വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ചേര്‍ന്ന പൊതു സദസില്‍ സംസാരിക്കവെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുളള പുതിയ പ്രബോധന പരമ്പര തുടങ്ങുന്നതായി മാര്‍പാപ്പ പ്രഖ്യാപിച്ചു. ദാരിദ്ര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് പാപ്പ ആരംഭിച്ചത്. വന്‍കിട നഗരങ്ങളുടെ പുറംചേരികളില്‍ പാര്‍ക്കുന്ന പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ചും തൊഴിലില്ലായ്മ മൂലവും യുദ്ധാനന്തരകെടുതികളാലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുളള നമ്മുടെ മനോഭാവം തുറവിയുടേതായിരിക്കണമെന്നും ദാരിദ്ര്യം വര്‍ദ്ധിച്ചുവരുന്നതില്‍ നാം ലജ്ജിക്കണമെന്നും പാപ്പ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് വളരെ സ്തുത്യര്‍ഹമാണെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. ഇത്തരം ഭവനങ്ങള്‍ സമൂഹത്തെ സംസ്‌കാരശൂന്യതയില്‍ നിന്ന് രക്ഷിക്കുന്നു. ഇവരുടെ മുമ്പില്‍ നാം മുട്ടുമടക്കേണ്ടിയിരിക്കുന്നു എന്നും പാപ്പ പറഞ്ഞു.
        വ്യക്തികേന്ദ്രീകൃതമായ ജീവിതശൈലിയെയും ഉപഭോഗ സംസ്‌കാരത്തെയും പാപ്പ തന്റെ പ്രബോധന വേളയില്‍ നിശിതമായി വിമര്‍ശിച്ചു. ഇന്നത്തെ സമൂഹവ്യവസ്ഥിതി സ്വാര്‍ത്ഥത നിറഞ്ഞ വ്യക്തിമാഹാത്മ്യവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുടുംബത്തിന്റെ ശൈലിക്കു വിപരീതമാണ്. കുടുംബത്തില്‍ എല്ലാം പങ്കുവയ്ക്കപ്പെടുന്നു. അവിടെ വ്യക്തികള്‍ പരസ്പരം ത്യാഗമനുഷ്ഠിക്കുകയും ദുര്‍ബലര്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തിഗതമായ ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല എന്നും പാപ്പ പറഞ്ഞു. ക്ഷേമ ആസൂത്രകര്‍ ബന്ധങ്ങളേയും പാരമ്പര്യത്തെയും കുടുംബത്തെയും രണ്ടാം തരമായി കണക്കാക്കുന്നു. അവര്‍ ഒന്നും തിരിച്ചറിയുന്നില്ല. ധാര്‍മ്മിക നിയമങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് ദാരിദ്ര്യത്തില്‍ നിന്നും ഗവണ്‍മെന്റ് ഭവനങ്ങളെ സംരക്ഷിക്കണം. സഭ ഇക്കാര്യത്തില്‍ മാതൃകയായിത്തീരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
        സഭ അമ്മയാണ്. മക്കള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങള്‍ മറന്നുകൂടാ. അതുപോലെ തന്നെ അവരുടെ ക്ലേശങ്ങളോട് ഫലപ്രദമായി പ്രതികരിക്കണമെങ്കില്‍ അവളും ദരിദ്രയായിരിക്കണം പാപ്പ ചൂണ്ടിക്കാട്ടി. പൊതുസദസ്സിന്റെ ഉപസംഹാരവേളയില്‍ പരിശുദ്ധപിതാവ് അടുത്തിടെ ചൈനയില്‍ നടന്ന കപ്പലപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടുളള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നാനൂറിലധികം യാത്രക്കാരുമായി സഞ്ചരിച്ച 'ഈസ്റ്റേണ്‍ സ്റ്റാര്‍' എന്ന കപ്പല്‍ തിങ്കളാഴ്ച പ്രക്ഷുബ്ധമായ കാലവസ്ഥയില്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. അപകടത്തിനിരയായവര്‍ക്കും കുടുംബങ്ങള്‍ക്കും പാപ്പ തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു.