പരിശുദ്ധ അമ്മ ജന്മപാപരഹിതമായി പുത്രനെ ഗര്‍ഭം ധരിച്ചതിന്റെ ഓര്‍മ്മത്തിരു നാള്‍വേളയില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഓര്‍മ്മത്തിരുനാളിനെ ഈ വാക്കു കളില്‍ ഒതുക്കിചേര്‍ക്കാമെന്ന് പാപ്പാ പറയുന്നു: ''എല്ലാം ദൈവകൃപയാകുന്നു. എല്ലാം ദൈവം നമുക്ക് ദാനമായി നല്‍കിയിട്ടുളളതാണ്. എന്തുകൊണ്ടെന്നാല്‍ അവിടുത്തെ സ്‌നേഹം നമുക്കുളളതാണ്.''

    ''ദൈവദൂതനായ ഗബ്രിയേല്‍, മേരിയെ 'ദൈവകൃപ നിറഞ്ഞവളേ' എന്നാണ് സംബോധന ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ ജന്മപാപം ഇല്ലാത്തവളായിരുന്നു പരിശുദ്ധ അമ്മ. ദൈവമായ പിതാവ് തന്റെ പുത്രനെ ഗര്‍ഭം ധരിക്കാന്‍ മേരിയെ തിരഞ്ഞെടുത്തു.''പാപ്പാ വിശദീകരിക്കുന്നു.'നിന്റെ ഹിതംപോലെ എന്നില്‍ സംഭവി ക്കട്ടെ' എന്നാണ് മേരി ദൂതന്റെ വാക്കിന് ഉത്തരം നല്‍കിയത്. നമ്മളും ഇതുപോലെ ദൈവഹിതം ശ്രദ്ധയോടെ ശ്രവിച്ച് അവിടുത്തെ ആഗ്രഹത്തെ സ്വാഗതം ചെയ്യണം'' പാപ്പാ പറഞ്ഞു. 

''പരിശുദ്ധ അമ്മ ഉത്തരം പറഞ്ഞത് നിഷ്‌ക്രിയമായിട്ടല്ല. പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും തന്റെ രക്തവും മാംസവും അവിടുത്തെ പുത്രന് പിറക്കാനായി ഒരുക്കുകയും ചെയ്തു. ഇതുവഴി ദൈവകൃപ സ്വീകരിക്കുകയും വിശ്വാസത്താല്‍ അത് കാത്തുസൂക്ഷിക്കുകയുമാണ് മറിയം ചെയ്തത്.'' ദൈവകൃപയെ മറിയം സ്വീകരിച്ചതു പോലെ സ്വീകരിക്കാന്‍ പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.