ മാതൃക. പ്രതിസന്ധികളും വിഷമങ്ങളുമുണ്ടാകുമ്പോള്‍ നാം അഭയം കണ്ടെത്തേണ്ടതും കുരിശിലാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 

സഭയിലെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ചും മാര്‍പാപ്പ സിനഡംഗങ്ങളോട് സംസാരിച്ചു. സഭയില്‍ ഓരോരുത്തര്‍ക്കും കര്‍ത്താവ് ഓരോ ദൗത്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ദൗത്യങ്ങള്‍ ഉത്തരവാദിത്ത്വബോധത്തോടെ നിര്‍വ്വഹിക്കപ്പെടണം. അതോടൊപ്പം അധികാരം വേണ്ട വിധം വിനിയോഗിക്കുന്നതിലും ശ്രദ്ധിക്കണം. 

എല്ലാവരും വ്യത്യസ്തരാണ്. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലും ഐക്യത്തോടെ മുന്നേറണം. ആത്മായരും അജപാലകരും ഒരുമയോടെ പ്രവര്‍ത്തിക്കണം. അപ്പോഴാണ് നാം യഥാര്‍ത്ഥ ദൈവജനമാകുന്നത്. ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകാന്‍ സ്വയം ചെറുതായ യേശുവിനെപ്പോലെ ശുശ്രൂഷ ചെയ്യണമെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.