റോം. ദൈവത്തിന്റെ കരുണയുടെ ശക്തി കുടുംബങ്ങളില്‍ പ്രകടമാകണമെന്നു കത്തോലിക്കാ സഭയുടെ സിനഡ്. 'അനുദിനജീവിതത്തില്‍ പ്രാര്‍ത്ഥനയും പരിസ്ഥിതി കാര്യങ്ങളില്‍ താല്‍പര്യവും സ്‌നേഹത്തില്‍ പങ്കുവയ്ക്കലും നടത്തി സാക്ഷ്യംവഹിക്കുവാനാണു കുടുംബങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വിവാഹമെന്ന ക്രിസ്തീയകൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണം. താല്‍ക്കാലികതയുടെ സംസ്‌കാരത്തെ ചെറുക്കേണ്ടതു വിവാഹമെന്ന കൂദാശയുടെ സൗന്ദര്യം ഉയര്‍ത്തിപ്പിടിച്ചാണ്. ക്രിസ്തീയസമൂഹം പ്രത്യേകമായ ശ്രദ്ധയോടെ കുടുംബജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും അനുഗമിക്കണം'-സിനഡ് അഭിപ്രായപ്പെട്ടു. 
ബുധനാഴ്ച നടന്ന പൊതുചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലും റോമിലും അടുത്തകാലത്തുണ്ടായ പിഴവുകള്‍ക്കു മാപ്പുചോദിച്ചു. പിഴവുകള്‍മൂലം ലോകത്തിനു ദുരിതം എന്ന സുവിശേഷഭാഗം വ്യാഖ്യാനിക്കുന്നതിനു മുന്‍പാണു മാര്‍പാപ്പ മാപ്പു ചോദിച്ചത്.
ഇന്നലെ സിനഡിന്റെ പത്തും പതിനൊന്നും പൊതുസമ്മേളനങ്ങാണ് നടന്നത്. ഇന്നു പന്ത്രണ്ടാം പൊതുസമ്മേളനത്തില്‍ കത്തോലിക്കേതര ക്രിസ്തീയ സഭകളുടെ പ്രതിനിധികള്‍ പ്രസംഗിക്കും. വൈകിട്ടു നാലരയ്ക്കു പതിമൂന്നാം പൊതുസമ്മേളനത്തില്‍ ബിഷപ്പുമാരല്ലാത്ത സിനഡ് പ്രതിനിധികള്‍ പ്രസംഗിക്കും. സിനഡ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നാളെ രാവിലെ ഒന്‍പതര മുതല്‍ പന്ത്രണ്ടര വരെ പോള്‍ ആറാമന്‍ ഹാളില്‍ നടക്കും. നാലരമുതല്‍ ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ പത്താം സമ്മേളനം നടക്കും.