ജൂലൈ 12-ാം തീയതി ഞായറാഴ്ച പ്രാദേശികസമയം വൈകുന്നേരം 5 മണിക്ക് പരാഗ്വേ സന്ദര്‍ശനമദ്ധ്യേ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് അവര്‍ക്ക് ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്‌ബോധിപ്പിച്ചത്.

സ്വാതന്ത്ര്യം ദൈവദാനമാണെന്നും അത് ജീവിതത്തില്‍ അനുഭവഭേദ്യമാക്കാന്‍ കഴിയണമെന്നും പാപ്പാ ആഹ്വാനംചെയ്തു. ''നിങ്ങളുടെ ഹൃദയം നിര്‍മ്മലമായിരിക്കട്ടെ.'' മയക്കുമരുന്നും ചുഷണങ്ങളും നിരാശയും ഒരുവന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും, ലോകത്തിന്റെ കെണികള്‍ക്കും വഞ്ചനകള്‍ക്കും സുഖലോലുപതയ്ക്കും അടിമപ്പെടാത്ത ഒരു സ്വതന്ത്രമനസ്സിനായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ യുവജനങ്ങളോട് ആഹ്വാനംചെയ്തു.

പരാഗ്വേയിലെ യുവജനങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നൃത്തവും സംഗീതവും കൂടിയുള്ള മള്‍ട്ടി മീഡിയ പ്രദര്‍ശനത്തിലൂടെ ചിത്രീകരിച്ചു. വി.മത്തായിയുടെ സുവിശേഷം 5-ാം അദ്ധ്യായം 1-12 വരെയുള്ള-ക്രിസ്തു പഠിപ്പിച്ച അഷ്ഠഭാഗ്യങ്ങളെ-ആധാരമാക്കി പാപ്പാ വചനപ്രഘോഷണവും നടത്തി.

വ്യക്തിഗതപ്രതിസന്ധികളില്‍നിന്നും കുടുംബപ്രശ്‌നങ്ങളില്‍നിന്നും മോചിതരായി സമൂഹത്തില്‍ യുവജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ലിസ് ഫ്രെട് എന്ന 25 വയസ്സുകാരിയുടെ സാക്ഷ്യമായിരുന്നു ആദ്യം. രണ്ടാമതായി മയക്കുമരുന്നിന്റെ പിടിയില്‍നിന്നും മോചിതനായ കാമ്പസിനോ മാനുവല്‍, 18 വയസ്സ്, പഴയ ജീവിതവഴികള്‍വിട്ട് യുവജന പ്രസ്ഥാനത്തില്‍ നന്മയുടെ പ്രയോക്താവായതിന്റെയും, എല്ലാറ്റിനും കരുത്തുള്ള ദൈവത്തെ കണ്ടെത്തിയതിന്റെയും സാക്ഷ്യം അവതരിപ്പിച്ചു. ഈ രണ്ട് യുവാക്കളുടെ ജീവിതസാക്ഷ്യം ശ്രവിച്ചതിന്റെ വെളിച്ചത്തില്‍ പതിവുപോലെ തയ്യാറാക്കിയിരുന്ന സന്ദേശത്തില്‍ നിന്ന് വ്യത്യസ്തമായൊരു സന്ദേശം പാപ്പാ അവര്‍ക്കു നല്കി. യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും തമ്മില്‍ അഗാധമായ ബന്ധമുണ്ടാകണമെന്നും, അതു രണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ദൈവികസ്വാതന്ത്രമുള്ള ഹൃദയം ആവശ്യമാണെന്നും പാപ്പാ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു..