കടബാദ്ധ്യതകള്‍ മാറുന്നതിനുവേണ്ടി പ്രാര്‍ത്ഥന

പിതാവായ ദൈവമേ ഒന്നിനും കുറവില്ലാത്തവനായ അങ്ങയുടെ പുത്രനായി എന്നെ ഏറ്റെടുത്തിരിക്കുന്നതിന് ഞാന്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു. സകലത്തിന്റെയും പരിപാലകനും സകല സമ്പത്തിന്റെയും ഉടയവനുമായ അങ്ങ് അങ്ങയുടെ ആശ്രിതരെ ഒരു കുറവുമില്ലാതെ പരിപാലിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്നാല്‍ പിതാവേ അങ്ങയുടെ ഈ മകന്റെ കുടുംബം കടബാധ്യതകളാല്‍ വലയുന്നു. എത്ര ശ്രമിച്ചിട്ടും കൊടുത്തു തീര്‍ക്കുവാന്‍ പറ്റാത്ത കടങ്ങള്‍ അടിയനെ അലട്ടുന്നു. ഓരോ കടവും തീര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍ മറ്റനേകം പുതിയ കടങ്ങള്‍ ഉണ്ടാകുന്നു. ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും അടിയനു ഇന്നുള്ള കടങ്ങള്‍ തീരുകയില്ല. യാചിക്കുവാന്‍ പോലും അടിയനു സാധിക്കുന്നില്ല. കര്‍ത്താവേ, ഈ സാഹചര്യത്തില്‍ അങ്ങയുടെ സന്നിധിയിലേക്കു എന്റെ കണ്ണുകള്‍ ഉയര്‍ത്തുന്നു. 

 

പിതാവേ അങ്ങു കനിഞ്ഞു അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമെ. അടിയന്റെ പാപകടങ്ങള്‍ ക്ഷമിക്കണമെ. കടം തന്നവരുടെ ഹൃദയങ്ങളില്‍ അടിയനോട് അലിവ് തോന്നിക്കേണമേ. അടിയന്റെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിപ്പിക്കണമെ.  അങ്ങനെ കടബാദ്ധ്യതകള്‍ തീരുമാറാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ പുത്രനായ യേശുവിന്റെ നാമത്തില്‍ ഈ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു.

തിരുവചനം

മകനേ, നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക് ആധി വേണ്ടാ. നിനക്കു ദൈവത്തോടു ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്കു വലിയ സമ്പത്തു കൈവരും (തോബിത് 4:21).

പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ, കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക, ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന് ഒരു നിമിഷം മതി (പ്രഭാഷകന്‍ 11:21).

ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം  പാലിക്കാന്‍ നീ ശ്രദ്ധിക്കണം അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും (ജോഷ്വ 1:8).

+++