സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് റോമില്‍നിന്നുളള ഇരുപത് യുവതീയുവാക്കള്‍ ഫ്രാന്‍സീസ്പാപ്പായുടെ സാന്നിദ്ധ്യത്തില്‍ വിവാഹിതരായി. വിശുദ്ധകുരിശിന്റെ മഹത്വ വത്ക്കരണത്തിന്റെ ഓര്‍മ്മത്തിരുനാളും ഈയവസരത്തില്‍ ആഘോഷിച്ചു. 
വിവാഹമെന്നത് സാങ്കല്‍പികമായ ഒന്നല്ല. ക്രിസ്തുവിന്റെ സ്‌നേഹം പരിപാലിക്ക പ്പെടുന്നത് ദമ്പതികളിലൂടെയാണ് എന്നീ വാക്കുകളാണ് വിവാഹത്തെക്കുറിച്ചുളള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ പാപ്പാ ഉപയോഗിച്ചത്. 
വിവാഹജീവിതത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ക്ലേശങ്ങളില്‍ അക്ഷമനാ യിരിക്കുന്ന കുടുംബത്തിനോടും ഭര്‍ത്താക്കന്‍മാരോടും ഫ്രാന്‍സിസ് പാപ്പാ പറയുന്നത് ഇപ്രകാരമാണ്. ഈ യാത്രയുടെ കഷ്ടപ്പാടുകള്‍ ആന്തരികമായ ആലസ്യത്തിനും വിവാഹജീവിതത്തിന്റെ നല്ല അന്തരീക്ഷം നഷ്ടമാകുന്നതിനും കാരണമാകുന്നു. ഇതുവഴി വിശുദ്ധ കുര്‍ബാനയിലൂടെ ലഭിക്കുന്ന ജീവജലം ഇല്ലാതാകുന്നു. ദൈനംദിന ജീവിതം മടുപ്പുളളതാകുന്നു. ദമ്പതികള്‍ പ്രത്യാശയില്ലായ്മ, അവിശ്വാസം, ദുര്‍ബലത, കയ്യൊഴിയല്‍ എന്നീ വികാരങ്ങള്‍ക്കു കീഴടങ്ങുന്നു. എന്നാല്‍ ക്രിസ്തുവിന്റെ സ്‌നേഹം ദമ്പതികളെ ജീവിതത്തില്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ പ്രാപ്തരാക്കുന്നു. ഓരോ സ്ത്രീയും പുരുഷനും ഒരുമിച്ചായിരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും പൂര്‍ണ്ണമായ ഒരു സ്ത്രീയായിരിക്കാന്‍ തന്റെ ഭാര്യയെ പുരുഷന്‍ സഹായിക്കുകയും എപ്പോഴും പൂര്‍ണ്ണമായ ഒരു പുരുഷനായിരിക്കാന്‍ തന്റെ ഭര്‍ത്താവിനെ സ്ത്രീ സഹായിക്കുകയും ചെയ്യുന്നു. 
വിവാഹം എന്നത് നിബന്ധനകളില്‍ അധിഷ്ഠിതമായ ഒരു യാത്രയാണെന്നും അത് സങ്കല്‍പ്പമല്ലെന്നും ഫ്രാന്‍സിസ്പാപ്പാ ഉറപ്പിച്ചു പറയുന്നു. സഭയുടെയും ക്രിസ്തുവി ന്റെയും സ്‌നേഹത്തിന്റെ വിശുദ്ധബലിയാണ് വിവാഹമെന്നും, ഈ സ്‌നേഹത്തിന്റെ തെളിവും പൂര്‍ത്തീകരണവും കുരിശില്‍ നമുക്ക് കാണാന്‍ സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. പരസ്പരമുളള അഭിപ്രായവ്യത്യാസങ്ങള്‍ അന്നത്തെ ദിവസംതന്നെ പറഞ്ഞവസാനിപ്പിക്കണമെന്ന ഉപദേശം നല്‍കിയാണ് പാപ്പാ ദിവ്യബലി അവസാനി പ്പിച്ചത്.