''ഈശോ ഗലീലിയില്‍നിന്നും ജറുസലേമിലേക്കു യാത്ര ചെയ്യുമ്പോള്‍ ഒരുവന്‍ ചോദിച്ചു. കര്‍ത്താവേ രക്ഷപ്പെടുന്നവര്‍ ചുരുക്കമാണോ?'' (ലൂക്കാ 13:23) മാര്‍പാപ്പാ തന്റെ പ്രസംഗത്തില്‍ പറഞ്ഞുതുടങ്ങി.''കര്‍ത്താവ് ഇതിന് നേരിട്ട് ഒരുത്തരം പറയുന്നില്ല. കാരണം രക്ഷപ്പെടുന്നവരുടെ എണ്ണമെടുത്തിട്ട് കാര്യമില്ലല്ലോ. അതിലും ഉപരിയായി രക്ഷയിലേക്കു നയിക്കുന്ന വഴി ഏതാണെന്ന് അറിയുകയാണ് പ്രധാനം.'' അതിനാല്‍ അവന്‍ പറഞ്ഞു.ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ ശ്രമിക്കുവിന്‍'' (13:24)

''വാതില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുക നമ്മുടെയൊക്കെ വീടിനെയാണ്. വീട്ടിലാണ് നമ്മള്‍ സ്‌നേഹവും സുരക്ഷിതത്വവും അനുഭവിക്കുന്നത്. ദൈവത്തിന്റെ വീട്ടിലേക്ക് നമുക്ക് പ്രവേശനംതരുന്ന ഒരു വാതിലുണ്ടെന്നാണ് ഈശോ പറയുന്നത്. ആ വാതില്‍ ഈശോതന്നെയാണ് (യോഹ 10:9) അവനാണ് രക്ഷയിലേയ്ക്കുള്ള വാതില്‍. ഈ വാതില്‍ എപ്പോഴും എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്ന രക്ഷയുടെ വാതിലാണ് ക്രിസ്തു. കാരണം അവന്‍ ആരെയും തന്റെ ഹൃദയത്തില്‍നിന്നും ഒരിക്കലും ഒഴിവാക്കുന്നില്ല.''

''നിങ്ങളില്‍ ചിലര്‍ക്ക് തോന്നിയെന്നിരിക്കും. ഞാന്‍ വലിയ പാപിയാണ്. അതിനാല്‍ ഞാന്‍ രക്ഷയുടെ വഴിക്കു പുറത്താണെന്ന്. അത് ശരിയല്ല. നീ വലിയ പാപിയായതിനാല്‍ത്തന്നെ നീ ക്രിസ്തുവിന് കൂടുതല്‍ പ്രിയപ്പെട്ടവനാണ്. കാരണം അവന്‍ പാപികളെ പ്രത്യേകം തിരഞ്ഞെടുക്കുന്നു, അവരോട് ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനുമായി.''

''നമ്മളെ ക്ഷണിച്ച് ആകര്‍ഷിക്കുന്ന അനേകം വാതിലുകള്‍ നമ്മളുടെ മുമ്പിലുണ്ട്. അവയെല്ലാം സുഖവും സന്തോഷവുമാണ് നമുക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ കാലക്രമേണ നമുക്ക് മനസ്സിലാകും അവയെല്ലാം ക്ഷണികങ്ങളാണെന്ന്. നിലനില്‍ക്കുന്ന സന്തോഷത്തിലേക്കും നിത്യമായ ജീവിതത്തിലേക്കുമുള്ള വാതില്‍ ക്രിസ്തുവാണ്.''