കൈയ്യിലൊരു കത്തുമായി ചുവന്ന ഉടുപ്പിട്ട ഒരു കൊച്ചുപെണ്‍കുട്ടി വാഷിങ്ടണ്‍ ഡിസിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വാഹനം വരുന്നതും കാത്തു രാവിലെ മുതല്‍ നില്‍പ്പുണ്ടായിരുന്നു. സോഫി  ക്രൂസ് എന്നായിരുന്നു ആ അഞ്ചുവയസ്സുകാരിയുടെ പേര്. 

    ഫാക്ടറി ജോലിക്കാരനായ ഒരു മെക്‌സിക്കന്‍ കുടിയേറ്റക്കാരന്റെ  മകള്‍. കുടിയേറ്റക്കാരെ തുരത്തിയോടിക്കാന്‍ വെമ്പുന്ന യു.എസ് മനോഭാവത്തെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കണമെന്നെഴുതിയ കുട്ടിത്തമുള്ളൊരു കത്ത് മാര്‍പാപ്പയ്ക്കു കൊടുക്കാനാണ് അവളവിടെ നിന്നത്.  വാഹനം കണ്ടതും, മാര്‍പാപ്പയെ ലക്ഷ്യമാക്കി ആത്മവിശ്വാസത്തോടെ അവള്‍ ആഞ്ഞുനടന്നു. അതുകണ്ട്, മാര്‍പാപ്പ തന്റെ അംഗരക്ഷകരോടു പറഞ്ഞു. ആ കുഞ്ഞിനെ  ഇങ്ങോട്ടു കയറ്റിവിടൂ! 

    മാര്‍പാപ്പയുടെ അരികിലെത്തിയതും അവള്‍ ആ കത്തു കൈമാറി. എന്റെ മനസ്സുനിറയെ സങ്കടമാണ്, പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരായ എന്റെ മാതാപിതാക്കള്‍ക്കു നിയമത്തിന്റെ അംഗീകാരമില്ലല്ലോ! അവരെ എന്നില്‍നിന്നു പറിച്ചെടുക്കാന്‍ സമ്മതിക്കരുതേ! കുഞ്ഞുസോഫി ആ കത്തിലെഴുതിയിരുന്നു. ലൊസാഞ്ചല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെക്‌സിക്കന്‍ കുടിയേറ്റസംഘടനയുടെ ഭാഗമായാണ് അവളും കുടുംബവും മാര്‍പാപ്പയെ കാണാന്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയത്.