നിര്‍ദ്ദേശങ്ങളും വാഗ്ദാനങ്ങളും

ദു:ഖവെള്ളിയാഴ്ച മുതല്‍ ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ആദ്യ ഞായര്‍ വരെ ഈ നൊവേന നടത്തുക. ഈ ഒമ്പതു ദിവസങ്ങളില്‍ എല്ലാ ആത്മാക്കളേയും എന്റെ കരുണയുടെ അരുവിയിലേക്ക് നീ നയിക്കണം. ഇതില്‍ നിന്നും ജീവിത പരീക്ഷണ ഘട്ടങ്ങളിലും പ്രത്യേകിച്ച് മരണ സമയത്ത് അവര്‍ക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും ആവോളം അവര്‍ നേടിയെടുക്കട്ടെ. ഓരോ ദിവസവും ഓരോ തരത്തിലുള്ള ആത്മാക്കളെ നീ കൂട്ടിക്കൊണ്ട് വരികയും എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുകയും ചെയ്യുക.

ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദു:ഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. (ഓരോ ദിവസത്തെ നൊവേന പ്രാര്‍ത്ഥനയോടൊപ്പം ഒരു കരുണയുടെ ജപമാലയും തുടര്‍ന്ന് ദൈവകാരുണ്യത്തിന്റെ ലുത്തീനിയായും ചൊല്ലേണ്ടതാണ്)

 

ഒന്നാം ദിനം
(നിയോഗം എല്ലാ പാപികളുടേയും മാനസാന്തരത്തിനായും അവരുടെ മേല്‍ ദൈവത്തിന്റെ കരുണ നിറയുന്നതിനായും പ്രാര്‍ത്ഥിക്കുക) 

നിത്യപിതാവേ! ഏറ്റവും കരുണയുള്ള അങ്ങയുടെ ഹൃദയത്തില്‍ എല്ലാ പാപികളേയും നിത്യമായി അങ്ങേ അനന്ത കരുണയില്‍ സ്വീകരിക്കണമേ. ഏറ്റവും കരുണയുള്ള ഈശോയെ! ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ നോക്കരുതേ, അനന്ത നന്മയായ അങ്ങില്‍ ഞങ്ങള്‍ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുള്ള ഹൃദയത്തില്‍ ഞങ്ങളെ സ്വീകരിക്കണമേ. അങ്ങില്‍ നിന്ന് ഒരിക്കലും വിട്ടുനില്‍ക്കാന്‍ ഇടയാക്കല്ലേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും അങ്ങയെ ഒന്നിപ്പിക്കുന്ന സ്‌നേഹം ഞങ്ങള്‍ യാചിക്കുന്നു. കര്‍ത്താവീശോമിശിഹായുടെ കാരുണ്യത്തിന്റെ സര്‍വ്വശക്തിയെ എപ്പോഴും എന്നേക്കും പുകഴ്ത്തട്ടെ ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല ....
ദൈവകരുണ്യത്തിന്റെ ലുത്തീനിയാ.... 

 

രണ്ടാംദിനം
(നിയോഗം: വൈദികരും സന്യസ്തരും കൂടുതല്‍ വിശുദ്ധീകരിക്കപ്പെടാനും അങ്ങനെ ദൈവത്തിന്റെ കരുണ അവരിലൂടെ മനുഷ്യസമൂഹത്തിനു മുഴുവന്‍ ലഭ്യമാകുവാനും വേണ്ടി പ്രാര്‍ത്ഥിക്കുക) 

ഏറ്റവും കരുണയുള്ള ഈശോയേ! എല്ലാ നന്മകളുടെയും ഉറവിടമേ! അങ്ങയുടെ പ്രസാദവരങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ. നിത്യനായ പിതാവേ! കരുണാര്‍ദ്രമായ അങ്ങയുടെ കണ്ണുകള്‍ അങ്ങയുടെ മുന്തിരിത്തോപ്പിലെ തെരഞ്ഞെടുക്കപ്പെട്ട വേലക്കാരായ സന്യസ്തരുടെയും വൈദികരുടെയും നേര്‍ക്ക് തിരിക്കണമേ. അങ്ങയുടെ അനുഗ്രഹങ്ങള്‍കൊണ്ട് അവരെ ആഭരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരന്റെ തിരുഹൃദയത്തോടുള്ള സ്‌നേഹത്താല്‍ മുദ്രയിടപ്പെട്ടിരിക്കുന്ന അവര്‍ക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവര്‍ മറ്റുള്ളവരേയും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനും ഏകസ്വരത്തില്‍ അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപുകഴ്ത്തുന്നതിനും ഇടയാകട്ടെ ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ.  

കരുണയുടെ ജപമാല ...
ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ... 

 

മൂന്നാം ദിനം
(നിയോഗം: ഭക്തിയും തീക്ഷ്ണതയും വിശ്വസ്തതയുമുള്ള ദൈവവിശ്വാസികള്‍ക്ക് ദൈവത്തിന്റ കരുണ സമൃദ്ധമായി ലഭിക്കുന്നതിനും ആതമീയശക്തി ജ്വലിക്കക്കന്തിനും വണ്ടി പ്രാര്‍ത്ഥിക്കുക) 

ഏറ്റവും കരുണയുള്ള ഈശോയെ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തില്‍ നിന്നും ഞങ്ങള്‍ക്കെല്ലാവര്‍ക്കും സമൃദ്ധമായ അളവില്‍ പ്രസാദവരങ്ങള്‍ വര്‍ഷിക്കണമേ. സഹതാപ നിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് അഭയം നല്‍കണമേ. അവിടെനിന്ന് അകന്നുപോകുവാന്‍ ഞങ്ങളെ അനുവദിക്കരുതേ. സ്വര്‍ഗസ്ഥനായ പിതാവിനോടുളള സ്‌നഹത്താല്‍ അതിതീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരുന്ന അങ്ങയുടെ ഹൃദയത്തെപ്രതി ഈ അനുഗ്രഹം ഞങ്ങള്‍ അങ്ങയോട് യാചിക്കുന്നു. നിത്യനായ പിതാവേ, വിശ്വാസികളുടെ ആത്മാക്കളുടെ മേല്‍ കരുണാര്‍ദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവര്‍ ഞങ്ങളുടെ പുത്രന്റെ അനന്തരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിന പീഡകളെപ്രതി അങ്ങയുടെ അനുഗ്രഹങ്ങള്‍ അവരില്‍ ചൊരിയണമേ. അങ്ങയുടെ നിരന്തമായ സംരക്ഷണം അവരോടുകൂടെ ഉണ്ടായിരിക്കണമേ. അങ്ങനെ അവര്‍ അങ്ങയോടുള്ള സ്‌നേഹത്തില്‍ പരാജയപ്പെടാതിരിക്കട്ടെ. അങ്ങയിലുള്ള പരിശുദ്ധമായ വിശ്വാസത്താല്‍ അവര്‍ ഉറച്ചുനില്‍ക്കട്ടെ. സ്വര്‍ഗ്ഗത്തിലുള്ള എല്ലാ മാലാഖമാരോടും വിശുദ്ധന്മാരോടുമൊപ്പം അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്വപ്പെടുത്തുന്നതിന് അവര്‍ക്കിടയാകട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല 
ദൈവകാരുണ്യതതിന്റെ ലുത്തീനിയാ 

 

നാലാം ദിനം 
(നിയോഗം: അവിശ്വാസികളും യേശുവിനെ അറിയാത്തവരും ദൈവത്തിന്റെ കരുണയില്‍ നിറയപ്പെട്ട് ദൈവസന്നിധിയില്‍ പ്രവേശിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക) 

ഏറ്റവും സഹതാപാര്‍ദ്രനായ എന്റെ ഈശോയെ! അങ്ങാകുന്നു ലോകം മുഴുവന്റെയും വെളിച്ചം, ദയാ നിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ അവിശ്വാസികളുടേയും അങ്ങേ അറിയാത്തവരുടേയും ആത്മാക്കളെ സ്വീകരിക്കണമേ. അങ്ങയുടെ കൃപാകിരണങ്ങള്‍ അവരെ പ്രകാശിപപിക്കുകയും അങ്ങനെ മഹനീയമായ അങ്ങയുടെ കരുണയെ അവര്‍ വാഴ്ത്തുവാനിടയാവുകയും ചെയ്യട്ടെ. കരുണാസമ്പന്നമായ അങ്ങയുടെ ഹൃദയത്തില്‍ നിന്ന് അകന്നുപോകാന്‍ അവരെ അനുവദിക്കരുതേ. നിത്യനായ പിതാവേ! അങ്ങയില്‍ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരും ആണെങ്കിലും ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തില്‍ സ്ഥാനം ലഭിച്ചിരിക്കുന്ന ആത്മാക്കളുടെ മേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലക്ക് അവരെ ആനയിക്കണമേ. അങ്ങയെ സ്‌നഹിക്കുക എത്ര ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കള്‍ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാന്‍ ഇവര്‍ക്കും വരമേകണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല...
ദൈവകാരുണ്യത്തിന്റെ ലുത്തീനിയാ... 

 

അഞ്ചാംദിനം 
(നിയോഗം: സത്യസഭയില്‍നിന്ന് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങള്‍ തിരിച്ചുവരുന്നതിനും ദൈവത്തിന്റെ കരുണയില്‍ നിറയപ്പെട്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുക) 

ഏറ്റവും കരുണയുള്ള ഈശോയെ! നന്മയുടെ ഉറവിടമേ അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അവിടുന്ന് നിരസിക്കുകയില്ലല്ലോ. സത്യസഭയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂര്‍ണ്ണമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നന്‍കി സഭയുടെ ഐക്യത്തിലേക്ക് അവരെ ആനയിക്കണമേ. സഹതാപ സമ്പൂര്‍ണ്ണമായ അങ്ങയുടെ ഹൃദയത്തില്‍ നിന്ന് അകന്നുപോകുവാന്‍ അവരെ അനുവദിക്കരുതേ. പകരം അവര്‍ക്കവിടെ സ്ഥാനം നല്‍കി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ. നിത്യനായ പിതാവേ! വിശ്വാസത്തില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ സഹോദരങ്ങളുടെമേല്‍ പ്രത്യേകിച്ച് അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ച് മന:പൂര്‍വ്വം തെറ്റില്‍ നിലനില്‍ക്കുന്നവരുടെ മേല്‍ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ തെറ്റുകളെ അങ്ങ് പരിഗണിക്കരുതേ. അങ്ങയുടെ പുത്രന് അവരോടുള്ള സനേഹവും അവര്‍ക്കുവേണ്ടി ഏറ്റ സഹനവും അവര്‍ക്കു ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങു പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ മഹിമയെ പാടിപുകഴ്ത്തുവാന്‍ അവരേയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല ...
ദൈവകാരുണ്യത്തിന്റെ ലുത്തീനിയാ...

 

ആറാം ദിനം
(നിയോഗം: എളിമയും ശാന്തതയും ഉളളവരുടെയും കൊച്ചുകുട്ടികളുടെയും ആത്മാക്കള്‍ക്കായും അവരുടെ മേല്‍ ദൈവത്തിന്റെ പ്രസാദവരങ്ങളും സര്‍വ്വസമ്പത്തും വര്‍ഷിക്കപ്പെടുന്നതിനായും പ്രാര്‍ത്ഥിക്കുക) 

ഏറ്റവും കരുണയുള്ള ഈശോയേ! ഞാന്‍ ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍ എന്ന് അങ്ങ തന്നെ അരുളിചെയ്തിട്ടുണ്ടല്ലോ. വിനീത ഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിര്‍ഭരമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. സ്വര്‍ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിന് മുമ്പാകെ പരിമളം പരത്താന്‍ ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവുനിറഞ്ഞ ഹൃദയം ഈ ആത്മാക്കള്‍ക്കൊരു നിത്യഗേഹമാണല്ലോ. സ്‌നേഹത്തിന്റെയും കരുണയുടെയും മധുരഗാനം ഇവര്‍ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യട്ടെ. നിത്യനായ പിതാവേ! കനിവിന്നുറവയായ ഈശോയുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെ ശാന്തതയും എളിമയുമുള്ള ആത്മാക്കളുമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിഛായകളാണവര്‍. ഭൂമിയില്‍ നിനന്നുയരുന്ന അവരുടെ സുഗന്ധം സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതവേ! സരവ്വ നന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയുടെ സ്‌നേഹത്തെ പ്രതിയും അങ്ങേക്കിവരിലുള്ള പ്രസാദത്തെ പ്രതിയും ഞാന്‍ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങ് അനുഗ്രഹിക്കണമെ. അങ്ങനെ എല്ലാ ആത്മാക്കളുമൊന്നിച്ച് അങ്ങയുടെ കരുണയുടെ സ്തുതികള്‍ പാടിപുകഴ്ത്തുവാന്‍ ഇടവരടട്ടൈ. എപ്പോഴും എന്നേക്കും ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല............
ദൈവകാരുണ്യത്തിന്റെ ലുത്തീനിയാ.... 

 

ഏഴാം ദിനം
(നിയോഗം: ദൈവത്തിന്റെ കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ദിവ്യകാരുണ്യ ഭക്തര്‍ക്കായും ഈശോയുടെ ചൈതന്യം ആഴത്തില്‍ ഗ്രഹിച്ച് സ്വന്തമാക്കി നിത്യജീവന്‍ മഹിമയോടെ പ്രവേശിക്കുന്നതിനായും പ്രാര്‍ത്ഥിക്കുക) 

ഏറ്റവും കരുണയുള്ള ഈശോയെ ! അങ്ങയുടെ ഹൃദയം സ്‌നേഹം തന്നെയാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കള്‍ക്ക് അങ്ങയുടെ ഹൃദയത്തില്‍ അഭയം നല്‍കണമേ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണീ ആത്മാക്കള്‍. ദു:ഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ച് അവര്‍ മുന്നോട്ട് പോകുന്നു. ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാക്കള്‍, മാനവ ലോകത്തെ മുഴുവന്‍ തങ്ങളുടെ മാദ്ധ്യസ്ഥം വഴിയായി തോളുകളില്‍ സംവഹിക്കുന്നു. ഈ ആത്മാക്കള്‍ കഠിനമായി വിധിക്കപ്പെടുകയില്ലല്ലോ. ഈ ജീവിതത്തില്‍ നിന്നു പിരിയുമ്പോള്‍ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കുമല്ലോ. നിത്യനായ പിതാവേ! ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളില്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണീ ആത്മാക്കള്‍. കരുണയുടെ പ്രവര്‍ത്തികളാല്‍ അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന്റെ കാരുണ്യ സ്‌തോത്രം ആലപിക്കുന്നു. അങ്ങയില്‍ അവര്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കും ശരണത്തിനും അനുസൃതമായി അവരോട് കരുണ കാണിക്കണമേയെന്ന് ഞാനങ്ങയോട് യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന വാഗ്ദാനം അവരില്‍ പൂര്‍ത്തിയാകട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല............
ദൈവകാരുണ്യത്തിന്റെ ലുത്തീനിയാ.... 

 

എട്ടാം ദിനം
(നിയോഗം: ഈശോ വളരെയധികം സ്‌നേഹിക്കുന്ന ശുദ്ധീകരണാത്മാക്കളുടെ നീറുന്ന മനസ്സുകള്‍ അവിടുത്തെ തിരുരക്തംകൊണ്ട് ആശ്വസിപ്പിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുക) 

ഏറ്റവും കരുണയുള്ള ഈശോയെ! കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നത് എന്നരുളി ചെയ്തിട്ടുണ്ടല്ലോ. ശുദ്ധീകരണ സ്ഥലത്തുള്ള എല്ലാ ആത്മാക്കളേയും അങ്ങയുടെ സഹതാപാര്‍ദ്രമായ ഹൃദയത്തില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂര്‍ത്തിയാക്കേണ്ടവരാണിവര്‍. അങ്ങയുടെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട രക്തവും ജലവും അഗ്‌നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തട്ടെ. നിത്യനായ പിതാവേ! ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തില്‍ സ്ഥാനമുള്ള ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. ഈശോ സഹിച്ച കയ്പു നിറഞ്ഞ ക്ലേശങ്ങളും ആത്മാവില്‍ നിറഞ്ഞ എല്ലാ സഹനങ്ങളെയും പ്രതി ഞാന്‍ അങ്ങയോട് യാചിക്കുന്നു. നീതി വിധിക്കു വിധേയരായിരിക്കുന്ന ആത്മാക്കളുടെ മേല്‍ അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമേ. അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല............
ദൈവകാരുണ്യത്തിന്റെ ലുത്തീനിയാ.... 

 

ഒന്‍പതാം ദിനം 
(നിയോഗം: മന്ദത ബാധിച്ച ആത്മാക്കളുടെ രക്ഷക്കായും അവര്‍ ഈശോയുടെ കരുണയില്‍ നിറയപ്പെട്ട് ആത്മാവിന്റെ വരദാനഫലങ്ങളാല്‍ പൂരിതനാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക) 

ഏറ്റവും കരുണാര്‍ദ്രനായ ഈശോയെ! അങ്ങു കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവുനിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാന്‍ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്‌നേഹാഗ്‌നി ജ്വാലയാല്‍ ഒരിക്കല്‍കൂടി എരിയിക്കണമേ. ഏറ്റവും കാരുണ്യമുള്ള ഈശോയെ അങ്ങയുടെ കാരുണ്യത്തിന്റെ മഹനീയ ശക്തി ഇവരില്‍ പ്രവര്‍ത്തിപ്പിക്കണമേ. അങ്ങയുടെ സ്‌നേഹ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കണമേ. പരിശുദ്ധമായ സനേഹത്തിന്റെ ദാനം അവരില്‍ ചൊരിയണമേ. എന്തെന്നാല്‍ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ. നിത്യനായ പിതാവേ! ഏറ്റവും ദയയുള്ള ഈശോയുടെ തിരുഹൃദയത്തില്‍ സ്ഥാനമുള്ള മന്ദത ബാധിച്ച ഈ ആത്മാക്കളുടെ മേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. കാരുണ്യത്തിന്റെ പിതാവേ! അങ്ങേ പുത്രന്റെ കയ്‌പ്പേറിയ പീഡകളെപ്രതിയും കുരിശിലെ മൂന്നു മണിക്കൂര്‍ സമയത്തെ സഹനത്തെപ്രതിയും ഞാനങ്ങയോട് യാചിക്കുന്നു. അവരും അങ്ങയുടെ അഗാധ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനിടയാകട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ. 

കരുണയുടെ ജപമാല....
ദൈവകാരുണ്യത്തിന്റെ ലുത്തീനിയാ.... 

 

കരുണയുടെ ജപമാല

പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്‍മ

വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

 

സമര്‍പ്പണപ്രാര്‍ത്ഥന
നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു. (1 പ്രാവശ്യം) 


ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവെ, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമെ.  (10 പ്രാവശ്യം)          


പരിശുദ്ധനായ ദൈവമേ,
പരിശുദ്ധനായ ബലവാനേ,
പരിശുദ്ധനായ അമര്‍ത്ഥ്യനേ,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കാരുണയായിരിക്കണമെ (3 പ്രാവശ്യം)     
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)

 

ദൈവകാരുണ്യത്തിന്റെ ലുത്തീനിയ 
കര്‍ത്താവേ അനുഗ്രഹിക്കണമേ. 
മിശിഹായേ അനുഗ്രഹിക്കണമേ. 
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗസ്ഥപിതാവായ ദൈവമേ, 
ഞങ്ങളെ അനുഗ്രഹിക്കണമേ. 
പുത്രനായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ. ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ. 
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ
ഞങ്ങളെ അനുഗ്രഹിക്കണമേ.

'ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു' എന്ന് ഏറ്റു ചൊല്ലുക 

സൃഷ്ടാവിന്റെ ഏറ്റവും വലിയ വിശേഷമായ ദൈവകാരുണ്യമേ, 
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്‌നേഹമായ ദൈവകാരുണ്യമേ, 
പരിശുദ്ധ ത്രിത്വത്തിന്റെ അഗ്രാഹ്യരഹസ്യമായ ദൈവകാരുണ്യമേ, 
അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ, 
അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ,
ഇല്ലായ്മയില്‍ നിന്ന് ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ, 
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന ദൈവകാരുണ്യമേ, 
ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ, 
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ
പാപത്തിന്റെ ദുരിതത്തില്‍ നിന്ന് ഞങ്ങളെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ, 
സൃഷ്ടിലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ,
യേശുവിന്റെ മുറിവുകളില്‍ നിന്ന് ഒഴുകുന്നദീവകാരുണ്യമേ,
യേശുവിന്റെ പരിശുദ്ധഹൃദയത്തിന്റെ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ,
കരുണയുടെ മാതാവായ കന്യകാമറിയത്തെ ഞങ്ങള്‍ക്കു തന്ന ദൈവകാരുണ്യമേ,
പരിശുദ്ധകൂദാശകളില്‍ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ,
മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി നല്‍കിയ ജ്ഞാനസ്‌നാനത്തിന്റെയും
കുമ്പസാരത്തിന്റെയും കൂദാശകളില്‍ അടങ്ങയിരിക്കുന്നദൈവകാരണ്യമേ,
വിശുദ്ധ കുര്‍ബ്ബാനയിലും പൗരോഹിത്യത്തിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ,
ക്രിസ്തീയവിശ്വാസത്തിലേക്ക് ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ,
നീതിമാന്മാരുടെ വിശുദ്ധീകരണത്തിന് പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ,
പരിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ, 
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ, 
രോഗികളുടെയും സഹിക്കുന്നവരുടെയും ആര്യഗ്യപാത്രമായ ദൈവകാരുണ്യമേ,
വേദനിക്കുന്നവരുടെ ആശ്വാസമായ പ്രതീക്ഷയായ ദൈവകാരുണ്യമേ,
നിരാശയില്‍ വേദനിക്കുന്ന ആത്മ്ക്കളുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ,
എല്ലാവരെയും എപ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ,
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ
മരിക്കുന്നവരുടെ ആശ്വാസമാകുന്ന ദൈവകാരുണ്യമേ
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമായ ദൈവകാരുണ്യമേ,
അനുഗ്രഹീതരുടെ സ്വര്‍ഗ്ഗീയ ആനന്ദമായ ദൈവകാരുണ്.മേ,
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ,
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ,
കുരിശില്‍ മരിച്ച ഞങ്ങളുടെ മേല്‍ വലിയ കരുണ കാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ,
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ
എല്ലാ വിശുദ്ധ ബലികളിലും ഞങ്ങള്‍ക്കുവേണ്ടി കരുണാപൂര്‍വ്വം സ്വയം സമര്‍പ്പിച്ചു
കൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കേണമേ
അളവില്ലാത്ത അങ്ങയുടെ കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കേണമേ.
കര്‍ത്താവേ കനിയേണമേ
മിശിഹായേ കനിയേണമേ
കര്‍ത്താവേ ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്റെ കരുണയെ ഞാനെന്നും 
പാടിപ്പുകഴ്ത്തും.

നമുക്ക് പ്രാര്‍ത്ഥിക്കാം
ദൈവമേ, അങ്ങയുടെ കരുണ അനന്തവും, അങ്ങയുടെ ദയ വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനംമടുക്കാതെ അങ്ങയുടെ തിരുമനസ്സു തന്നെയായ കാരുണ്യത്തിന് വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ യേശു ഞങ്ങള്‍ക്ക് കാരുണ്യം പകര്‍ന്നുതരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.

+++