വത്തിക്കാന്‍ സിറ്റി: റൊമാനിയയില്‍ നിന്നുള്ള ഒരു ലേഡിഡോക്ടര്‍ സഭാപിതാക്കന്മാരെ അമ്പരപ്പിച്ച് സിനഡില്‍ വളരെ പ്രസക്തമായ ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈംഗികതയെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ഡോ. ആംങ്ക മരിയ സെര്‍ണേയ നടത്തി യ പ്രഭാഷണം ഫ്രാന്‍സിസ് പാപ്പയെപ്പോലും ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. സഭാനേതൃത്വത്തിന് പലയിടത്തും ലക്ഷ്യം തെറ്റുന്നതിനെക്കുറിച്ചും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ സഭ ഊര്‍ജ്ജം നശിപ്പിക്കുന്നതിനെക്കുറിച്ചും ഡോ. ആംങ്ക വാചാലയായി. ആധുനികലോകം നേരിടുന്ന യഥാര്‍ത്ഥപ്രശ്‌നം സമ്പത്തിക അസമത്വമോ കാലാവസ്ഥ വ്യതിയാനമോ അല്ലെന്നും, പാപത്തിന്റെ അതിപ്രസരമാണെന്നും സഭാപിതാക്കന്മാരെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഡോ. ആംങ്ക. എത്ര ചര്‍ച്ച ചെയ്താലും, എന്തിനെക്കുറിച്ചൊക്കെ പഠിച്ചാലും മനുഷ്യവംശം നേരിടുന്ന അടിസ്ഥാനപ്രശ്‌നം മാറ്റിനിര്‍ത്തപ്പെടരുത്-പാപം. അതിനെ അതിജിവിക്കാനായാല്‍ മറ്റുള്ള സകല സാമൂഹിക, സാമ്പത്തിക പരാധീനതകളും ദൈവകൃപയാല്‍ അതിജീവിക്കപ്പെടാവുന്നതേയുള്ളൂ. റൊമാനിയയിലെ ബുച്ചാറെസ്റ്റില്‍ നിന്നുള്ള കാത്തലിക് ഡോക്‌ടേഴ്‌സ് ആസോസിയേഷന്‍ പ്രസിഡന്റുകൂടിയാണ് ആംങ്ക. കാച്ചിക്കുറുക്കിയ ആ വാക്കുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാതറിന്‍ ഓഫ് സിയന്ന സഭയെ തിരുത്തുവാനായി നല്‍കിയ നിര്‍ദേശങ്ങള്‍പോലെ ശക്തമായിരുന്നു എന്നതും ശ്രദ്ധേയമായി. കാലാവസ്ഥാവ്യതിയാനം, സാമ്പത്തിക അസമത്വം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളാണോ സഭ അധികമായി ചര്‍ച്ച ചെയ്യേണ്ടത്? അതോ മനുഷ്യരെ നരകത്തിലെത്തിക്കുകയും പിശാചിന് അടിമകളാക്കുകയും ചെയ്യുന്ന ആധുനികലോകത്തിലെ പാപത്തെക്കുറിച്ചും അതില്‍നിന്ന് മോചനം നേടാനുള്ള വഴികളെക്കുറിച്ചുമോ? പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം അവസാനിക്കണം എന്ന വാദം സഭയില്‍ ഇക്കാലത്ത് ശക്തമായിരിക്കുന്നെന്നും, അതേസമയം പാപം വര്‍ജ്ജിക്കപ്പെടണം, ആത്മാക്കളുടെ രക്ഷയ്ക്ക് പ്രഥമപരിഗണന നല്‍കണം തുടങ്ങിയ വിഷയങ്ങള്‍ പിന്തള്ളപ്പെടുന്നു എന്ന ആകുലതയും ഡോ. ആംങ്ക അവതരിപ്പിച്ചു. അവിടെയും ഇവിടെയും തൊടാതെ കാര്യങ്ങള്‍ പറയുന്നതിന് പകരം സ്വവര്‍ഗ്ഗാനുരാഗം, സാധുവായ വിവാഹങ്ങളുടെ മോചനം തുടങ്ങിയ പാപങ്ങളെ 'മാരകപാപം' എന്നു ആവര്‍ത്തിച്ചു തന്നെ വിളിക്കാന്‍ സഭാനേതൃത്വം മടിക്കുന്നതെന്തിന്? 

പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം:
പരിശുദ്ധ പിതാവേ, സിനഡ് പിതാക്കന്മാരേ, സഹോദരീ സഹോദരന്മാരേ, ബുച്ചാറെസ്റ്റിലെ കാത്തലിക് ഡോക്‌ടേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. റൊമാനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ അംഗമാണു ഞാന്‍. ഒരു ക്രിസ്തീയ രാഷ്ട്രീയനേതാവായിരുന്നു എന്റെ അച്ഛന്‍. കമ്മ്യൂണിസ്റ്റുകാര്‍ 17 വര്‍ഷം അദ്ദേഹത്തെ തടവിലാക്കി. എന്റെ അമ്മയുമായി വിവാഹനിശ്ചയം ചെയ്തിരിക്കെയായിരുന്നു അറസ്റ്റും തടവും. അതുകൊണ്ട് അവരുടെ വിവാഹം 17 വര്‍ഷം കഴിഞ്ഞാണ് നടന്നത്. എന്റെ അച്ഛന്‍ ജീവനോടെ ഉണ്ടോ എന്നുപോലുമറിയാതെ 17 വര്‍ഷം അമ്മ കാത്തിരുന്നു. അവര്‍ രണ്ടുപേരും അത്ഭുതകരമായ ശക്തിയും ബലവുമാണ് ദൈവത്തോടുള്ള വിശ്വസ്തതയിലും പരസ്പരം നടത്തിയ വിവാഹവാഗ്ദാനത്തിലും പ്രകടമാക്കിയത്. അവരുടെ അനുഭവം എനിക്കു മനസ്സിലാക്കിത്തന്ന ഒരു കാര്യമുണ്ട്. ദൈവത്തിന്റെ കൃപയ്ക്ക് അതിഭയങ്കരമായ സാമൂഹിക ക്രൂരതകളെയും ദാരിദ്ര്യത്തെയും അതിജീവിക്കാനുള്ള കരുത്തുണ്ട്. കത്തോലിക്കാ ഡോക്ടര്‍മാരെന്ന നിലയില്‍ ജീവനെയും കുടുംബത്തെയും സംരക്ഷിക്കുവാന്‍ തയ്യാറാകുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് മനസ്സിലാകും, ഞങ്ങള്‍ ആത്മീയപോരാട്ടത്തിലാണ്.
കുടുംബങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണങ്ങള്‍ ഒരിക്കലും ദാരിദ്ര്യമോ, ഉപഭോഗസംസ്‌കാരമോ അല്ല. ലൈംഗികവും സാംസ്‌കാരികവുമായി ഇന്ന് നടത്തപ്പെടുന്ന വിപ്ലവത്തിന്റെ പ്രധാനകാരണം ആശയപരമാണ്. ഫാത്തിമായില്‍ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ റഷ്യയുടെ തെറ്റുകള്‍ ലോകം മുഴുവന്‍ വ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യം അതു വെളിപ്പെട്ടത് ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ രൂപത്തിലാണ്, ലക്ഷക്കണക്കിന് വ്യക്തികളെ കൊന്നുകൊണ്ടായിരുന്നു ആ വിപ്ലവം. ഇന്ന് ഇത് നടക്കുന്നത് സാംസ്‌കാരിക മാര്‍ക്‌സിസത്തിലൂടെയാണ്. ലെനിന്റെ ലൈംഗികവിപ്ലവത്തിന് ഗ്രാംഷിയിലൂടെയും ഫ്രാങ്ക്ഫര്‍ട് സ്‌കൂളിലൂടെയും തുടര്‍ച്ചയുണ്ടായി. ഇന്ന് ജെന്‍ഡര്‍ ഐഡിയോളജിയിലും സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങളിലും അതു വന്നെത്തി നില്‍ക്കുന്നു. ക്ലാസിക്കല്‍ മാര്‍ക്‌സിസം അക്രമത്തിലൂടെ സമ്പത്ത് കൈക്കലാക്കി സമൂഹത്തെ സമത്വത്തിലേക്ക് നയിക്കാമെന്ന് വ്യാമോഹിക്കുന്നു. ഈ വിപ്ലവം ഇന്ന് ആഴത്തിലേക്ക് കടന്നിരിക്കുന്നു. സമൂഹത്തെ പുനര്‍നിര്‍വ്വചിക്കുന്ന ആ തത്വം മാറി കുടുംബത്തെയും, ലൈംഗിക വേര്‍തിരിവിനെയും, മനുഷ്യസ്വഭാവത്തെയും പുനര്‍നിര്‍വ്വചിക്കുന്ന പ്രക്രിയയിലേക്ക് കടന്നിരിക്കുന്നു. ഈ ആശയം വിളിക്കപ്പെടുന്നത് പുരോഗമനവാദം എന്നാണ്. എന്നാല്‍, അത് പണ്ട് ആ പഴയ സര്‍പ്പം വച്ചുനീട്ടിയ പ്രലോഭനത്തില്‍നിന്നും വ്യത്യസ്തമല്ല; മനുഷ്യന് നിയന്ത്രണം ഏറ്റെടുക്കുവാനും, ദൈവത്തെ ഉപേക്ഷിക്കാനും, ഈ ലോകത്തില്‍തന്നെ രക്ഷ ക്രമീകരിക്കുവാനും പ്രലോഭിപ്പിക്കുന്ന ആശയം. മാതാത്മകസ്വഭാവത്തെത്തന്നെ തെറ്റിദ്ധരിപ്പിച്ചു കാട്ടുന്നു ഇത്. ആജ്ഞേയവാദമാണത്. അതു തിരിച്ചറിയുകയും അജഗണങ്ങളെ ഈ അപകടത്തെക്കുറിച്ച് ജാഗരൂകരാക്കുകയും ചെയ്യുക എന്നത് ഇടയന്മാരുടെ ദൗത്യമാണ്.
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും (മത്തായി 6:33). സഭയുടെ ദൗത്യം ആത്മാക്കളെ രക്ഷിക്കുക എന്നതാണ്. ഈ ലോകത്തില്‍ തിന്മ വരുന്നത് പാപത്തില്‍നിന്നാണ്. അത് സമ്പത്തിക അസമത്വത്തില്‍നിന്നോ, കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നോ അല്ല. പ്രതിവിധി ഇതാണ്; സുവിശേഷവത്ക്കരണം, മാനസാന്തരം വര്‍ധിച്ചുവരുന്ന ഗവണ്‍മെന്റ് നിയന്ത്രണമല്ല വേണ്ടത്. ലോകഭരണസംവിധാനമല്ല പ്രഘോഷിക്കപ്പെടേണ്ടത്. സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ വക്താക്കള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് അതാണ്. ജനസംഖ്യാനിയന്ത്രണത്തിലൂടെയും, ഗര്‍ഭനിരോധനത്തിലൂടെയും, സ്വവര്‍ഗ്ഗാവകാശങ്ങളിലൂടെയും, ജെന്‍ഡര്‍ വിദ്യാഭ്യാസത്തിലൂടെയും അതു പുറത്തുവരുന്നു. ഇന്ന് ലോകത്തിനാവശ്യം സ്വാതന്ത്ര്യത്തെ ഇനിയും നിയന്ത്രിക്കുന്ന ഘടകങ്ങളല്ല; യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ്. പാപത്തില്‍നിന്നുള്ള മോചനം, രക്ഷ. സോവിയറ്റ് ഭരണകാലത്ത് തങ്ങളുടെ സഭ അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ 12 മെത്രാന്മാരില്‍ ആരും പരിശുദ്ധ സിംഹാസനത്താടുള്ള അവരുടെ ബന്ധം വിച്ഛേദിച്ചില്ല. പിതാക്കന്മാരുടെ ഉറച്ചമനസ്സ് തടവറകളെയും ഭീകരതയെയും അതിജീവിച്ചു. സമൂഹത്തോട് ഒരിക്കലും ലോകത്തെ പിന്‍ചെല്ലരുതെന്ന് നിര്‍ദേശിക്കുവാന്‍ അവര്‍ തയ്യാറായി. കമ്മ്യൂണിസ്റ്റ് ചിന്താഗതിയെ നിരാകരിക്കുവാന്‍ അവര്‍ ഉദ്‌ബോധിപ്പിച്ചു.
ലോകത്തോട് റോം ഇങ്ങനെ പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.''നിങ്ങളുടെ പാപങ്ങളെക്കുറിച്ച് മനസ്തപിക്കുക; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നതിനാല്‍ ദൈവത്തിലേക്ക് തിരിയുക.'' നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍ (അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:19). സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോസ് 1:15) ഈ സിനഡിനുവേണ്ടി ഞങ്ങളും കത്തോലിക്കാ അത്മായസമൂഹവും ഓര്‍ത്തഡോക്‌സ് സഭയും പ്രാര്‍ത്ഥിക്കുന്നു. കത്തോലിക്കാസഭ ലോകാരൂപിക്ക് സ്വയം നിന്നുകൊടുത്താല്‍, മറ്റു ക്രിസ്ത്യാനികള്‍ക്ക് അതു പ്രതിരോധിക്കുക എളുപ്പമാവില്ല. പാപങ്ങളെ 'പാപം' എന്നുതന്നെ ആവര്‍ത്തിച്ചു വിളിക്കാന്‍ തയ്യാറാകേണ്ടതല്ലേ?