വത്തിക്കാന്‍ സിറ്റി: കരുണയുടെ വര്‍ഷാചരണത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പാ പുതിയ  അജപാലനനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍കൗണ്‍സില്‍പ്രസിഡന്റിന് അയച്ച കത്തിലാണ് പാപ്പായുടെ പുതിയ നിര്‍ദ്ദേശങ്ങള്‍.

എല്ലാ വിശ്വാസികള്‍ക്കും ദൈവത്തിന്റെ കരുണ പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശങ്ങള്‍. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന കരുണയുടെ വര്‍ഷത്തില്‍ എല്ലാ വൈദികര്‍ക്കും ഗര്‍ഭച്ഛിദ്രപാപത്തിന് കുമ്പസാരത്തിലൂടെ പാപമോചനം നല്‍കുന്നതിന് അധികാരമുണ്ടായിരിക്കുമെന്നു മാര്‍പാപ്പാ വ്യക്തമാക്കി. പാപികളെ തേടിയെത്തിയ ഈശോയുടെ അനുകമ്പ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് ബിഷപ്പുമാര്‍ക്കും അവര്‍ പ്രത്യേകം നിയോഗിക്കുന്ന വൈദികര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പ്രത്യേകപാപമോചനാധികാരം എല്ലാ വൈദികര്‍ക്കും നല്കിയത്. വിശുദ്ധവര്‍ഷത്തില്‍ ആരും ദൈവസന്നിധിയില്‍നിന്ന് അകലെയാകരുത്. പശ്ചാത്താപത്തോടെ തിരുസന്നിധിയിലെത്തുന്നവരെ തിരസ്‌കരിക്കരുത്. ബാഹ്യസമ്മര്‍ദ്ദവും തെറ്റിന്റെ ആഴത്തെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് പലപ്പോഴും ഗര്‍ഭച്ഛിദ്രത്തിലേയ്ക്ക് നയിക്കുന്നത്. ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്തപിക്കുന്ന ദൈവമക്കള്‍ക്കു പാപമോചനം ലഭിക്കണം.' മാര്‍പാപ്പാ വ്യക്തമാക്കി.

നമ്മുടെ പാപങ്ങള്‍ പൂര്‍ണമായി ക്ഷമിക്കുകയും മറന്നുകളയുകയും ചെയ്യുന്ന പിതാവിന്റെ കരുണാര്‍ദ്രമുഖം ജൂബിലിദണ്ഡവിമോചനമായി ഒരോരുത്തരെയും കണ്ടുമുട്ടാനിടയാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. നിര്‍ദേശിക്കപ്പെട്ട ദൈവാലയങ്ങളില്‍ വിശുദ്ധ വാതിലിലടെ കടക്കുന്നവര്‍ക്കാണ് പരമ്പരാഗതമായി ജൂബിലിയുടെ ദണ്ഡവിമോചനം ലഭിക്കുന്നത്. കുമ്പസാരത്തിലൂടെയും വിശുദ്ധകുര്‍ബാനയിലൂടെയും കരുണയെക്കുറിച്ചുള്ള ധ്യാനത്തിലൂടെയുമാണ് പൂര്‍ണ്ണദണ്ഡവിമോചനം സാധ്യമാകുന്നത്. വിശ്വാസപ്രഖ്യാപനവും മാര്‍പാപ്പായ്ക്കും മാര്‍പാപ്പായുടെ നിയോഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയും ദണ്ഡവിമോചനത്തിനുള്ള ഘടകങ്ങളാണ്. ജൂബിലിവര്‍ഷത്തില്‍ വിശുദ്ധവാതിലിലൂടെ ശാരീരികമായി തീര്‍ത്ഥാടനം നടത്താന്‍ സാധിക്കാത്ത രോഗികള്‍, തടവുകാര്‍, പ്രായമായവര്‍ തുടങ്ങിയവരിലേക്കും പിതാവിന്റെ കരുണ മാര്‍പാപ്പായുടെ കരുതലിലൂടെ വര്‍ഷിക്കപ്പെടുകയാണ്. ക്ലേശത്തിന്റെ നിമിഷങ്ങളില്‍ വിശ്വാസത്തോടും പ്രത്യാശാനിര്‍ഭരമായ ആനന്ദത്തോടുംകൂടെ ജീവിച്ചുകൊണ്ട് വിശുദ്ധകുര്‍ബാനയില്‍ സംബന്ധിക്കുകയോ ദിവ്യകാരുണ്യം സ്വീകരിക്കുയോ വിവിധമാധ്യമങ്ങളില്‍ കൂടെയുള്ള പൊതുപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്കും ജൂബിലിയുടെ ദണ്ഡവിമോചനം ലഭിക്കും.

അതുപോലെ തടവറകളില്‍ പരിമിതമായ സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് ജയിലുകളിലെ ചാപ്പലുകളില്‍നിന്ന് ദണ്ഡവിമോചനം സ്വീകരിക്കാനാവുമെന്ന് പാപ്പ പറഞ്ഞു. യഥാര്‍ത്ഥമായ മാനസാന്തരത്തോടെ സമൂഹത്തിലേക്ക് തിരിച്ചുവരുവാനും സത്യസന്ധമായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന തടവുകാര്‍ക്ക് പിതാവിന്റെ കരുണ അനുഭവവേദ്യമകട്ടെ എന്ന് പാപ്പാ ആശംസിച്ചു. ഒരോ തവണ സെല്ലിന്റെ വാതിലിലൂടെ കടന്നുപോകുമ്പോഴും പ്രാര്‍ത്ഥനയും ചിന്തയും പിതാവിലേക്ക് ഉയര്‍ത്തിക്കൊണ്ട് വിശുദ്ധവാതിലിലൂടെ കടന്നുപോകുന്ന അനുഭവം അവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കാരണം ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവകരുണയ്ക്ക് അഴികളെ സ്വാതന്ത്ര്യത്തിന്റെ അനുഭവമാക്കി രൂപാന്തരപ്പെടുത്താനും സാധിക്കും; പാപ്പാ വിശദീകരിച്ചു.

വിശ്വാസികള്‍ കരുണയുടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കും. വിശ്വാസത്തോടും പ്രത്യാശയോടും ഉപവിയോടുംകൂടെ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും ഫലമാണ് ജൂബിലിയിലെ പൂര്‍ണ്ണദണ്ഡവിമോചനം. നമ്മുടെയിടയില്‍നിന്ന് വേര്‍പിരിഞ്ഞുപോയവര്‍ക്കും ഈ ദണ്ഡവിമോചനം സാധ്യമാണ്. അവര്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ച് വിശുദ്ധരുടെ കൂട്ടായ്മ എന്ന മഹാരഹസ്യത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ പിതാവിന്റെ കരുണ സകല പാപങ്ങളും മോചിച്ച് അവരെ സ്വര്‍ഗത്തില്‍ എത്തിക്കും. പാപ്പാ വ്യക്തമാക്കി.