യേശുവിന്റെ മുറിപ്പാടുകളില്‍ കരുണയാണ് തെളിയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തോമാശ്ലീഹായെപ്പോലെ യേശുവിന്റെ മുറിപ്പാടുകളില്‍ സ്പര്‍ശിച്ച് മന:പരിവര്‍ത്തനം നടത്തണമെന്ന് മാര്‍പാപ്പ ജനങ്ങളോട് ആഹ്വാനംചെയ്തു. സ്വന്തം മുറിപ്പാടുകള്‍ കാണിച്ചുതന്ന് നമ്മുടെ അവിശ്വാസം നീക്കി ദൈവകരുണയുടെ രഹസ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനാണ് യേശു നമ്മെ ക്ഷണിക്കുന്നത് ''മാര്‍പാപ്പ പറഞ്ഞു.'' മനുഷ്യരുടെ തിന്മ ലോകത്തില്‍ വലിയ ഗര്‍ത്തമാണ് സൃഷ്ടിക്കുന്നത്. സ്‌നേഹവും കരുണയുമില്ലാത്ത വലിയ ഗര്‍ത്തം. ദൈവസ്‌നേഹത്തിനു മാത്രമേ തിന്മ സൃഷ്ടിക്കുന്ന വലിയ വിടവ് നികത്താന്‍ സാധിക്കൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപത്തിന്റെ അടിമത്ത്വത്തില്‍ നിന്നും മോചനംതേടി ജീവന്റെ സമാധാനത്തിലേക്ക് പ്രവേശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. കുരിശില്‍ മരിച്ച് ഉയിര്‍ത്ത യേശുക്രിസ്തുവാകണം വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ദൈവകരുണയുടെ തിരുനാള്‍ ഈസ്റ്റര്‍ മാസത്തിലെ രണ്ടാം ഞായര്‍ ആഘോഷിക്കണമെന്ന കല്പന പുറപ്പെടുവിച്ചത്.