കരുണയുളളവരാകാന്‍ ആദ്യം നമ്മള്‍ ക്ഷമിക്കണം. ക്ഷമിക്കുമ്പോഴാണ് നമ്മുടെ ഹൃദയവും ഈ ലോകംതന്നെയും സമാധാനത്താല്‍ നിറയുന്നത്. തിങ്കളാഴ്ച രാവിലെ സാന്താമാര്‍ത്തായിലെ പ്രസംഗത്തില്‍ പാപ്പാ പറഞ്ഞു. 

    ''സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുളളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുളളവരായിരിക്കുവിന്‍'' എന്ന വചനത്തെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പായുടെ പ്രസംഗം. കരുണ എന്നത് നമുക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ല. കാരണം, നമ്മള്‍ വിധിക്കുന്ന സ്വഭാവക്കാരാണ്. കരുണയുളളവരാകാന്‍ രണ്ട് മനോഭാവങ്ങള്‍ നമുക്ക് ആവശ്യമാണ്. ഒന്ന് അവനവനെക്കുറിച്ചുളള അറിവ്. എന്നുവച്ചാല്‍ നമ്മള്‍ ഒത്തിരി തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നമ്മള്‍ പാപികളാണ് എന്നും ഉളള തിരിച്ചറിവ്. നമ്മള്‍ ആരെയും കൊന്നിട്ടില്ല എന്നതു ശരിയാണ്. പക്ഷേ ഓരോ ദിവസവും എത്രയോ ചെറിയ ചെറിയ തെറ്റുകള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. അത് നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ട ഒരു ചിന്തയുണ്ട്. എന്റെ ഹൃദയം എത്ര ചെറുതാണ്. ഞാന്‍ ദൈവത്തിനെതിരായി തെറ്റു ചെയ്തുപോയല്ലോ. ദൈവമുമ്പില്‍ നില്‍ക്കുമ്പോള്‍ ഈ ചിന്തയുളളവന്‍ ലജ്ജിതനാകും. ഇവിടെ ദൈവത്തിന്റെ കൃപ പ്രവര്‍ത്തിക്കും; ഇവിടെയേ പ്രവര്‍ത്തിക്കൂ. സാധാരണ നമ്മുടെ പാപങ്ങള്‍ക്ക് നമ്മള്‍ മറ്റുളളവരെ കുറ്റം പറയും. ആദവും ഹവ്വയും കാരണമാണ് ഇങ്ങനെയായത് എന്നൊക്കെ. ശരിയായിരിക്കാം. മറ്റുളളവര്‍ തെറ്റിലേയ്ക്ക് നമ്മെ നയിച്ചേക്കാം. പക്ഷേ പാപം ചെയ്തത് ഞാനാണ്. നമ്മള്‍ ഇങ്ങനെ ചിന്തിച്ചാല്‍ എത്രമാത്രം നന്മയുണ്ടാകും. എളിമ നിറഞ്ഞ ഇത്തരം മനോഭാവത്തിലൂടെയോ നമ്മള്‍ അനുതപിക്കുകയുളളൂ. അതിലൂടെയേ കരുണയുളളവരാകൂ. ദൈവത്തിന്റെ കരുണ സ്വീകരിക്കുന്നവരാകൂ.'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ ചൊല്ലുന്നതുപോലെ,''ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളോട് ക്ഷമിക്കണമേ. അല്ലെങ്കില്‍ ഈ ഗെയിമില്‍ നിന്ന് നമ്മള്‍ പുറത്താകും.''

    കരുണയുളളവരാകാനുളള രണ്ടാമത്തെ മനോഭാവം നമ്മള്‍ വിശാലഹൃദയമുളളവരായി മാറുക എന്നതാണ്. നമ്മുടെ ഹൃദയം വിശാലമാകണം. വിധിക്കാന്‍ ഞാന്‍ ആരാണ്? കാരണം ഞാന്‍തന്നെ ഒരു പാപിയാണ്. പിന്നെ വിധിക്കാന്‍ എനിക്കെങ്ങനെ സാധിക്കും. കുറ്റം പറയാന്‍, ദൂഷ്യം പറഞ്ഞു പരത്താന്‍ ഞാന്‍ ആരാണ്? അപരന്‍ ചെയ്യുന്ന തെറ്റ് ആവര്‍ത്തിക്കാന്‍ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ ഞാന്‍ ആരാണ്? ഹൃദയം വളരട്ടെ. 'വിധിക്കരുത് എന്നാല്‍ നിങ്ങളും വിധിക്കപ്പെടുകയില്ല' എന്നാണല്ലോ ക്രിസ്തു പറഞ്ഞിരിക്കുന്നത്. ''കൊടുക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും. ക്ഷമിക്കുവിന്‍, നിങ്ങളോടും ക്ഷമിക്കപ്പെടും.'' ഇതാണ് ഹൃദയവിശാലത. ഇങ്ങനെയൊക്കെ ചെയ്താല്‍ നിനക്കെന്ത് കിട്ടും. ''അമര്‍ത്തി കുലുക്കി നിറച്ചളന്ന് ദൈവം നിന്റെ മടിയില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കും.'' ഗോതമ്പ് ശേഖരിക്കാന്‍ പോകുന്ന ഒരാള്‍, തന്റെ സഞ്ചിയില്‍ കൂടുതല്‍ കൂടുതല്‍ സ്വീകരിച്ച് സഞ്ചി വലുതാക്കുന്നത് ഓര്‍മ്മിക്കുക. നിനക്ക് വിശാലഹൃദയമുണ്ടെങ്കില്‍  കൂടുതല്‍ സ്വീകരിക്കാനാകും. 

    കരുണ നിറഞ്ഞ ഹൃദയം ഒന്നിനേയും വിധിക്കില്ല. മറിച്ച് എല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്യും. കാരണം ദൈവം എന്റെ പാപങ്ങള്‍ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നതാണല്ലോ. പാപ്പാ തുടര്‍ന്നു. ''ഹൃദയം വിശാലമാക്കുവിന്‍. നിങ്ങള്‍ കരുണയുളളവരായിരിക്കുന്നത് എത്ര മനോഹരമാണ്. കരുണയുളളവര്‍ക്ക് വിശാലഹൃദയം ഉണ്ടായിരിക്കും. അവര്‍ മറ്റുളളവരോട് ക്ഷമിക്കുകയും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുകയും ചെയ്യും. ഈ രീതിയിലാണ് നമ്മള്‍ കരുണ അന്വേഷിക്കേണ്ടത്. 

    നമ്മള്‍ എല്ലാവരും, എല്ലാ വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും ഈ ഒരു മനോഭാവം ഉളളവരാണെങ്കില്‍ ഈ ലോകത്തില്‍ എത്രമാത്രം സമാധാനം ഉണ്ടാകുമാ യിരുന്നു. നമ്മുടെ ഹൃദയത്തില്‍ എത്രമാത്രം സമാധാനം ഉണ്ടാകുമായിരുന്നു. കാരണം കരുണ സമാധാനം സൃഷ്ടിക്കുന്നു. എപ്പോഴും ഓര്‍മ്മിക്കുക പാപ്പാ പറഞ്ഞു നിര്‍ത്തി.''വിധിക്കാനായി ഞാന്‍ ആരാണ്. സ്വന്തം തെറ്റുകള്‍ മാത്രം ഓര്‍മ്മിക്കുക.'' ഹൃദയം വലുതാക്കുക. ദൈവം നമുക്ക് അവന്റെ കൃപ നല്‍കട്ടെ.''