കുട്ടികളുടെ കിടപ്പുമുറികളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കരുതെന്ന് ഫ്രാന്‍സിസ്പാപ്പാ മാതാപിതാക്കളോട് പറഞ്ഞു. ഫ്രാന്‍സിസ്പാപ്പായുടെ സര്‍ജീവയിലെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമുളള മടക്കയാത്രയ്ക്കിടെയാണ് കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ ആത്മാവില്‍ ഏല്‍പ്പിക്കാവുന്ന മുറിവുകളെക്കുറിച്ച് പാപ്പാ പറഞ്ഞത്. 
''കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അവ നമ്മെ അടിമപ്പെടുത്തുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഫോണിന് അടിമപ്പെട്ട് പരിസരം മറന്നു പോകുന്ന കുട്ടികളെക്കുറിച്ച് പാപ്പായ്ക്ക് ലഭിക്കാറുളള മാതാപിതാക്കളുടെ പരാതികളെക്കുറിച്ചും പാപ്പാ പറഞ്ഞു. ''കുടുംബത്തോടൊപ്പം ഭക്ഷണത്തിന് ഇരിക്കുമ്പോഴും കുട്ടികളുടെ കൈയ്യില്‍ സ്മാര്‍ട്ട് ഫോണാണ്'' അദ്ദേഹം പറഞ്ഞു. 
കുട്ടികള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ജാഗ്രതയോടെ നോക്കിക്കാണണമെന്ന് പാപ്പാ പറഞ്ഞു. ഇന്റര്‍നെറ്റിലെ എല്ലാകാര്യങ്ങളും നല്ലതല്ല. മൂല്യ ങ്ങള്‍ ഇല്ലാത്ത, ലൈംഗീകചിന്തകളെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഉപഭോഗസംസ്‌കാരമാണ് സമൂഹത്തിലെ ക്യാന്‍സര്‍ എന്നദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ച് അടുത്ത ചാക്രിയലേഖനത്തില്‍ പ്രതിപാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
'കമ്പ്യൂട്ടറിനു മുന്‍പില്‍ ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ബോധ്യമുണ്ടാവണം കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും കലയില്‍നിന്നും അകറ്റുന്ന കമ്പ്യൂട്ടറുകള്‍ കുട്ടികളില്‍ മാനസികവൈകല്യം സൃഷ്ടിക്കുന്നു.'പാപ്പാ ടെലിവിഷന്‍ കാണാതിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദശകങ്ങളായി. 
കിടപ്പുമുറികളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കാത്ത മാതാപിതാക്കളെ അഭിനന്ദിച്ചും മറ്റു മാതാപിതാക്കളോട് ഇക്കൂട്ടരെ കണ്ടുപഠിക്കണമെന്നും പറഞ്ഞ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.