പാപ്പാ ഫ്രാന്‍സിസിന്റെ 10-ാമത് അപ്പസ്‌തോലിക സന്ദര്‍ശനത്തില്‍ സെപ്തംബര്‍ 26-ാം തീയതി ശനിയാഴ്ച രാവിലെ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തില്‍ ഫിലഡെല്‍ഫിയയിലെ കത്തീഡ്രല്‍ ദേവാലയത്തിലെ ദിവ്യബലിമദ്ധ്യേ നല്‍കിയ വചനചിന്തകള്‍. ഫിലാഡെല്‍ഫിയയിലെ മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പമാണ് പാപ്പാ ദിവ്യബലിയര്‍പ്പിച്ചത്. 

    ഫിലാഡെല്‍ഫിയ കത്തീഡ്രലിന്റെ ഉയര്‍ന്ന കനത്ത ഭിത്തികളെക്കുറിച്ച്  അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഇത് ഇവിടത്തുകാര്‍ക്കുള്ള സ്വഭാവമല്ല; അവര്‍ ഭിത്തികള്‍ പണിയുകയല്ല; മറിച്ച് അവ തകര്‍ക്കുകയാണ്. എന്ന് സ്വാര്‍ത്ഥതയുടെയും തന്‍കാര്യത്തിന്റെയും ഭിത്തികള്‍ ഇവിടത്തെ സമര്‍പ്പിതരായ കത്തോലിക്കര്‍ തലമുറതലമുറയായി തകര്‍ത്ത് പ്രാര്‍ത്ഥനയുടെയും, പഠനത്തിന്റെയും കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെ യും സേവനത്തിന്റെയും വിസ്തൃതമായ സമൂഹങ്ങള്‍ നിര്‍മ്മിക്കുകയാണ്. 

    ഈ നഗരത്തിന്റെ പ്രത്യേകതയാണ് മുട്ടിനു മുട്ടിനുള്ള ദേവാലയങ്ങള്‍. ഉയര്‍ന്ന മണിമാളികകളും ഗോപുരങ്ങളും മനുഷ്യരിലും സമൂഹങ്ങളിലും ദൈവികസാന്നിദ്ധ്യത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. രണ്ടു നൂറ്റാണ്ടായി ഇന്നാട്ടിലെ വൈദികരും സന്യസ്തരും അല്‍മായരും ഇവിടത്തെ പാവങ്ങളുടെയും  തടവുകാരുടേയും ആത്മീയ ആവശ്യങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതും, എന്നും കൈമാറേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതുമായ ഇന്നാടിന്റെ മഹത്തായ പൈതൃകമാണ്. 

    ഫിലദല്‍ഫിയായിലെ പ്രാദേശികസഭ വളര്‍ത്തിയെടുത്ത മഹാസിദ്ധരില്‍ ഒരാളായ ക്യാതറീന്‍ ഡ്രെക്‌സലിന്റെ കഥ നിങ്ങള്‍ കേട്ടുകാണും. മിഷന്റെ ആവശ്യങ്ങളെക്കുറിച്ച് അവള്‍ ലിയോ പതിമൂന്നാമന്‍ പാപ്പായോടു ചോദിച്ചപ്പോള്‍ മഹാനായ പാപ്പ  അവളോടു നേരെ ചോദിച്ചത്രേ നിനക്ക് സാധിക്കില്ലേ, നീ എന്തുചെയ്യാന്‍ പോവുകയാണ്? എന്ന് പാപ്പായുടെ ചോദ്യമാണ് ക്യാതറിന്റെ ജീവിത്തെ മാറ്റിമറിച്ചത്. അന്ന് അവള്‍ക്ക് കാരണം മനസ്സിലായി, അതായത് ജ്ഞാനസ്‌നാനത്തിന്റെ അവസരത്തില്‍ത്തന്നെ ഓരോ ക്രൈസ്തവനും പ്രേഷിതവിളി സ്വീകരിച്ചിട്ടുള്ളതാണ്. ക്രിസ്തുവിന്റെ മൗതികദേഹമാകുന്ന സഭയെ  പരിരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിലുമുള്ള ഉത്തരവാദിത്തത്തോട് നാം ഓരോരുത്തരും പ്രതികരിക്കേണ്ടതാണ്. 

    നിങ്ങള്‍  എന്തു പറയുന്നു? നിങ്ങള്‍ വൈദികരോ ഡീക്കന്മാരോ സന്ന്യാസസമൂഹത്തിലെ അംഗങ്ങളോ, ആരുമായിക്കൊള്ളട്ടെ സുവിശേഷസന്തോഷം പ്രസരിപ്പിക്കുന്നതിലും സഭയെ പരിപോഷിപ്പിക്കുന്നതിലും ഈ  ചോദ്യത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. ആദര്‍ശധീരയായ ഒരു യുവതിയോടാണ് നിങ്ങള്‍ എന്തു പറയുന്നു? എന്ന  ചോദ്യം ആദ്യം ചോദിച്ചത്. അത് അവളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു. താന്‍ ചെയ്തു തീര്‍ക്കേണ്ട മഹത്തായ കാര്യങ്ങളെക്കുറിച്ച് അവളെ ആ ചോദ്യം ഓര്‍മ്മിപ്പിക്കുകയും, തന്റേതായ കഴിവുകള്‍ പങ്കുവയ്ക്കാന്‍ അവള്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കുകയും  ചെയ്തു. നമ്മുടെ ഇടവകകളിലും സ്‌ക്കൂളുകളിലുമുള്ള എത്രയോ യുവാക്കള്‍ക്ക് ഈ ലക്ഷ്യവും ഔദാര്യത്തിന്റെ അരൂപിയും, ക്രിസ്തുവിനോടും സഭയോടുമുള്ള സ്‌നേഹവുമുണ്ട്? നാം അവരെ വെല്ലുവിളിക്കാറുണ്ടോ? അവരുടെ  കഴിവുകള്‍  പങ്കുവഹിക്കുവാനും പ്രകടമാക്കുവാനും വേണ്ടുവോളം ഇടം നാം അവര്‍ക്കു  നല്‍കാറുണ്ടോ? നമ്മുടെ  സമൂഹത്തില്‍, വിശിഷ്യ കാരുണ്യപ്രവൃര്‍ത്തികള്‍ ചെയ്യുന്നതിലും, മറ്റുള്ളവരെ സഹായിക്കുന്നതിലും  അവരുടെ ആവേശവും കഴിവുകളും  ഉപയോഗപ്പെടുത്തുവാനും പങ്കുവയ്ക്കുവാനുമുള്ള വഴി നാം ഒരുക്കാറുണ്ടോ? നാം നമ്മുടെതന്നെ സന്തോഷവും ഉന്മേഷവും കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി നല്‍കാറുണ്ടോ? 

    സഭാദൗത്യത്തില്‍ പങ്കുചേരുവാനുള്ള വ്യക്തിഗതമായൊരു ബോധവും മിഷണറി  ജോലി പ്രേഷിത പ്രവര്‍ത്തനം ഏറ്റെടുക്കുവാനും പൂര്‍ത്തീകരിക്കുവാനുമുള്ള കഴിവും എല്ലാ വിശ്വാസികളിലും വളര്‍ത്തിയെടുക്കുക, അങ്ങനെ ഈ ലോകത്ത് സുവിശേഷത്തിന്റെ പുളിമാവാക്കുക എന്നതാണ്, ഈ കാലഘട്ടത്തില്‍ സഭ നേരിടുന്ന മഹത്തായ വെല്ലുവിളി. മാറുന്ന സാഹചര്യങ്ങളോട് ഇഴുകിച്ചേരുവാനുള്ള ക്രിയാത്മകത ഇവിടെ ആവശ്യമാണ്. കാരണം പഴമയുടെ  പൈതൃകം മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മെ തുണച്ചിട്ടുള്ള സ്ഥാപനങ്ങളും അവയുടെ ഘടനകളും നിലനിര്‍ത്തിക്കൊണ്ടല്ല. അതിനും ഉപരിയായി ദൈവാത്മാവു നല്‍കുന്ന നവമായ സാദ്ധ്യതകളോട് തുറവി കാണിച്ചുകൊണ്ടും സുവിശേഷസന്തോഷം ജീവിതത്തില്‍ എല്ലാദിവസവം എക്കാലത്തും പങ്കുവച്ചുകൊണ്ടുമാണ്. 

    നിങ്ങള്‍ എന്തു പറയുന്നു? ഈ ചോദ്യം ഒരു അല്‍മായസ്ത്രീയോട്-സാധാരണ സ്ത്രീയോട്-ചോദിക്കുന്നത് ഉചിതമാണ്. കാരണം, ധൃതഗതിയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്ന  സഭയുടെ ഭാവിക്ക് അല്‍മായരുടെ സജീവമായ പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയിലെ സഭ മതബോധനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ മഹത്തായ സമര്‍പ്പണവും പുരോഗതിയും പ്രകടമാക്കിയിട്ടുണ്ട്. ഈ നല്ല അടിത്തറയില്‍ ഇനിയും ഊന്നിക്കൊണ്ട് ഭാവിതലമുറയ്ക്കായി നവമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ സഹകരണത്തിന്റെയും കൂട്ടായ ഉത്തരവാദിത്തത്തിന്റെയും  മനോഭാവം വളര്‍ത്തുക എന്നതാണ് ഇതിന്റെ വെല്ലുവിളി. എന്നാല്‍  നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ആത്മീയാധികാരം കൈവെടിയുക എന്ന് ഇതിന് അര്‍ത്ഥമില്ല, മറിച്ച് ദൈവാരൂപി  സഭയിലൂടെ നമ്മില്‍ വര്‍ഷിച്ചിരിക്കുന്ന  ബഹുമുഖങ്ങളായ ദാനങ്ങള്‍ വിവേകത്തോടും വിവേചനത്തോടുംകൂടി ഉപയോഗിക്കുക. പ്രത്യേകിച്ച് സ്ത്രീകള്‍, അല്‍മായരും സന്യസ്തരുമായവര്‍ സമൂഹജീവിതത്തിന് നല്‍കിയിട്ടുള്ളതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ മഹത്തായ സംഭാവനകള്‍ വിലമതിക്കുക. 

    നിങ്ങളുടെ ദൈവവിളിയെ പ്രചോദിപ്പിച്ച നിങ്ങള്‍ എന്തു പറയുന്നു എന്ന ക്രിസ്തുവിന്റെ ചോദ്യത്തിനു നിങ്ങള്‍ നല്‍കുന്ന ഉത്തരത്തിനും നിങ്ങളുടെ പ്രതികരണത്തിനും, പ്രിയ സഹോദരങ്ങളേ, നന്ദി പറയുന്നു. ക്രിസ്തുവുമായുള്ള പ്രഥമ കൂടിക്കാഴ്ച്ചയുടെ ആനന്ദം കാത്തുസൂക്ഷിക്കണമെന്നും നവീകരിക്കണമെന്നും ഞാന്‍ നിങ്ങ ളെ ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല അതില്‍നിന്നും  നവമായ ആനന്ദവും വിശ്വസ്തതയും ശക്തിയും ഉള്‍ക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ നിങ്ങളുടെകൂടെയുണ്ട്. എന്നാല്‍ ഈ പരിപാടികളില്‍ പങ്കെടുക്കാനാവാത്ത നിരവധി സഹോദരങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രായമായ വൈദികര്‍ക്കും സന്യസ്തര്‍ക്കും  എന്റെ സ്‌നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ അറിയിക്കുന്നു. 

    ആഗോള കുടുംബസംഗമത്തിന്റെ ഈ അവസരത്തില്‍ കുടുംബങ്ങള്‍ക്കായുള്ള പ്രേഷിതപ്രവര്‍ത്തനങ്ങളിലും  ശുശ്രൂഷകളിലും ദമ്പതികളുടെ വിവാഹത്തിനായുള്ള  ഒരുക്കത്തിലും യുവജനങ്ങളുടെ രൂപവത്കരണത്തിലും  പ്രത്യേകം ശ്രദ്ധപതിക്കണമെ ന്ന് അനുസ്മരിപ്പിക്കുന്നു. ഇടവകകളുടെയും സ്ഥാപനങ്ങളുടെയും പശ്ചാത്തലത്തില്‍ അവരുടെ വിശ്വാസയാത്രയില്‍ നിങ്ങള്‍ കുടുംബങ്ങളെ ഏറെ പിന്തുണയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. പ്രത്യേകം  അവര്‍ക്കുവേണ്ടിയും ആസന്നമാകുന്ന കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന്റെ തീരുമാനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. 

    ലഭിച്ച നന്മകള്‍ക്ക് നന്ദിയുള്ളവരായും, ഇനിയുള്ള ആവശ്യങ്ങളില്‍ ആത്മവിശ്വാസം ഉള്ളവരാകുവാനും നമുക്ക് കന്യകാനാഥയിലേക്ക്  തിരിയാം. അവിടുത്തെ തിരുക്കുമാരന്റെ കുരിശിന്റെ ശക്തിയാല്‍  ലോകത്ത് സന്തോഷവും  പ്രത്യാശയും ശക്തിയും പകരുന്ന സാക്ഷ്യം വഹിക്കുന്നതിന് അമേരിക്കയിലെ സഭയുടെ വളര്‍ച്ചയിലും പ്രവാചകവീക്ഷണത്തോടെയുള്ള മുന്നേറ്റത്തിലും പരിശുദ്ധ അമ്മയുടെ സ്‌നേഹം മാദ്ധ്യസ്ഥമാവട്ടെ! 
    
''ഞാന്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം, ദയവായി നിങ്ങള്‍ എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുമല്ലോ'' എന്ന അഭ്യര്‍ത്ഥനയോടെയാണ് പാപ്പാ വചനപ്രഘോഷണം ഉപസംഹരിച്ചത്