മക്കള്‍ക്കുവേണ്ടി മാതാപിതാക്കളുടെ പ്രാര്‍ത്ഥന

നല്ല ദൈവമേ അങ്ങയുടെ മഹത്വമായ ദാനങ്ങളാണ് ഞങ്ങളുടെ പിയപ്പെട്ട മക്കള്‍. അവരെ ഞങ്ങള്‍ക്കു കനിഞ്ഞു നല്‍കിയതിനെ ഓര്‍ത്ത് ഞങ്ങളങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു. അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. അവര്‍ അങ്ങയുടെ ഉള്ളം കൈയ്യിലാണെന്നതാണ് ഞങ്ങളുടെ ഏറ്റം വലിയ ആശ്വാസം. പിതാവും പുത്രനും പരിശുദ്ധായത്മാവുമായ ത്രിയേക ദൈവമേ, അങ്ങയുടെ സ്‌നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും അവരെ എന്നും കാത്തുകൊള്ളണമേ. അങ്ങേയ്ക്ക് അനിഷ്ടമുള്ളതൊന്നും ചെയ്തുകൂട്ടാന്‍ അവരെ അനുദിക്കരുതേ. അവരെ എപ്പോഴും സന്തോഷമുള്ളവരും പ്രാര്‍ത്ഥനാ ചൈതന്യമുള്ളവരും എല്ലാറ്റനും അവിടത്തേക്ക് നന്ദിപറയുന്നവരുമാക്കണമേ. അങ്ങയുടെ തിരുരക്തത്തില്‍ അവരെ കഴുകി വിശുദ്ധീകരിക്കണമേ. ആ തിരുരക്തത്തില്‍ അവരെ പൊതിയണമേ. അവര്‍ക്കു ചുറ്റും തിരുരക്ത കോട്ടകെട്ടി സംരക്ഷിക്കണമേ.


വിനയത്തിലും വിശുദ്ധിയിലും സ്‌നേഹത്തിലും സത്യത്തിലും നീതിബോധത്തിലും അവരെ വളര്‍ത്തണമേ.  അവരുടെ ബുദ്ധിക്ക് പ്രാകാശവും മനസിന് ധൈര്യവും ശരീരത്തിന് ആരോഗ്യവും നല്‍കണമേ. ഞങ്ങളുടെ മക്കളില്‍ ഒരാളെയെങ്കിലും അള്‍ത്താര ശുശ്രൂഷക്കും പ്രേഷിത വേലയ്ക്കുമായി വിളിക്കണമേ. അവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കണമേ. അവര്‍ ഞങ്ങള്‍ക്ക് ആശാകേന്ദ്രവും കുടുംബത്തിന് പ്രകാശവും നാടിന് നന്മയുമായി വളര്‍ന്നു വരാന്‍ അനുഗ്രഹിക്കണമേ . അവരുടെ നല്ല പ്രവൃത്തികള്‍ കണ്ട് മറ്റു മനുഷ്യര്‍ സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തത്തക്കവിധം അവരുടെ വെളിച്ചം സകല മനുഷ്യരുടേയും മുമ്പില്‍  പ്രകാശിക്കട്ടെ. ആമേന്‍.

തിരുവചനം

രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക (വിലാപങ്ങള്‍ 2:19).

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍ (ഫിലിപ്പി 4:6).

അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്, എന്റെ കണ്ണീര്‍കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട് (സങ്കീര്‍ത്തനങ്ങള്‍ 56:8).

+++